ചാത്തന്നൂർ: കെ എസ്ആർടിസിൽ ജോലി ചെയ്യാൻ ഇഷ്ട ഡിപ്പോയിൽ ഇടിച്ചുകയറുന്ന പരിപാടി ഇനി നടക്കില്ലെന്നു സൂചന. ചില ഡിപ്പോകളിൽ ആവശ്യത്തിലേറെ ജീവനക്കാരുള്ളപ്പോൾ ചിലേടങ്ങളിൽ ആളില്ലാതെ വിഷമിക്കുകയാണ്.
രാഷ്ട്രീയ സ്വാധീനം
രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് ഇഷ്ടഡിപ്പോകളിൽ നിയമനം തരപ്പെടുത്തുന്ന രീതിയാണ് കോർപ്പറേഷനിൽ. ഇതുകൊണ്ട് ആവശ്യത്തിന് അനുസരിച്ചല്ല ജീവനക്കാരുടെ വിന്യാസം. ഇതു പരിഹരിക്കാൻ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അംഗബലം ഓരോ ഡിപ്പോയിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകൾക്കനുസരിച്ചു ക്രമീകരിക്കാൻ നീക്കം തുടങ്ങി.
ഓരോ ഡിപ്പോയിലും ആവശ്യമായ ഓപ്പറേറ്റിംഗ് ജീവനക്കാരെ കുറിച്ച് വ്യക്തമായ കണക്കുകൾ ഭരണ വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ അറിയിക്കണമെന്ന ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചു.
അഴിച്ചുപണിയും
ഓപ്പറേറ്റിംഗ് വിഭാഗമായ കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ, ഡ്രൈവർ, വെഹിക്കിൾ സൂപ്പർവൈസർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ എന്നീ തസ്തികകളാണ് ഷെഡ്യൂളുകൾക്കനുസരിച്ച് പുനക്രമീകരിക്കുന്നത്. പല ഡിപ്പോകളിലും ആവശ്യത്തിലധികം ജീവനക്കാരുള്ളപ്പോൾ മറ്റ് പല ഡിപ്പോകളിലും ആവശ്യത്തിന് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
56 ഷെഡ്യൂളുകൾ മാത്രമുള്ള ആറ്റിങ്ങൽ ഡിപ്പോയിൽ 216 കണ്ടക്ടർമാർ വരെയുണ്ടായിരുന്നു.ഇവരിൽ പലർക്കും ജോലി ചെയ്യാൻ അവസരം പോലും ലഭിച്ചിരുന്നില്ല. ഇതേ അവസ്ഥയാണ് പല ഡിപ്പോകളിലും.
സർവീസ് തെറ്റുന്നു
ഒരു ഡിപ്പോയിൽ കണ്ടക്ടർമാർ അധികമാണെങ്കിൽ മറ്റ് പല ഡിപ്പോകളിലും ഡ്രൈവർമാർക്കു ക്ഷാമമോ അല്ലെങ്കിൽ അധികമോ ആണ്. ജീവനക്കാരുടെ കുറവുകൊണ്ട് പല ഡിപ്പോകളിലും ഷെഡ്യൂളുകൾ മുടങ്ങുന്നതും പതിവാണ്.
ഷെഡ്യൂളുകൾക്കനുസരിച്ചു സന്തുലിതാവസ്ഥയിൽ ജീവനക്കാരില്ലാത്തതാണ് ഇതിനു പ്രധാന കാരണം.പുനക്രമീകരണമുണ്ടാകുമ്പോൾ ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കു സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാനും അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്.
- പ്രദീപ് ചാത്തന്നൂർ
56 ഷെഡ്യൂൾ, 256 കണ്ടക്ടർമാർ! ഇഷ്ട ഡിപ്പോയിലെ ഇടിച്ചുകയറ്റം പൊളിക്കാൻ കെഎസ്ആർടിസി
03:28 PM Jul 09, 2021 | Deepika.com