പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ മലയാളം ഭാഷ അധ്യാപകന് ബിനു കെ. സാമാണ് ചീട്ടുകളുടെ അവതാരകന്.
അക്ഷരങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം മലയാളത്തിലെ എഴുത്തുകാരുടേതാണ്. ഇവരുടെ ലഘുചരിത്രം, തൂലികാ നാമം, പ്രധാനപ്പെട്ട കൃതികള്‍ ഇവയെല്ലാം ചേര്‍ത്തിട്ടുണ്ട്. അകരാദി ക്രമത്തില്‍ 236 പദങ്ങളുടെ പര്യായങ്ങള്‍ വ്യത്യസ്ത ചീട്ടുകളിലായുണ്ട്. 431 കടംകഥകള്, 236 ശൈലികള്‍, അവയുടെ അര്‍ഥം ഇവയെല്ലാം ചീട്ടില്‍ ദൃശ്യമാണ്.
റമ്മിയുടെ നിയമം ഉപയോഗിച്ച് വാക്കുകള്‍ ഉണ്ടാക്കി കളി ജയിക്കാം. ഇത്തരത്തില്‍ 25 ഓളം കളികള്‍ നടത്താമെന്ന് ബിനു പറയുന്നു.
മൂന്നരവര്‍ഷത്തെ ഉദ്യമത്തിനൊടുവിലാണ് ലോക്ക്ഡൗണ്‍ കാലത്ത് ബിനു കെ. സാം ചീട്ട് പുറത്തിറക്കിയത്. സുഹൃത്ത് ഡോ.ശ്രീകാന്ത്, ഭാര്യ കോട്ടയം സിഎംഎസ് കോളജ് മലയാളം വിഭാഗം അധ്യാപിക മിനി മറിയം സഖറിയ എന്നിവരുടെ നിര്‍ദേശങ്ങളും സഹായങ്ങളും ഇതിനു ലഭ്യമായി. ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ ഏറെപ്പേരെയും നേരില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. പത്തനംതിട്ട വിഷ്വല്‍ സോഫ്റ്റിലെ സീന കൃഷ്ണ സാങ്കേതിക സഹായം ചെയ്തു നല്കി. ജേര്‍ണലിസം വിദ്യാര്‍ഥിനിയായ മകള്‍ ആര്‍ച്ചയുടെ സഹായവും ഇടയ്ക്കൊക്കെ ലഭ്യമായി.
സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്റെ രാജ്യാന്തര അധ്യാപക പരിശീലകനായി ബിനു കെ. സാം പ്രവര്‍ത്തിച്ചിരുന്നു. വ്യക്തിത്വ വികസന പരിശീലനത്തില്‍ ഇതിനോടകം 10000 വേദികള്‍ പിന്നിട്ടു. മുന്‍പ് അക്ഷരക്കളി, വഴികാട്ടി എന്ന പേരില്‍ രണ്ട് കളിക്കളങ്ങള്‍ നിര്‍മിച്ചിരുന്നു. പാമ്പും കോണിയും കളിയിലൂടെ അക്ഷരം അഭ്യസിക്കാനും റോഡ് സുരക്ഷാ നിയമങ്ങള്‍ പഠിക്കാനും ഉപകരിച്ചിരുന്നവയാണ് ഇവ. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാല് ഹൃസ്വചിത്രങ്ങളും തയാറാക്കി. പത്തനംതിട്ട തേക്കുതോട് സ്വദേശിയായ ബിനു കെ.സാം ഇപ്പോള്‍ കോട്ടയത്താണ് താമസം.
-ബിജു കുര്യന്.