മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല.
നാലു വയസുള്ള കുട്ടിക്ക് എത്ര പഞ്ചസാര ?
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കു പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 - 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാരയ്ക്കു പകരം എന്ത്?
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. അത് ആരോഗ്യകരമല്ല. അത്തരം ശീലങ്ങൾ ഒഴിവാക്കണം.
ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിപ്പിക്കരുത്.
സോഫ്റ്റ് ഡ്രിംഗ്സ് എന്നും കഴിക്കാമോ?
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട.
വിവരങ്ങൾ:
ഡോ. അനിതമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
കുഞ്ഞുങ്ങൾക്കു പഞ്ചസാര കൊടുക്കണോ?
04:47 PM Feb 03, 2021 | Deepika.com