1977 മേയ് 19. കാമുകന്റെ പിറന്നാൾ പാർട്ടിക്കു പോകാനൊരുങ്ങി നിൽക്കുകയായിരുന്നു കൊളീൻ സ്റ്റാൻ.
നീളമുള്ള ചുരുളൻ മുടിയും വശ്യമായ കണ്ണുകളുമുള്ള ഇരുപതുകാരി. അവളുടെ അരികിലേക്ക് ഒരു വാഹനം മെല്ലെ വന്നുനിന്നു. ഉള്ളിൽ ചെറുപ്പക്കാരായ ദന്പതികൾ. അവർക്കൊപ്പം ഒരു കുഞ്ഞും. അവർ അവളെ അകത്തേക്കു ക്ഷണിച്ചു.
ലിഫ്റ്റ് കിട്ടിയതിൽ സന്തോഷിച്ച് അവൾ അവർക്കൊപ്പം യാത്ര തുടങ്ങി. കുന്നിൻ ചരിവുകളെയും പൈൻ മരങ്ങളെയും പിന്നിലാക്കി വാഹനം മുന്നോട്ടു നീങ്ങി. ആനന്ദം ആശങ്കയ്ക്കു വഴിമാറാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. പാർട്ടി നടക്കുന്നിടം പിന്നിട്ടും വാഹനം മുന്നോട്ടു നീങ്ങി! പന്തികേടു തേന്നിയ കൊളീൻ നിർത്താൻ ആവശ്യപ്പെട്ടു.
എന്നാൽ, കൊളീന്റെ എതിർപ്പുകൾ മറികടന്നു വാഹനം മുന്നോട്ടു കുതിച്ചു. 300 മൈലുകൾ പിന്നിട്ടു കലിഫോർണിയയിലെ റെഡ്ബ്ലഫിലുള്ള ഒറ്റപ്പെട്ട ആ വീടിനു മുന്നിൽ നിന്നു. അതാണ് ഇരുപത്തിമൂന്നുകാരൻ കാമറോണ്‍ ഹൂക്കറിന്റെയും ഭാര്യ ജാനീസിന്റെയും വീട്. അവരായിരുന്നു കാറിലുണ്ടായിരുന്ന ദന്പതികൾ.
തനിനിറം
വഴിയരികിൽ വാഹനം നിർത്തിയപ്പോൾ ദന്പതികൾ കാട്ടിയ സൗഹൃദം പൊയ്മുഖമാണെന്നു വീട്ടിലെത്തിയതോടെ കൊളീനു ബോധ്യമായി. അതൊരു തട്ടിക്കൊണ്ടുപോകലായിരുന്നു.
കാമറോണായിരുന്നു ആസൂത്രകൻ. ഭാര്യ ജാനിസ് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തു. ദന്പതികൾ കൊളീനെ നിലവറയിലെ മുറിയിലേക്കു മാറ്റി. നീണ്ട കഴുക്കോലിൽ ചങ്ങലകളിൽ അവൾ ബന്ധിതയായി.
കൊളീൻസ്റ്റാനെ ചതിയിലൂടെ കടത്തിക്കൊണ്ടുവന്ന് അതിഗൂഢമായി അടിമയായി പാർപ്പിക്കുകയായിരുന്നു. കണ്ണുകൾ മൂടിക്കെട്ടിയ ശേഷം കാമറോണ്‍ കൊളീനെ ക്രൂരവിനോദങ്ങൾക്കിരയാക്കിത്തുടങ്ങി. അവളെ മാനഭംഗപ്പെടുത്തുകയും മർദിക്കുകയുമൊക്കെ ചെയ്തശേഷം അത് ആഘോഷിക്കാൻ കാമറോണ്‍ ജാനിസുമായി മദിരോത്സവങ്ങളിൽ മുഴുകി. ആ ദിവസങ്ങളൊക്കെ ഭീതിദമായിരുന്നതായി കൊളീൻ ഓർക്കുന്നു.
യാത്രയിലെ ദുരൂഹതകൾ
ആ വീട്ടിലേക്കുള്ള യാത്രയിലുടനീളം ദന്പതികളെപ്പറ്റി എന്തെന്നു പറയാനാകാത്ത തരത്തിൽ മോശമായ ചില തോന്നലുകൾ ഉണ്ടായതായി കൊളീൻ ഓർമിക്കുന്നു. യാത്രയ്ക്കിടെ ബാത്ത്റൂം ഉപയോഗിക്കാനായി ഒരു സർവീസ് സ്റ്റേഷനു സമീപം കാമറോണ്‍ വാഹനം നിർത്തി. തിരിഞ്ഞു നോക്കാതെ പെട്ടെന്നു പോരാൻ അവർ പറഞ്ഞതായും കൊളീൻ ഓർക്കുന്നു.
ആ വാഹനത്തിൽ അവളുടെ സീറ്റിനു സമീപം ഏറെ വിചിത്രമെന്നു തോന്നിയ ഒരു വസ്തുവുണ്ടായിരുന്നു. ഭാരമേറിയ ഒരു തടിപ്പെട്ടി. അതിന്റെ ഒരു വശത്തുമാത്രം തല കടക്കുന്ന വലുപ്പത്തിൽ ഒരു ദ്വാരം. കാമറോണ്‍ അതെടുത്തു പിറകിലത്തെ സീറ്റിലേക്കു മാറ്റി. അതൊരു ഹെഡ് ബോക്സ് ആയിരുന്നുവെന്നു പിന്നീട് അവളറിഞ്ഞു. അടിമത്താവളങ്ങളിൽ ലൈംഗിക അടിമകളെ ബന്ധിക്കാൻ ഉപയോഗിച്ചിരുന്ന ഹെഡ് ബോക്സ്!
(തുടരും)
മരപ്പെട്ടിയിലെ പെണ്‍കുട്ടി!
02:33 PM Feb 26, 2021 | Deepika.com