ഈ ചക്കപ്പായസത്തിന് എന്തൊരു ടേസ്റ്റ്!

02:28 AM Jul 12, 2020 | Deepika.com
സണ്‍ഡേ ദീപികയുടെ പാചകവാചക പംക്തിയിലേക്ക് ഏവർക്കുംസ്വാഗതം. ഇന്ന് ചക്കപ്പായസമാണ് നിങ്ങൾക്കായി വിളന്പുന്നത്. നമുക്ക് അതൊന്നു ഉണ്ടാക്കിനോക്കാം.
ആദ്യം പഴുത്ത ചക്കച്ചുള വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചുവയ്ക്കുക. അരക്കപ്പ് ചൗവരി കുതിർത്ത് വേവിച്ചുവയ്ക്കണം. ശർക്കര വെള്ളത്തിലലിയിച്ച് അരിച്ചെടുക്കണേ... അല്പം നെയ്യിൽ കിസ്മിസും അണ്ടിപ്പരിപ്പും വറുത്തെടുക്കണം.

ഉരുളിയിൽ ശർക്കര കലക്കിയതൊഴിച്ച് അതിൽ ചക്കച്ചുള അരച്ചതും രണ്ടാംപാലും ചേർത്ത് വേവിച്ചെടുക്കണം. പാകമാകുന്പോൾ ചൗവരി വേവിച്ചതും നെയ്യും ചേർത്തിളക്കിക്കോളൂ.
അതു കുറുകുന്പോൾ, ഒന്നാംപാൽ ചേർത്ത് വാങ്ങിവയ്ക്കാം. അതിലേക്ക് ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ ഓരോ ടീസ്പൂണ്‍ പൊടികൾ ചേർത്ത് നന്നായി ഇളക്കണം. കാച്ചിവച്ച പാലും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ഇതാ, സൂപ്പർ ചക്കപ്പായസം. ഇനി മതിവരുവോളം കഴിച്ചോളൂ.

ചേരുവകൾ
നന്നായി വിളഞ്ഞ ചക്കച്ചുള 100 ഗ്രാം
ശർക്കര 2 കപ്പ്
തേങ്ങ ഒന്നാംപാൽ - 2 കപ്പ്
തേങ്ങയുടെ രണ്ടാംപാൽ - 4 കപ്പ്
ചൗവരി - അരകപ്പ്
പാൽ - 1 ലിറ്റർ
കിസ്മിസ്, അണ്ടിപ്പരിപ്പ് - 25 ഗ്രാംവീതം
നെയ്യ് - 2 ടേബിൾ സ്പൂണ്‍