പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും. പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക.
പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്.
ഡിസ്ക് സ്ഥാനം തെറ്റുന്പോൾ
കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും. ഒരുപാടു പുറംവേദനക്കാരിൽ പുറംവേദന യ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ ഒരു ഡോക്ടറെ കാണുകയാണു നല്ലത്. രക്തപരിശോധന, എക്സ്റേ എന്നീ പരിശോധനകളിലൂടെ രോഗം നിർണയിക്കുകയും വേണം.
ചെറുപ്പക്കാരിലും
വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകൾക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയം ചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്. പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. ചെറുപ്പക്കാരിലും ഇപ്പോൾ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു.
ഉറക്കത്തിൽ ഞെട്ടുന്പോൾ
പുതിയ പഠനങ്ങളിൽനിന്ന് അറിയുന്നത് കുറെയേറെ പുറംവേദനക്കാരിൽ വേദനയ്ക്കു കാരണമാകുന്നത് മാനസിക സംഘർഷം ആണെന്നാണ്. ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്നവരും ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരും മാനസിക സംഘർഷം അനുഭവിക്കുന്നവരാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് ശരീരത്തിലെ എല്ലാ അസ്ഥിസന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്.
നട്ടെല്ലിനു താങ്ങായി നിലനിൽക്കാൻ മറ്റു സന്ധികളിലുള്ളതുപോലെ കൂടുതൽ പേശികൾ ഇല്ലാത്തതിനാൽ ഈ കുലുക്കത്തിന്റെ ദൂഷ്യഫലം നട്ടെല്ലിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയുംചെയ്യും.
വ്യായാമം എപ്പോൾ?
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം. അതോടൊപ്പം നീർക്കെട്ടിനെ പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയുംകൂടി യാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതാണ്.
പുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകും.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
പുറംവേദനയ്ക്കു പിന്നിൽ...
03:53 PM Nov 11, 2020 | Deepika.com