വീട്ടിലെ സാഹചര്യം അനുസരിച്ച് ഓരോ വിദ്യാർഥിക്കും ഓരോ രീതിയിലായിരിക്കും ഈ അവധിക്കാലം അനുഭവപ്പെടുന്നത്. കുടുംബാംഗങ്ങൾ കൂടുതലുള്ള വീട്ടിൽ നല്ല അനുഭവമായിരിക്കും. നല്ല അയൽപക്കബന്ധവും അയലത്ത് കൂട്ടുകാരും സഹപാഠികളുമുണ്ടെങ്കിൽ നല്ല രസമായിരിക്കും. അല്ലെങ്കിൽ പരമബോറായിരിക്കും. എനിക്കിവിടെ സന്തോഷമാണ്. അയൽവീടുകളിലെല്ലാം വിളിച്ചാൽ കേൾക്കുന്ന ദൂരത്തിൽ സഹോദരങ്ങളും കൂട്ടുകാരും ഉണ്ട്. പിന്നെ, സ്കൂളുണ്ടായിരുന്നെങ്കിൽ ക്ലാസിൽ അടിപൊളിയാക്കാമായിരുന്നു.
ടീച്ചർമാരെ നേരിട്ടുകാണാതെയുള്ള ക്ലാസ് ഒട്ടും ഫലപ്രദമല്ല. ക്ലാസിലാണെങ്കിൽ അപ്പോൾത്തന്നെ ടീച്ചറിനോടു ചോദിക്കാം. അതിനു മടിയുള്ളവർക്ക് അടുത്തിരിക്കുന്ന കൂട്ടുകാരോടു ചോദിക്കാം. പക്ഷേ, ഓൺലൈനിൽ ടീച്ചർ ഓണാണെങ്കിലും പലപ്പോഴും വിദ്യാർഥികൾ ഓഫായിരിക്കും. തുടക്കത്തിൽത്തന്നെ മനസിലായാലല്ലേ, പിന്നീടുള്ളവ മനസിലാകൂ. ഓരോരുത്തരും സംശയംചോദിച്ചാൽ, ടീച്ചർമാർ വല്ലാതെ ബുദ്ധിമുട്ടും. എന്നാൽ, ഭൂരിഭാഗം കൂട്ടുകാരും ടീച്ചർമാരോട് ചോദിക്കാറില്ല. ഇതെല്ലാം പല കുട്ടികളേയും മാനസിക സമ്മർദത്തിലാക്കുന്നുണ്ട്. കൊറോണ വേഗം തീരട്ടെ. സ്കൂൾ ഉടനെ തുറക്കട്ടെ എന്ന ഒറ്റ പ്രാർഥനയേയുള്ളൂ.
ജസ്റ്റിനിയൻ സി. ജസ്റ്റസ്
സെന്റ് തോമസ് എച്ച്എസ്എസ്, തങ്കമണി
ഒറ്റ പ്രാർഥന, സ്കൂൾ വേഗം തുറക്കട്ടെ!
04:46 AM Jul 26, 2020 | Deepika.com