കുട്ടികളിലെ ദന്തക്ഷയം ഏറ്റവും സാധാരണമായ വിട്ടുമാറാത്ത അസുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അത് കൊച്ചുകുട്ടികളിലെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മുൻവശത്തെ ആദ്യ പാൽപ്പല്ല് മുളച്ചതിനെത്തുടർന്നാണ് ഇതു കാണപ്പെടുന്നത്. മറ്റ് അസുഖങ്ങൾപോലെ ദന്തക്ഷയം സ്വമേധയാ മാറുന്ന ഒന്നല്ല. പോടായ പല്ലുകളിലെ അണുബാധ തടയാനും പല്ലുകളുടെ പ്രവർത്തനത്തെ പുനഃസ്ഥാപിക്കാനും അടുത്തുള്ള ഡെന്റൽ ക്ലിനിക്കുമായി ബന്ധപ്പെടുക.
രാത്രിയിൽ പാൽ കൊടുത്തശേഷം വായ വൃത്തിയാക്കാതിരുന്നാൽ
ശിശുക്കളിലെ ദന്തക്ഷയത്തിന് ഒരു പ്രത്യേക പാറ്റേണ് ഉണ്ട്. ആറു വയസിനു താഴെയുള്ള ദന്തക്ഷയം പല പേരുകളിൽ അറിയപ്പെടുന്നു. ഈ പേരുകൾ ഇതിന്റെ പുറകിലുള്ള കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പ്രധാനമായ ഒരു കാരണമാണ് രാത്രിസമയങ്ങളിൽ പാൽ കൊടുക്കുകയും വായ വൃത്തിയാക്കുകയും ചെയ്യാതിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് ബോട്ടിൽ കേരീസ്, ബേബി ബോട്ടിൽ കേരീസ്, ബോട്ടിൽ മൗത്ത് കേരീസ് എന്നിങ്ങനെ അറിയപ്പെടുന്നു.
എന്നാൽ ഇപ്പോൾ ആറു വയസിനു താഴെയുള്ള ദന്തക്ഷയത്തിന് ഏർലി ചൈൽഡ് ഹുഡ് കേരീസ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങളിലുള്ള കുട്ടികളിലെ ദന്തക്ഷയത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും മറ്റു വികസിതരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഇപ്പോഴും ഇതൊരു പ്രശ്നമായി തുടരുന്നു.
കാരണങ്ങൾ
ദന്തക്ഷയം ഉണ്ടാക്കുന്ന കാരണങ്ങൾ പലതാണ്. ഇതിൽ നാലു പ്രധാനപ്പെട്ട ഘടകങ്ങളാണു രോഗാണുക്കൾ, മധുരപദാർഥങ്ങൾ, പല്ലിന്റെ ഘടനാപരമായ വ്യത്യാസങ്ങൾ, സമയം എന്നിവ.
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ്
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന രോഗാണു പല്ല് വായിൽ മുളച്ചതിനു പിന്നാലെ പല്ലിൽ താമസമാക്കുകയും ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു. മധുരപദാർഥങ്ങളായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് എന്നിവയുടെ സാന്നിധ്യത്തിൽ ഈ രോഗാണുക്കൾ ആസിഡ് ഉത്പാദിപ്പിക്കുകയും അങ്ങനെ പല്ലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഇതു പല്ലിൽ നിലനിൽക്കുകയും ഉയർന്ന തോതിൽ ആസിഡ് ഉത്പാദിപ്പിക്കുന്നതും കാരണം പ്ലാക്ക് ഉണ്ടാകുന്നതിന് അനുകൂലസാഹചര്യം ഒരുക്കുന്നു.
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസിനു പുറമേ ബൈഫിഡോ ബാക്ടീരിയേ, ലാക്ടോ ബാസില്ലസ് എന്നിവയും ദന്തക്ഷയത്തിനു കാരണമാകുന്നു.
മധുരമെന്ന വില്ലൻ!
ദന്തക്ഷയം ഉണ്ടാക്കുന്നതിൽ മധുരപദാർഥങ്ങളുടെ പങ്ക് വളരെ വലുതാണ്. പ്ലാക്ക് ബാക്ടീരിയ ഉമിനീരിലുള്ള സലൈവറി അമിലേഡിന്റെ (എൻസൈം) സാന്നിധ്യത്തിൽ മധുര പദാർഥങ്ങളെ വിഘടിപ്പിച്ച്് ആസിഡ് ഉത്പാദിപ്പിക്കുന്നു. അതു പല്ലിനെ ദ്രവിപ്പിക്കുകയും ദന്തക്ഷയമുണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നു. പാല് അല്ലെങ്കിൽ മറ്റു പാലുത്പന്നങ്ങൾ, ഫ്രൂട്ട് ജ്യൂസ്, തേൻ അല്ലെങ്കിൽ പഞ്ചസാര അടക്കമുള്ള പാസിഫയേർ, ചോക്ലേറ്റ് തുടങ്ങിയവയാണു ദന്തക്ഷയത്തിനു കാരണമാകുന്നത്.
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
കുട്ടികളിലെ ദന്തക്ഷയം സ്വമേധയാ മാറില്ല
02:49 PM Apr 12, 2021 | Deepika.com