ലോ റേഞ്ചിലെ നിരത്തുകൾ കീഴടക്കിയ കെ എസ്ആർടിസി വോൾവോ ലോ ഫ്ളോർ ബസ് ഹൈറേഞ്ചിലെ രണ്ടാംമൈലിൽ കൗതുക കാഴ്ചയാവുകയാണ്.
പുതു പുത്തൻ ലോ ഫ്ളോർ ബസിന്റെ മാതൃകയിലുള്ള വഴിയിടം വിശ്രമ കേന്ദ്രം. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി - മൂന്നാർ റോഡിൽ രണ്ടാംമൈൽ വ്യൂ പോയിന്റിലാണ് കെഎസ്ആർടിസി ലോ ഫ്ളോർ ബസ് മാതൃകയിലുള്ള കോഫീ ഷോപ്പും, ടോയ്ലറ്റ് കോംപ്ലക്സും, വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുള്ളത്.
കുടുബശ്രീയുടെ നേതൃത്വത്തിലുള്ള പിങ്ക് കഫേ, ടോയ്ലറ്റ്, സാനിറ്ററി പാഡ് ഡിസ്പോസർ എന്നി സൗകര്യങ്ങളാണ് ബസിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. തേയില തോട്ടവും, കോടമഞ്ഞും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാവുന്ന രണ്ടാംമൈൽ വ്യൂ പോയിന്റിൽ വഴിയിടം വിശ്രമകേന്ദ്രത്തിന്റെ ഭാഗമായി ഇരിപ്പിടങ്ങളും ഒരുക്കും. പ്രദേശത്തെ സൗന്ദര്യവത്കരിക്കുന്നതിനായി ഇന്റർ ലോക്ക് ടൈൽ പാകിയും, ചെറിയ പൂന്തോട്ടം, വിശ്രമകേന്ദ്രം എന്നിവയും ഉടൻ സജ്ജമാക്കും. ശുചിത്വത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയാണ് ബസ് മാതൃകയിൽ വിശ്രമ കേന്ദ്രം നിർമിച്ചിട്ടുള്ളത്.
സ്റ്റീൽ, ഗ്ലാസ്, ജിഐ ഷീറ്റ് തുടങ്ങി ബസ് നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. ഇടുക്കിയുടെ തനത് ഭക്ഷണ വിഭവങ്ങളായ കുന്പിൾ അപ്പം, ഇല അട, ചക്ക, കപ്പ വിഭവങ്ങൾക്കാകും കുടുംബശ്രീ കഫേയിൽ പ്രാധാന്യം. എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം വിശ്രമകേന്ദ്രം നിർമ്മിച്ചത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി വിശ്രമത്തിനുള്ള ഇടത്താവളവും കൗതുക കാഴ്ചയുമാകും രണ്ടാം മൈൽ വ്യൂ പോയിന്റിലെ കെഎസ്ആർടിസി ലോഫ്ളോർ ബസ്.
വിിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി രണ്ടാം മൈൽ വ്യൂ പോയിന്റിലെ ലോഫ്ലോർ ബസ്
01:34 PM Sep 09, 2021 | Deepika.com