വർഷാരംഭത്തിൽ മികച്ച തുടക്കമാണ് മലയാള സിനിമ ബോക്സോഫീസിൽ നേടുന്നത്.
അതുകൊണ്ടു തന്നെ ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. 2020ൽ ബോക്സോഫീസിൽവിസ്മയം സൃഷ്ടിക്കാൻ എത്തുന്ന ചിത്രങ്ങളിലേക്ക് ഒരെത്തിനോട്ടം...
മലയാള സിനിമയ്ക്കു മികച്ച തുടക്കമാണ് 2020ൽ ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണത്തിനും പുതുമയ്ക്കും പരന്പരാഗത വഴിയിൽ നിന്നുള്ള മാറി സഞ്ചാരത്തിനും പുതിയ വർഷത്തിൽ വലിയ ഇടമാണ് മലയാള സിനിമ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നത്. ബോക്സ്ഓഫീസ് പ്രതീക്ഷകളിലേക്കു നോക്കുന്പോൾ വലുതും ചെറുതുമായ കുറച്ചേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരരാജാക്കന്മാരുടേയും യുവതാരങ്ങളുടെയും നവാഗതരുടെയുമടക്കം വാനോളം പ്രതീക്ഷ നൽകി എത്തുന്ന ചിത്രങ്ങളിലേക്ക് കണ്ണോടിക്കുന്പോൾ...
മമ്മൂട്ടി
പലിശക്കാരനായി മമ്മൂട്ടി എത്തുന്ന ഷൈലോക് ഉടൻ തിയറ്ററിൽ എത്തുകയാണ്. മമ്മൂട്ടിയും സംവിധായകൻ അജയ് വാസുദേവും ഹാട്രിക് വിജയം തീർക്കാനാണ് ഷൈലോക് എത്തുന്നത്. ഇതിനു പുറമെ മലയാളത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന വണ് എന്ന ചിത്രവും റിലീസിനുള്ള തയാറെടുപ്പിലാണ്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു രചന ഒരുക്കിയിരിക്കുന്നത് സഞ്ജയ് ബോബി ടീമാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ, ദി പ്രീസ്റ്റ്, സിബിഐ പതിപ്പിലെ അഞ്ചാം ചിത്രം, കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം എന്നിവയാണ് ഈ വർഷത്തെ മറ്റു പ്രൊജക്ടുകൾ.
മോഹൻലാൽ
മോഹൻലാൽ പുതിയ തലങ്ങളിലേക്കു കടക്കുന്നതാണ് ഈ വർഷത്തിന്റെ ആഘോഷം. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ മുതൽ മുടക്കിൽ ഫാന്റസിയുടെ ചുവടു പിടിച്ചു ഒരുക്കുന്ന ബറോസ് ത്രീഡി ഫോർമാറ്റിലാണ് കഥ പറയുന്നത്. അതിൽ കേന്ദ്ര കഥാപാത്രവും മോഹൻലാൽ ആണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ് മറ്റൊരു പ്രോജക്ട്. തമിഴ് നടൻ അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി, കീർത്തി സുരേഷ് തുടങ്ങി വലിയ താരനിരയാണ് എത്തുന്നത്. ദൃശ്യത്തിനു ശേഷം സംവിധായകാൻ ജിത്തു ജോസഫുമായി വീണ്ടും ഒത്തുചേരുന്ന റാം, സംവിധായാകൻ വിനയനുമായി ഒന്നിക്കുന്ന ചിത്രം എന്നിവയാണ് മറ്റു ചിത്രങ്ങൾ. തൃഷയാണ് റാമിൽ നായികയാകുന്നത്.
ദിലീപ്
ദിലീപിന്റെ വേറിട്ട രൂപത്തിനും ഭാവത്തിനും വേദി ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ഈ വർഷം ആദ്യം എത്തുന്നത്. നാദിർഷ ഒരുക്കുന്ന ചിത്രത്തിൽ കഷണ്ടികയറിയ മുഖവും കുടവയറുമൊക്കെയായി 60 കാരനായ കേശുവായി ദിലീപ് എത്തുന്പോൾ ഉർവശിയാണ് ഭാര്യ വേഷത്തിൽ എത്തുന്നത്. അന്തരിച്ച കാമറമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്ത ത്രീഡി ചിത്രം പ്രഫസർ ഡിങ്കനും ഈ വർഷം തിയറ്ററിലെത്തും. റാഫി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നമിത പ്രമോദാണ് നായിക. വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പനാണ് ഷൂട്ടിംഗ് ആരംഭിക്കാനുള്ള ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന ഒരു പ്രോജക്ടും ഈ വർഷം ഉണ്ടാകും.
പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായ അയ്യപ്പനും കോശിയും റിലീസിനൊരുങ്ങിക്കഴിഞ്ഞു. റിട്ടയേർഡ് പട്ടാളക്കാരനായ കോശിയായി പൃഥ്വി എത്തുന്പോൾ അയ്യപ്പനാകുന്നത് ബിജു മേനോനാണ്. സച്ചിയാണ് സംവിധായകൻ. ബെന്ന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതത്തിനു സംവിധായകൻ ബ്ലെസി ദൃശ്യരൂപം ഒരുക്കുന്പോൾ അതിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ചിത്രത്തിനു വേണ്ടി ശരീര ഭാരം കുറക്കുന്ന തയാറെടുപ്പിലാണ് താരം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അയ്യപ്പൻ, ദീപു കരുണാകരന്റെ റെയിൽവേ ഗാർഡ് എന്നീ ചിത്രങ്ങളൊക്കെ പൃഥ്വിക്ക് അഭിനയ മികവ് തെളിയിക്കുന്ന അവസരങ്ങളാണ്.
കുഞ്ചാക്കോ ബോബൻ
ജിസ് ജോയി സംവിധാനം ചെയ്ത മികച്ച നടൻ മോഹൻകുമാറാണ് കുഞ്ചാക്കോ ബോബൻ നായകനായി ഇനി തിയറ്ററിലെത്തുന്നത്. ഇപ്പോൾ ചാക്കോച്ചൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. ഇതിനു പിന്നാലെ നവാഗതനായ കമൽ കെ.എം സംവിധാനം ചെയ്യുന്ന പട, ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന മറിയം ടെയ്ലേഴ്സ്, പ്രളയ കഥ പറയുന്ന ജൂഡ് ആന്റണിയുടെ 2403 ഫീറ്റ് എന്നിവയാണ് ചാക്കോച്ചന്റെ സിനിമകൾ.
ജയസൂര്യ
ജയസൂര്യക്ക് അനൗണ്സ് ചെയ്ത ചിത്രങ്ങൾ നിരവധിയാണ്. ക്യാപ്റ്റനു ശേഷം സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം. ത്രില്ലർ കഥ പറയുന്ന അന്വേഷണമാണ് ഈ വർഷത്തെ ആദ്യ റിലീസ് ചിത്രം. പ്രശോഭ് വിജയനാണ് സംവിധാനം. നടൻ സത്യൻ മാസ്റ്ററിന്റെ ബയോപിക് ചിത്രം, തെന്നിന്ത്യൻ നായിക അതിഥി റാവു ഹൈദരി ആദ്യമായി മലയാളത്തിലെത്തുന്ന സൂഫിയും സുജാതയും, അപ്പോസ്തോലൻ എന്നിവയാണ് ഈ വർഷത്തെ ജയസൂര്യയുടെ ചിത്രങ്ങൾ. സംവിധായകൻ മിഥുൻ മാനുവൽ തോമസുമായി വീണ്ടും ഒന്നിക്കുന്ന ടർബോ പീറ്റർ, ആട്-3 എന്നീ പ്രോജക്ടുകളും വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മെട്രോ മാൻ ഇ. ശ്രീധരന്റെ ബയോപിക് ചിത്രം രാമസേതു, കടമറ്റത്തു കത്തനാരായി എത്തുന്ന കത്തനാർ, വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമൊക്കെ വരുംകാല പ്രോജക്ടുകളാണ്.
ദുൽഖർ സൽമാൻ
ആദ്യ ചിത്രം സെക്കൻഡ് ഷോയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രനുമായി ദുൽഖർ സൽമാൻ ഒന്നിക്കുന്ന കുറുപ്പ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയാണ് പറയുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ, വാൻ എന്നീ തമിഴ് ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററിലെത്തും. നൃത്തസംവിധായിക ബ്രിന്ദ മസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ഈ വർഷം തുടങ്ങും. തെന്നിന്ത്യൻ നായിക കാജൽ അഗർവാളാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം എത്തുന്നത്.
