സംസ്കാരത്തിനു തടസം നിൽക്കുന്നതു
സംസ്കാരമല്ലെന്നു പൊതുസംസാരം
സംസ്കരിക്കാനുള്ള സംസ്കാരമെങ്കിലും
കാണിക്കെന്നു പറയാനാകാതെ പാവം ശവം!
ഇതു നിങ്ങളുടെ ""ഡെഡ്ബോഡി''യെന്നു
ഒരു കൂട്ടർ, അല്ല ഞങ്ങളുടേതെന്നു ചിലർ
ഇതു തന്റേതെന്നു ശപഥം ചെയ്തു ശവം!
കുഴിച്ചിടാം എന്നും കത്തിക്കാം എന്നും ജനം
കുത്തിനിർത്താമെന്നു കുത്തിത്തിരിപ്പുകാരും
ശവത്തിൽ കുത്തല്ലേയെന്നു വീണ്ടും ശവം!
എന്തൊരു മരണസംസ്കാരമിതെന്നു ചിലർ
ഇനിയിവിടെ മരിക്കാനില്ല ഞാനെന്നു ശവവും
സാംസ്കാരികനായകരാരും കുരച്ചില്ലപോലും
മരിച്ചവർ മരിച്ചവരെ സംസ്കരിക്കട്ടെയെന്നു
പറഞ്ഞു പിന്നെയെല്ലാരും ഒഴിഞ്ഞുപോയി
സംസ്കാരത്തകർച്ചയോർത്തു കരഞ്ഞു ശവം!
സംസ്കാരം
03:34 AM Aug 09, 2020 | Deepika.com