കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയിൽ പാൽ കുടിച്ചാൽ
രാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം.
ടൂത്ത് പേസ്റ്റ് എപ്പോൾ?
കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ്
മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോൾ?
ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം. ദൈർഘ്യം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതൽ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാൻ
പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ് & ഫിഷർ സീലാൻഡ് ചികിൽസയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കൽ
സമയോചിതമായ നിർദ്ദേശങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കാണണം. കുട്ടികൾക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങൾ തുടർന്നാൽ
നിലനിൽക്കുന്ന ശീലങ്ങൾ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരൽ കുടി, ചുണ്ട് കടി, നാക്ക് തള്ളൽ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലർജിയുണ്ടെങ്കിൽ
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്പ് മരുന്നുകൾക്ക് അലർജിയോ ഇഞ്ചക്ഷൻ അലർജിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടർന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും. കുട്ടികൾ ഏതെങ്കിലും തരത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
ഇതൊന്നു മനസിൽ വച്ചോളൂ... കുട്ടികളുടെ പല്ലിന് കരുതലാവാം
04:19 PM Nov 09, 2020 | Deepika.com