സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ കോടതി മുറികളിലെ അന്തരീക്ഷം തികച്ചും വിരസവും മനംമടുപ്പിക്കുന്നതുമാണ്. അതിനാൽ അവിടെ സ്വമേധയാ കടന്നുവരാൻ പൊതുവേ ആരും ഇഷ്ടപ്പെടുന്നുമില്ല. എന്നാൽ നർമ്മബോധവും സർഗാത്മകതയും തുളുമ്പുന്ന നിരവധി ഉജ്വല മുഹൂർത്തങ്ങൾ നമ്മുടെ കോടതി മുറികളെ സജീവമാക്കാറുണ്ട്.
അരസികൻമാരേക്കാൾ കൂടുതൽ പ്രതിഭാധനരും നർമ്മബോധവുമുള്ള ജഡ്ജിമാരും അഭിഭാഷകരും നമുക്കുണ്ട്. അതിലൊരാളാണ് ജി. രാമസ്വാമി എന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ . അദ്ദേഹം ഇന്ത്യയുടെ അറ്റോർണി ജനറലും ആയിരുന്നു രണ്ടു വർഷം .
ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നതിൽ രാമസ്വാമി മുമ്പനാണ്. അദ്ദേഹം അറ്റോണി ജനറൽ ആയിരിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ ഈ രംഗം ഉണ്ടായത്.
പരിസ്ഥിതി സംരക്ഷണത്തിൽ ശക്തവും നിരന്തരവുമായ ഇടപെടലിലൂടെ ജുഡീഷ്യൽ ആക്ടിവിസത്തിന് പുതിയ മുഖം നൽകിയ ജസ്റ്റീസ് കുൽദീപ് സിങ്ങാണ് ആ ബഞ്ചിന് നേതൃത്വം നൽകുന്നത്. "ഗ്രീൻ ജഡ്ജ് " എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഒരു കേസിൽ രാമസ്വാമിയുടെ നിലപാടിൽ പ്രകോപിതനായ ജസ്റ്റീസ് കുൽദീപ് സിങ് രാമസ്വാമിയോട് ഇങ്ങനെ ചോദിച്ചു:
"ഞങ്ങൾ വിഡ്ഢികളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"
രാമസ്വാമി ഇങ്ങനെ തിരിച്ചടിച്ചു:
"മിലോർഡ്,..
ഞാനിപ്പോൾ വലിയ വിഷമസന്ധിയിലാണ് 'അതെ' എന്നുത്തരം പറഞ്ഞാൽ കോടതിയലക്ഷ്യത്തിന് ഞാൻ ശിക്ഷിക്കപ്പെടും "അല്ല " എന്നു പറഞ്ഞാൽ കോടതിയിൽ കളവു പറഞ്ഞതിന് എനിക്കെതിരെ നടപടി ഉണ്ടാകും!"
ഇതുകേട്ട് ജഡ്ജിമാരും ചിരിച്ചുപോയി.
ഡി.ബി. ബിനു
മിലോർഡ്.., ഞാനിപ്പോൾ വിഷമസന്ധിയിലാണ്!
05:03 AM Jul 26, 2020 | Deepika.com