ലഹരിക്കടത്തിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും വടക്കന്‍കേരളത്തില്‍ ക്രിപ്റ്റോകറന്‍സിയായ ബിറ്റ് കോയിന് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. മലപ്പുറം, നിലമ്പൂര്‍, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ബിറ്റ് കോയിന് ബിസിനസുമായി ബന്ധപ്പെട്ടു മലേഷ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള വിവരശേഖരണം എന്‍ഐഎ ആരംഭിച്ചു. ബംഗളൂരൂ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തിലേക്ക് എന്‍ഐഎ കടന്നു വന്നതോടെയാണ് ക്രിപ്റ്റോകറന്‍സിയായ ബിറ്റ് കോയിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഒരു രാജ്യവും അംഗീകരിക്കാത്ത ബിറ്റ് കോയിന് സാമ്പത്തികതട്ടിപ്പിനായും ഉപയോഗിക്കുന്നു. ഇതിനെ തുടര്‍ന്നു എന്‍ഐഎ വ്യാപകമായ പരിശോധനയും ആരംഭിച്ചു. മലയാളികള്‍ കൂടുതല്‍ ഇതിനെ മണി ചെയിന്‍ മോഡലായി ഉപയോഗിച്ചു തട്ടിപ്പു നടത്തുമ്പോള്‍ തീവ്രവാദികളും ലഹരിക്കടത്തുകാരും കോടികള്‍ സംഘടിപ്പിക്കാനും പരിശോധനയിൽനിന്നും രക്ഷപ്പെടാനുമുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്.
മലയാളികളുടെ ഇടപാടിന് രണ്ട് കന്പനികൾ
അന്താരാഷ്ട്രമാര്ക്കറ്റില്നിന്നും ലഹരിക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നതു ബിറ്റ് കോയിനാണെന്നു ബംഗളൂരു ലഹരിക്കേസിൽ പ്രതിയായ സീരിയല്‍താരം അനിഖ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയോടു വെളിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും ലഹരി വില്പന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു ബിറ്റ്കോയിന് സഹായകമാകും എന്ന ആശങ്കയാല്‍ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. മലയാളികളുടെ ബിറ്റ് കോയിന് ഇടപാടിനുള്ള രണ്ട് കമ്പനികള്‍ മലേഷ്യയിലുണ്ട്. നിരവധി മലയാളികള്‍ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. പലരുംതട്ടിപ്പിനിരയാകുന്നുണ്ട്. കോടികളുടെ ബിസിനസാണ് ഇതിലൂടെ കടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഈ ഇടപടല്‍ വ്യാപകമാണ്.
300 കോടിയുടെ നിക്ഷേപം സ്വീകരിച്ചു
സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് എന്നീ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ബിറ്റ് കോയിന് ഉപയോഗിച്ചിട്ടുണ്ടെന്ന പ്രതികളുടെ മൊഴി ഇതിന്റെ ദുരൂപയോഗത്തെ വ്യക്തമാക്കുന്നത്. കേരളത്തില്‍ വ്യാപകമായ രീതിയില്‍ ബിറ്റ് കോയിന് വഴി വ്യാപാരം നടക്കുന്നുണ്ട്. കോടികളുടെ ബിറ്റ്കോയിന് തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന മലയാളിയുവാവ് ഡെറാഡൂണില്‍ കൊല്ലപ്പെട്ടതായി വിവരം പുറത്തു വന്നതോടെയാണ് ബിറ്റ് കോയിന് ഇടപാടുകളെകുറിച്ചു മലയാളികള്‍ മനസിലാക്കി തുടങ്ങിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി യുവാവും ഇയാളുടെ പിതാവിന്റെ മറ്റൊരു ഭാര്യയിലുള്ള മകനും ചേര്‍ന്ന് മലേഷ്യന്‍ ബിറ്റ് കോയിന്റെ പേരില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നായി 300 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ക്വട്ടേഷന്‍സംഘം ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
ഡാർക് വെബ് എന്ന അധോലോകം
സ്വര്‍ണക്കടത്തിനും ലഹരി ഇടപാടുകള്‍ക്കും മറയാക്കുന്ന ഡാര്‍ക് വെബ്ബുകളുണ്ട്. സൈബര്‍ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക് വെബ്സൈറ്റുകള്‍ പരതി ഇടപാടുകാരുടെ വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. ഡാര്‍ക് വെബ് സന്ദര്‍ശിക്കുന്നവരുടെ ഇന്റര്‍നെറ്റ് വിലാസം കണ്ടെത്താനും ആകില്ല. കറന്‍സിക്കു പകരം ബിറ്റ്കോയിന് വഴിയാണ് ഇടപാട്. അതുകൊണ്ടാണ് ഈ സംവിധാനം മയക്കുമരുന്ന് സ്വര്‍ണക്കടത്ത് ശ്രംഖല ഉപയോഗിക്കുന്നത്. കൊലപാതകങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കലും, അവയവ വില്പനയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി വില്പന നടത്തുവരുടെ ഇടപാടുകളും വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കലും തുടങ്ങി നിയമവിരുദ്ധമായ എന്തും നടക്കുന്ന ഇടമാണ് ഇത്. അതിനാല്‍ തന്നെ ഡാര്‍ക്ക് വെബ് ഇന്റർനെറ്റിലെ അധോലോകമാണ്.
ക്രിപ്റ്റോകറൻസികൾ നിരവധി
മോറിസ് കോയിന് എന്ന ന്യുജന്‍ ക്രിപ്റ്റോ കറന്‍സിയും രംഗത്തിറങ്ങി കഴിഞ്ഞു. ഇതു കൂടാതെ നിരവധി ക്രിപ്റ്റോ കറന്‍സികള്‍ രംഗത്തുണ്ട്. ഇതെല്ലാം അന്താരാഷ്ട്രതലത്തിലാണ് തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതാണ്. മോറിസ് കോയിന്റെ പേരില്‍ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച ലോംഗ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ വ്യാപകപരാതിയുയര്ന്നിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ തട്ടിപ്പു നടന്നതായാണ് പോലീസ് സംശയിക്കുന്നത്.
ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങള്‍ മോറിസ് കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന് വില്‍ക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു.
ജോണ്സണ് വേങ്ങത്തടം
ലഹരിക്കടത്ത്: ക്രിപ്റ്റോ കറന്‍സികള്‍ക്കു പിന്നാലെ എന്‍ഐഎ
02:39 PM Oct 06, 2020 | Deepika.com