ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അതു സഹായകം.
ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തും. ക്ഷീണം പന്പകടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊർജം ശരീരത്തിനു ലഭിക്കുന്നു.
വിളർച്ച തടയാം
സ്കൂൾ കുട്ടികളിൽ വിളർച്ച കൂടിവരുന്നതായി അടുത്തിടെ ചില പഠനങ്ങൾ വന്നിരുന്നു. അതിനുളള പരിഹാരമാണ് ഈന്തപ്പഴം. ടിഫിൻ ബോക്സിൽ ബേക്കറി പലഹാരങ്ങൾക്കു പകരം ഈന്തപ്പഴം നുറുക്കി കൊടുത്തയയ്ക്കാം. കൊഴുക്കട്ടയ്ക്കുളളിൽ നിറച്ചും കുട്ടികൾക്കു നല്കാം.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണു വിളർച്ച.ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുന്പ് ആവശ്യമാണ്.
രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തിൽ ഇരുന്പ് ഇഷ്ടംപോലെ; ഊർജവും.
ക്ഷീണം പന്പകടക്കും
എനർജി ബൂസ്റ്ററാണ് ഈന്തപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തിൽ ധാരാളം. അതിനാൽ ഈന്തപ്പഴം പതിവായി കഴിച്ചാൽ ക്ഷീണം പന്പകടക്കും. കരുത്തുകൂടും. പ്രതിരോധശക്തി നേടാം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.
കൊളസ്ട്രോൾ കുറയ്ക്കാം
കൊഴുപ്പു കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകൾ ധാരാളം. കുടലിൽ വച്ച് ആഹാരത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു നാരുകൾ തടയുന്നു. അങ്ങനെ രക്തത്തിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നു.
എൽഡിഎൽ കൂടിയാൽ രക്തക്കുഴലുകളുടെ ഉളളു കുറയും. പ്ലേക് എന്ന പേരിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തസഞ്ചാരത്തിനു തടസമാകും. ഹൃദയരോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാൽ അത്തരം ആപത്തുകൾ ഒഴിഞ്ഞുപോകും.
ഹൃദയത്തിന്റെ മിത്രം
ഉണങ്ങിയ ഈന്തപ്പഴത്തിൽ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മർദം(ബിപി) ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്രോക് സാധ്യതയും. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.
കൈയളവ് ഈന്തപ്പഴം; കടലോളം എനർജി
01:31 PM Mar 11, 2021 | Deepika.com