നിവിൻ പോളി
ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടാണ് നിവിൻ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, ജോമോൻ ടി ജോണ് സംവിധായകനാകുന്ന കൈരളി, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയൊക്കെ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
ഫഹദ് ഫാസിൽ
മൂന്നു വലിയ ചിത്രങ്ങളുമാണ് ഫഹദ് ഫാസിൽ എത്തുന്നത്. അൻവർ റഷീദ് വലിയ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ട്രാൻസിൽ ഭാര്യ നസ്രിയയും പ്രധാന കഥാപാത്രമാകുന്നു. ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് വലിയ മുതൽ മുടക്കിലാണ് ഒരുക്കുന്നത്. ചിത്രത്തിനായി ശരീര ഭാരം കുറച്ച് വലിയ തയാറെടുപ്പോടെയാണ് ഫഹദ് എത്തുന്നത്. ശ്യാം പുഷ്കറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന തങ്ക എന്ന ചിത്രവും ഈ വർഷത്തെ പ്രോജക്ടാണ്.
ടോവിനോ തോമസ്
ഫോറൻസിക് റിലീസാകാനൊരുങ്ങുന്ന ആവേശത്തിലാണ് ടോവിനോ തോമസ്. അനസ് ഖാൻ, അഖിൽ പോൾ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദ്ധയ്ക്കു ശേഷം ബേസിൽ ജോസഫുമായി ഒന്നിക്കുന്ന മിന്നൽ മുരളിയിലാണ് ടോവിനോ ഇപ്പോൾ അഭിനയിക്കുന്നത്. കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, തല്ലുമാല, ആരവം, പള്ളിച്ചട്ടന്പി, ഭൂമി, അജയന്റെ രണ്ടാം മോക്ഷണം എന്നീ ചിത്രങ്ങളും വരുംകാല പ്രോജക്ടുകളാണ്.
ആസിഫ് അലി
ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയിലൂടെ വിജയം ആവർത്തിക്കാനെത്തുകയാണ് ആസിഫ് അലി. ജിബു ജോക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും, രാജീവ് രവി ഒരുക്കുന്ന പോലീസ് ക്രൈം സ്റ്റോറി പറയുന്ന ചിത്രം, സുഗീതിന്റെ പറന്ന് പറന്ന്, കാമറമാൻ വേണു ഒരുക്കുന്ന ആന്തോളജി ചിത്രം രാച്ചിയമ്മ, എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ആസിഫിന്റെ പുതിയ പ്രോജക്ടുകൾ.
പ്രതീക്ഷയോടെ താരങ്ങൾ
സീനിയർ താരങ്ങളിൽ സുരേഷ് ഗോപി ഇടവേളയ്ക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്കു തിരികെ എത്തുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി- ശോഭന ജോടി വീണ്ടും ഒന്നിക്കുകയാണ്. ഇരുവർക്കുമൊപ്പെ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമുണ്ട്.
ഇന്ദ്രജിത്ത് വേറിട്ട ഗെറ്റപ്പിൽ എത്തുകയാണ് ഹലാൽ ലൗവ് സ്റ്റോറിയുമായി. സുഡാനി ഫ്രം നൈജീരിയ സംവിധാന ചെയ്ത സക്കറിയ മുഹമ്മദാണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിനു പുറമേ ദുൽഖറിന്റെ കുറുപ്പ്, ജൂഡ് ആന്റണിയുടെ 2403 ഫീറ്റ്, വടംവലിക്കാരുടെ കഥ പറയുന്ന ആഹാ എന്നിവയാണ് ഇന്ദ്രജിത്തിന്റെ പ്രോജക്ടുകൾ. മേപ്പടിയാനും ചോക്ലേറ്റ് സ്റ്റോറി റീടോൾഡുമായി ഉണ്ണി മുകുന്ദനും സജീവമാണ്.
നായികമാരിലേക്കെത്തുന്പോൾ മഞ്ജു വാര്യർ അഹർ പൂർത്തിയാക്കി ഇപ്പോൾ ചതുർമുഖത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഫോറൻസികിലെ പോലീസ് വേഷത്തിലൂടെ എത്തുന്ന മംമ്ത ലാൽ ബാഗ് എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്.
ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറു കഥയ്ക്കു വേണു ദൃശ്യരൂപം ഒരുക്കിയപ്പോൾ ടൈറ്റിൽ കഥാപാത്രമായി തെരഞ്ഞെടുത്തത് പാർവതി തിരുവോത്തിനെയാണ്. സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന വർത്തമാനമാണ് പാർവതിയുടെ മറ്റൊരു ചിത്രം.
2020 പ്രതീക്ഷയോടെ ബോക്സ് ഓഫീസ്
04:39 AM Jan 19, 2020 | Deepika.com