പ്രഗൽഭരായ അഭിഭാഷകർക്ക് എട്ടിന്റെ പണി കൊടുക്കുന്ന വിരുതന്മാരായ സാക്ഷികളെയും കോടതിമുറികളിൽ കണ്ടുമുട്ടാറുണ്ട്. അത്തരമൊരു സംഭവമാണ് മലബാറിലെ ഒരു മജിസ്ട്രേറ്റ് കോടതിയിൽ നടന്നത്.
സ്വകാര്യ ആശുപത്രിയിലെ തൂപ്പുകാർക്ക് മിനിമം വേജസ് കൊടുക്കാത്തതിനെ സംബന്ധിച്ച പരാതി ഉയർന്നു. എട്ട് മണിക്കൂറിലേറെ പണിയെടുപ്പിച്ചതിനുശേഷം മതിയായ കൂലി നൽകാത്ത മനുഷ്യത്വരഹിതമായ നടപടികൾക്കെതിരേ പാവം സ്ത്രീകൾക്ക് പരാതി കൊടുക്കാൻതന്നെ ഭയമാണ്, ജോലി പോകും. ആശുപത്രിയുടെ ഈ തൊഴിലാളി ദ്രോഹത്തെപ്പറ്റി ഒരു സായാഹ്നപത്രത്തിൽ വന്ന വാർത്ത മാനനഷ്ടക്കേസിന് കാരണമായി.
സ്ഥലത്തെ പ്രധാന ദിവ്യനും പ്രമുഖ ക്രിമിനൽവക്കീലും രാഷ്ട്രീയനേതാവുമായ പരമേശ്വരൻ നമ്പ്യാരാണ് ആശുപത്രിക്കു വേണ്ടി പരാതി സമർപ്പിച്ചതും കോടതിയിൽ ഹാജരായതും. ആശുപത്രിയുടെ ഉടമസ്ഥത വഹിക്കുന്ന സഹകരണസംഘത്തിന്റെ തലവനും നമ്പ്യാർവക്കീൽ തന്നെ.
വാർത്ത പേരുവച്ച് നൽകിയ റിപ്പോർട്ടറാണ് കേസിലെ ഒന്നാംപ്രതി. റിപ്പോർട്ടറെ കോടതിയിലെ കൂട്ടിൽ കയറ്റി നിർത്തി ക്രോസ് വിസ്താരം നടത്തുകയാണ് പരമേശ്വരൻ നമ്പ്യാർ വക്കീൽ.
റിപ്പോർട്ടർ പണ്ട് വക്കീൽ ഗുമസ്തനാ യിരുന്നുവെന്നും അന്ന് പണാപഹരണക്കേസിൽ പ്രതിയായതുൾപ്പെടെയുള്ള ആരോപണങ്ങളിൽനിന്നു തുടങ്ങി തൊലിയുരിഞ്ഞു പോകുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കോടതിയിൽ കത്തിക്കയറുകയാണ് നമ്പ്യാർവക്കീൽ.
വക്കീൽ: "ഈ വാർത്ത നിങ്ങളാണോ കൊടുത്തത്?'
റിപ്പോർട്ടർ : "അതെ.. '
വക്കീൽ : "ശരിയാണെന്ന് അന്വേഷിച്ചു ബോധ്യപ്പെട്ട തിനുശേഷമാണോ നിങ്ങൾ വാർത്ത കൊടുത്തത് ?'
റിപ്പോർട്ടർ:"അതെ.'
വക്കീൽ: "ആരോടാണ് നിങ്ങൾ അന്വേഷിച്ചത്?'
റിപ്പോർട്ടർ:"ആശുപത്രിയിലെ ജോലിക്കാരോട് അന്വേഷിച്ചു.'
വക്കീൽ: "അവർ എന്താണ് പറഞ്ഞത്?'
റിപ്പോർട്ടർ: "ധാരാളം പണി ചെയ്തിട്ടും അതിനുള്ള കൂലി കിട്ടുന്നില്ല എന്നും മറ്റുചില കാര്യങ്ങളും അവർ എന്നോട് പറഞ്ഞു.'
വക്കീൽ: "എന്താണീ മറ്റുചില കാര്യങ്ങൾ?'
റിപ്പോർട്ടർ: "അതിവിടെ പറയാൻ പറ്റില്ല സാർ.'
വക്കീൽ: "എന്തുകൊണ്ട് പറയാൻ പറ്റില്ല? ഇക്കാര്യം നിങ്ങൾ ഇവിടെ പറഞ്ഞേ പറ്റൂ ... ഇത് കോടതിയാണ്.'
റിപ്പോർട്ടർ: "എന്നോട് ക്ഷമിക്കണം സാർ...അതുപറയാൻ എന്നെ നിർബന്ധിക്കരുത്...'
വക്കീൽ: "യുവർ ഓണർ, ഇയാൾ കോടതിയെ ധിക്കരിക്കുകയാണ്.. '
റിപ്പോർട്ടർ: "ശരി.. എങ്കിൽ ഞാൻ പറയാം. കണ്ണൂർ ജില്ലയിലെ പയ്യാമ്പലംഎന്ന സ്ഥലത്ത് പരമേശ്വരൻ നമ്പ്യാർ എന്നൊരു വക്കീലുണ്ട്. ആശുപത്രിയിലെ ജോലിക്കുശേഷം അദ്ദേഹത്തിന്റെ വീട്ടിലെ അടുക്കളയിലും ഇവരാണ് പണിയെടുക്കുന്നത്. അതിനും കൂലി കിട്ടുന്നില്ല എന്നാണ് അവർ പറഞ്ഞത്!'
നർമ്മവിസ്താരം:-
അഡ്വ. ഡി.ബി. ബിനു
മറ്റു ചില കാര്യങ്ങൾ..!
03:33 AM Sep 27, 2020 | Deepika.com