916 വർഷം ക്രിസ്ത്യൻ ദേവാലയമായിരുന്നതും പിന്നീട് മ്യൂസിയമാക്കിയതുമായ ഇസ്താംബൂളിലെ ഹഗിയ സോഫിയ മോസ്ക് ആക്കാൻ നടത്തുന്ന ഭരണകൂട നീക്കം അന്തിമഘട്ടത്തിലേക്ക്
ഹാഗിയ സോഫിയ, ഒരിക്കൽ ക്രിസ്ത്യൻ പള്ളിയായിരുന്ന മ്യൂസിയം മോസ്ക് ആക്കാൻ തുർക്കി ഭരണാധികാരികൾ നീക്കം തുടങ്ങിയിട്ട് കുറച്ചുകാലമായി. ക്രൈസ്തവ ദേവാലയത്തിന്റെ ഗൃഹാതുരത്വങ്ങളുമായി നിലകൊള്ളുന്ന മ്യൂസിയം ഇനി എത്രനാൾ കാഴ്ചക്കാർക്കായി തുറന്നുകൊടുക്കുമെന്നറിയില്ല.
മതത്തിന്റെ പേരിൽ വോട്ടുതേടാനും അസഹിഷ്ണുതയിൽ തുടരാനും തീരുമാനിച്ചിട്ടുള്ളവർക്ക് അതൊന്നും പ്രശ്നമേയല്ല. മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമായിരുന്നു ഈ വിശ്വപ്രസിദ്ധ നിർമിതിയെന്നതും അവരെ അലോസരപ്പെടുത്തുന്നില്ല. പക്ഷേ, മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന ലോകം മനോവിഷമത്തോടെ അതു ചർച്ച ചെയ്യുകയാണ്.
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ലോകോത്തര ശിൽപമാതൃകയായ ആറാം നൂറ്റാണ്ടിലെ ഈ പള്ളി നിലവിൽ മ്യൂസിയമാണ്. 916 വർഷം ക്രിസ്ത്യൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ, ഉസ്മാനിയ ചക്രവർത്തി സുൽത്താൻ മുഹമ്മദ് രണ്ടാമൻ ഇസ്താംബൂൾ (കോൺസ്റ്റാന്റിനോപ്പിൾ) കീഴടക്കിയതിന് ശേഷം 1453ൽ മസ്ജിദാക്കിയിരുന്നു. 1935-ൽ കമാൽ അത്താതുർക്ക് ഭരണകൂടമാണ് ഹാഗിയ സോഫിയ മ്യൂസിയമാക്കിയത്.
ഇപ്പോഴത്തെ പ്രസിഡന്റ് റജീബ് ത്വയിബ് എർദോഗൻ ഇതൊരു മോസ്കാക്കി മാറ്റിയേക്കാം എന്ന പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് .തുർക്കിയുടെ ഏറ്റവും വലിയ പട്ടണമായ ഇസ്താംബൂളിലാണ് നാലാം നൂറ്റാണ്ടിലെ ഈ ചരിത്ര നിർമിതി. ബൈസന്റൈൻ വാസ്തുശില്പകലയുടെ എക്കാലത്തെയും ഉദാത്ത നിർമിതികളിലൊന്നാണ് ഹാഗിയ സോഫിയ.
എ.ഡി 360 -ൽ പണികഴിപ്പിച്ച ഈ നിർമിതി 1453 വരെ ഓർത്തഡോക്സ് ചർച്ചിന്റെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് തുർക്കി കീഴടക്കിയ ഓട്ടോമൻ സാമ്രാജ്യം ഇതിനെ മസ്ജിദാക്കി മാറ്റി.പുരാതന കോൺസ്റ്റാന്റിനോപ്പിളിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഈ ചരിത്രനിർമിതി. കോൺസ്റ്റാന്റിനോപ്പിൾ അഥവാ ആധുനിക ഇസ്താംബുളിലെ ഈ പള്ളിക്കു ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ രൂപമാറ്റം സംഭവിച്ചു. കാഴ്ചബംഗ്ലാവാകാനായിരുന്നു പിന്നീട് വിധി.1931-ൽ അധികാരത്തിലേറിയ കമാൽ അതാതുർക് കടുത്ത മതേതരവാദിയായിരുന്നു.
1935-ൽ ഹാഗിയ സോഫിയ മ്യൂസിയം ആക്കി മാറ്റിയാണ് മുസ്തഫ കമാൽ പാഷ തന്റെ മതേതര നയത്തിന് പുതിയൊരു മുഖം നൽകിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ ബൈസന്റൈൻ നിർമിതിയാണ് ഇപ്പോൾ ഇസ്ലാം മത വിശ്വാസികൾക്കായി തുറന്നുകൊടുക്കണമെന്ന് എർദോഗൻ വാദിക്കുന്നത് . ചരിത്രത്തിൽ നിരവധി പടയോട്ടങ്ങൾക്കും കീഴടങ്ങലുകൾക്കും ആരോഹണങ്ങൾക്കും വേദിയായ ഹാഗിയ സോഫിയ ഇപ്പോൾ നമ്മുടെ നാട്ടിലും വാർത്തകളിൽ ഇടം നേടുന്നുണ്ട്.
തുർക്കിയിലെ പരമോന്നത കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ വിഷയം. പഴയ പള്ളി മോസ്കാക്കി മാറ്റാനാകുമോ എന്നു പരിശോധിക്കാൻ ഇക്കഴിഞ്ഞദിവസം കോടതി സമ്മേളിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം വിധി വരുമെന്നാണു കരുതുന്നത്.
ബൈസന്റൈൻ ശിൽപകലാ ശൈലിയുടെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന ഹാഗിയ സോഫിയ അതിന്റെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കുമെന്നു പ്രത്യാശിക്കാനേ നമുക്കാവൂ. കാരണം തുർക്കി ഭരിക്കുന്നത് എർദോഗനാണ്.
ഡോ. സന്തോഷ് വേരനാനി
ഓ..! ഹാഗിയ സോഫിയ
02:39 AM Jul 05, 2020 | Deepika.com