ഇത്തവണത്തെ ഈസ്റ്റർ പൊതുവായ ആഘോഷങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്. എങ്കിലും വീടുകളിലിരുന്ന് ആഘോഷിക്കാൻ മുടക്കമൊന്നുമില്ല. അപ്പോൾ അത് നമുക്കും ഭംഗിയായി നടത്താം. ഇത്തവണ മുട്ടകൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിച്ചുനോക്കാം.
മുട്ട വട
ചേരുവകൾ: മുട്ട-നാലെണ്ണം, സവാള അരിഞ്ഞത്-മുക്കാൽ കപ്പ്, ബീൻസ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, സ്പ്രിംഗ് ഒണിയൻ ഇവയെല്ലാം അരിഞ്ഞത്-അരക്കപ്പ് വീതം, എണ്ണ-അരക്കപ്പ്, സോയ സോസ്-ഒരു ടീസ്പൂൺ, ഉപ്പ്, കുരുമുളകുപൊടി-പാകത്തിന്.
ഉണ്ടാക്കുന്നവിധം: മുട്ട പൊട്ടിച്ച് ഇതിൽ സോയ സോസ്, ഉപ്പ്, കുരുമുളകും ചേർത്തടിച്ചു വയ്ക്കുക. എണ്ണ ചൂടാക്കി അരിഞ്ഞുവച്ചവയെല്ലാം ഇട്ട് മൂപ്പിച്ചെടുക്കുക. ഇതിന് കുറച്ച് എണ്ണ മതി. ഇത് മുട്ടയിലേക്ക് ചേർത്തിളക്കുക. ബാക്കിയുള്ള എണ്ണ ചൂടാക്കി ഈ കൂട്ടിൽനിന്ന് രണ്ടു ടേബിൾസ്പൂൺ വീതം കോരിയൊഴിച്ച് പൊരിച്ചെടുക്കുക.
മുട്ട പുഴുങ്ങി പൊരിച്ചത്
ചേരുവകൾ: മുട്ട - നാലെണ്ണം പുഴുങ്ങി രണ്ടായി മുറിച്ചത്. കടലമാവ്-കാൽ കപ്പ്, മൈദ-കാൽ കപ്പ്, അരിപ്പൊടി-കാൽ കപ്പ്, ഉപ്പ്, മഞ്ഞൾപൊടി-കാൽ ടീസ്പൂൺ, മുളകുപൊടി-ഒരു ടീസ്പൂൺ, എണ്ണ-പാകത്തിന്.
ഉണ്ടാക്കുന്നവിധം: മുട്ടയൊഴിച്ച് മറ്റെല്ലാ ചേരുവകളുംകൂടി അൽപം വെള്ളത്തിൽ കട്ടിയായി കലക്കിവയ്ക്കുക. എണ്ണ ചൂടാക്കി ഓരോ മുട്ടക്കഷണവും ഈ മാവിൽ മുക്കി വറുക്കുക.
ഗോവൻ മുട്ടക്കറി
ചേരുവകൾ: മുട്ട പുഴുങ്ങി തൊണ്ട് കളഞ്ഞത് - നാലെണ്ണം. പുളി-ഒരു നെല്ലിക്ക വലിപ്പത്തിൽ പിഴിഞ്ഞത്, തേങ്ങാപാൽ-ഒന്നരകപ്പ്, സവാള അരിഞ്ഞത്-ഒന്ന്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എല്ലാം സമമായി ചതച്ചത്-രണ്ടു ടേബിൾസ്പൂൺ, ഇറച്ചിമസാലക്കൂട്ട്-രണ്ടു ടേബിൾസ്പൂൺ, ഉപ്പ്, എണ്ണ-ആവശ്യത്തിന്.
ഉണ്ടാക്കുന്നവിധം: വഴറ്റാനുള്ള എണ്ണ ചൂടാക്കി ആദ്യം സവാള അരിഞ്ഞതും ചതച്ചുവച്ച കൂട്ടും വഴറ്റിയ ശേഷം മസാലപ്പൊടി ചേർത്തിളക്കുക. ഇത് മൂത്താൽ ഒരുകപ്പ് വെള്ളവും പുളി പിഴിഞ്ഞ വെള്ളും ചേർത്ത് ഇളക്കി തിളച്ചുകഴിഞ്ഞാൽ മുട്ടയും ഉപ്പും ഇതിൽ ചേർത്ത് ഒന്നുകൂടി തിളച്ചാൽ തേങ്ങാപാൽ ചേർത്ത് ഇളക്കി പാകത്തിന് കുറുകിയാൽ ഇറക്കിവയ്ക്കാം.
ഓമന ജേക്കബ്
മുട്ടകൊണ്ടുള്ള ഈസ്റ്റർ വിഭവങ്ങൾ
01:36 AM Apr 05, 2020 | Deepika.com