ഒരു കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ചർച്ചാവിഷയമായ പേരുകളിലൊന്നാണ് എലീൻ വുർനോസ്! അമേരിക്കയെ ഞെട്ടിച്ച സീരിയൽ കില്ലർ. വഴിവിട്ട ജീവിതത്തിലൂടെ പലരെയും കെണയിലാക്കിയവൾ, നിരവധിപേരുടെ ജീവിതത്തെ നരകമാക്കി മാറ്റിയവൾ, ഫ്ളോറിഡയിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ് അവളുടെ ജീവിതം. എന്നാൽ, താൻ ചെയ്തു കൂട്ടിയതിനൊക്കെ പ്രതിഫലമായി വധശിക്ഷയാണ് അവളെ കാത്തിരുന്നത്. ജനനം:1956 ഫെബ്രുവരി 29. വധശിക്ഷ: 2002 ഒക്ടോബർ ഒന്പത്.
സാഹചര്യങ്ങളാണ് അവളെ കൊടുംക്രിമിനൽ ആക്കിയതെന്നു പറയാം. വളരെ മോശം ജീവിത സാഹചര്യങ്ങളിലേക്കായിരുന്നു അവളുടെ ജനനം. കൺമുന്നിൽ കണ്ടു വളർന്നതൊക്കെ മോശപ്പെട്ട കാര്യങ്ങൾ. പിന്നെ അതൊന്നും മോശമായതല്ലെന്ന് അവൾക്കു തോന്നിത്തുടങ്ങി. പതുക്കെ ഇരുണ്ട വഴികളിലൂടെ അവളും നടന്നു തുടങ്ങി.
വുർനോസ് ജനിച്ച സമയത്ത് അവളുടെ പിതാവ് ജയിലിലായിരുന്നു. അതും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട്. പിന്നീട് അയാൾ ജയിലിൽ തൂങ്ങി മരിച്ചു. ഇതോടെ പിതാവിന്റെ സംരക്ഷണവും കരുതലുമൊന്നും അനുഭവിക്കാനുള്ള യോഗം വുർനോസിന് ഇല്ലാതെ പോയി. എന്നാൽ, അവളെ തിക്താനുഭവങ്ങൾ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
അമ്മയും ഉപേക്ഷിച്ചു
നാലു വയസുള്ളപ്പോൾ വുർനോസിനെയും സഹോദരനെയും ഉപേക്ഷിച്ച് അമ്മ മറ്റൊരാളോടൊപ്പം പോയി. ഇതോടെ വുർനോസും സഹോദരനും ഒറ്റയ്ക്കായി. എത്തുംപിടിയും കിട്ടാത്ത ജീവിതത്തിനു മുന്നിൽ വുർനോസ് പകച്ചുപോയ നിമിഷം. തനിക്കും സഹോദരനും തുണയില്ലാതായിരിക്കുന്നു. ഇനിയെങ്ങോട്ട് എന്ന ചിന്തയിൽ നിൽക്കുന്പോഴാണ് വുർനോസിന്റെയും സഹോദരന്റെയും സംരക്ഷണം ഏറ്റെടുക്കാൻ മാതൃപിതാവ് മുന്നോട്ടു വരുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ജീവിതത്തിലേക്കുള്ള വുർനോസിന്റെ ആദ്യ പടിയായിരുന്നു മുത്തച്ഛനോടൊപ്പമുള്ള താമസം.
ദുരനുഭവങ്ങൾ
മുത്തച്ഛൻ തികഞ്ഞ മദ്യപാനിയും സ്ത്രീലന്പടനും ആയിരുന്നു. ചെറുപ്രായത്തിൽത്തന്നെ വുർനോസും സഹോദരനും വളരെ മോശപ്പെട്ട ശിക്ഷണത്തിൽ വളരാൻ വിധിക്കപ്പെട്ടു. മുത്തച്ഛന്റെ വൃത്തികെട്ട സ്വഭാവം വുർനോസിലും സഹോദരനിലും പ്രതിഫലിച്ചു തുടങ്ങി. മുത്തച്ഛൻ ചെയ്യുന്നതൊന്നും മോശം പ്രവൃത്തിയല്ലെന്നുള്ള ധാരണ ഇതോടെ വുർനോസിലും വളർന്നു. വെറും പതിനൊന്നു വയസുള്ളപ്പോൾ അവൾ സിഗരറ്റ് വലിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. (തുടരും).
തെരുവു ജീവിതം!
04:14 PM Oct 03, 2020 | Deepika.com