"പപ്പ പോയി വരുവോളം അന്ന ഉറങ്ങാതെ കാത്തിരിക്കും. ഉറങ്ങിപ്പോയാ വിളിക്കണേ; ഐസയുടെ അടുത്തുപോയതിന്റെ വിശേഷങ്ങളൊക്കെ പറയണേ..’
മരണനിമിഷങ്ങളിലേക്കു യാത്രയാകും മുന്പേ അന്നയുടെ ഇടറുന്ന വാക്കുകൾ നെഞ്ചിടിപ്പോടെയാണു പ്രേക്ഷകർ കേട്ടത്. ശ്വാസമടക്കിപ്പിടിച്ചുള്ള നിമിഷങ്ങൾ പലരുടെയും കണ്ണുകൾ നനയിച്ചു. കാണികളുടെ ഹൃദയത്തിലിടം നേടിയ മൈ സാന്റയിലെ അന്ന എന്ന കഥാപാത്രം അനശ്വരമാക്കിയതിലൂടെ ബാലതാരം ബേബി ദേവനന്ദ മലയാള സിനിമയിലെ പുതു പ്രതീക്ഷയാവുകയാണ്.
നിറഞ്ഞ പുഞ്ചിരിയുമായി മോഡലിംഗിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ഏതാനും സിനിമകളിലൂടെയും ഇതിനകം ശ്രദ്ധ നേടിയിട്ടുള്ള ആറു വയസുകാരി ദേവനന്ദയുടെ കരിയറിലെ മികച്ച കഥാപാത്രമാണു മൈ സാന്റയിലെ അന്ന. നായകൻ ദിലീപിന്റെ അർബുദ ബാധിതയായ മകളാണ് അന്ന. തലമുടിയില്ലാതെ രോഗക്കിടക്കയിലുള്ള അഭിനയം ഈ കൊച്ചുമിടുക്കിയുടെ അഭിനയമികവ് അടയാളപ്പെടുത്തുന്നു. അന്നയുടെയും കൂട്ടുകാരി ഐസയുടെയും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്നതാണു സിനിമ.
ഐസയുടെ അടുത്തു തന്റെ പപ്പ സാന്റയായി എത്തണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതും ശേഷം അന്ന മരണത്തിലേക്കു യാത്രയാവുന്നതുമെല്ലാം കാണികളുടെ മനസിൽ മായാത്ത കാഴ്ചകളാണ്. ആലുവയിൽ ടെക്സ്റ്റയിൽസ് ബിസിനസ് രംഗത്തുള്ള എസ്. ജിബിന്റെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ പ്രീത ജിബിന്റെയും മകളാണു ദേവനന്ദ.
2018ലെ പ്രിൻസ് പട്ടുപാവാട സുന്ദരിക്കുട്ടി മത്സരത്തിൽ കിരീടം നേടിയ ദേവനന്ദ, ഗോ ഗ്രീൻ സോളാറിന്റെ പരസ്യചിത്രത്തിലൂടെ മോഡലിംഗിലേക്കെത്തി. ഗപ്പി സിനിമയുടെ സഹസംവിധായകൻ ശരണും ജിത്തുവുമാണു പരസ്യചിത്രമൊരുക്കിയത്. ശേഷം പ്രിൻസ് പട്ടുപാവാട, കാൾട്ടൻ ഫിലിംസ്, കെ.പി. നന്പൂതിരീസ്, ഹോണ്ട ആക്ടിവ 6ജി എന്നിവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. സൂര്യ ടിവിയിലെ കുട്ടിപ്പാചകം പരിപാടിയെ മികച്ചതാക്കുന്നതിൽ ദേവനന്ദയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഉൗട്ടിയിലെ ഷൂട്ടിംഗ്
ദിലീപങ്കിളിനൊപ്പമുള്ള സിനിമ ചിത്രീകരണ സമയങ്ങൾ സന്തോഷകരമായിരുന്നെന്നു ദേവനന്ദ പറഞ്ഞു. ഉൗട്ടിയിലായിരുന്നു ഷൂട്ടിംഗ്. പിതാവ് ജിബിൻ പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്. സംഭാഷണങ്ങൾ ആവർത്തിപ്പിച്ചു പറയിപ്പിച്ചു പരിശീലിപ്പിക്കുന്നതും ജിബിനാണ്. സിനിമാ, സാംസ്കാരിക രംഗങ്ങളിലുള്ളവരുമായുള്ള ജിബിന്റെ സൗഹൃദങ്ങളും ദേവനന്ദയുടെ കലാപ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നു. പഠനത്തിനൊപ്പം സിനിമയിലും ദേവനന്ദയ്ക്കു പ്രോത്സാഹനം നൽകുകയാണു ലക്ഷ്യമെന്നു ജിബിൻ പറയുന്നു.
നേരത്തെ ലുലു ഫാഷൻ വീക്കിലെ കുട്ടികൾക്കായുള്ള റാംപിൽ ദേവനന്ദയുടെ മികച്ച പ്രകടനം വിധികർത്താക്കളുടെയും സദസിന്റെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊച്ചി ക്രൗണ് പ്ലാസയിൽ നടന്ന ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റിൽ ഷോ സ്റ്റോപ്പറായിരുന്നു ദേവനന്ദ. ഇന്ത്യൻ ഫാഷൻ ലീഗിലേക്കും ഇന്ത്യൻ കിഡ്സ് ഫാഷൻ ഫെസ്റ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊച്ചു ടിവിയുടെ വിവിധ എന്റർടെയിൻമെന്റ് ഷോകളിലും ദേവനന്ദ തിളങ്ങി. തൊട്ടപ്പൻ സിനിമയിൽ വിനായകന്റെ മകൾ സേറയായി ദേവനന്ദ മികച്ച പ്രകടനമാണു നടത്തിയത്.
കളമശേരി രാജഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദ പഠനത്തിലും ഒന്നാമതാണ്. ശ്രദ്ധേയമായ വിവിധ വേദികളിൽ ദേവനന്ദയെ അവതരിപ്പിക്കാനും നേട്ടങ്ങളിലേക്കു കൈപിടിക്കാനും മാതാപിതാക്കൾക്കൊപ്പം അധ്യാപകരും പ്രോത്സാഹനമായി കൂടെയുണ്ട്.
പുതിയ പ്രതീക്ഷകൾ
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2403 ഫീറ്റിൽ അഭിനയിക്കുകയാണു ദേവനന്ദ ഇപ്പോൾ. ടൊവിനോ നായകനായ സിനിമയിൽ ജയസൂര്യ ഉൾപ്പെടെ വലിയ താരനിരയുണ്ട്. വിജയ് യേശുദാസ് അഭിനയിച്ച് അഞ്ചു ഭാഷയിൽ റിലീസ് ചെയ്യുന്ന ത്രി ഡി സിനിമ സാൽമണിലും ദേവനന്ദയ്ക്കു ശ്രദ്ധേയ വേഷമുണ്ട്.
സിജോ പൈനാടത്ത്
സാന്റയുടെ അന്ന
07:34 AM Feb 02, 2020 | Deepika.com