ഫൂലൻ ദേവി ആയുധം താഴെ വച്ചപ്പോൾ എല്ലാവരും കരുതി എല്ലാം ശാന്തമാവുകയാണ്. ഇനി ആരെയും പേടിക്കാനില്ല. എന്നാൽ, കാര്യങ്ങൾ അതുകൊണ്ട് അവസാനിച്ചില്ല എന്നതാണ് യാഥാർഥ്യം. ഉയർന്ന ജാതിക്കാരെയും സന്പന്നരെയും ലക്ഷ്യമിട്ടിരുന്ന ഫൂലൻദേവി ആയിരക്കണക്കിനു സാധാരണക്കാർക്കും താഴ്ന്ന ജാതിക്കാർക്കുമൊക്കെ ദേവിയായിരുന്നു. അവളെ ദേവിയെപ്പോലെ തന്നെ ആരാധിച്ചിരുന്നവരും ഇഷ്ടപ്പെട്ടിരുന്നവരും നിരവധിയായിരുന്നു. അതുകൊണ്ടാണ് പോലീസും പ്രത്യേകസേനയുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫൂലനെ തൊടാൻ പോലും കിട്ടാതിരുന്നത്.
ഫൂലൻ കണ്ട് പഠിച്ചു
ഗ്രാമീണർ ശരിക്കും അവൾക്കു സംരക്ഷണകവചമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഫൂലന്റെ ജീവിതം മറ്റു പലരെയും ഇത്തരം ജീവിത രീതികളിലേക്കു തിരിയാൻ പ്രേരിപ്പിച്ചു. ഫൂലൻ ദേവിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു കൊള്ളക്കാരിയായി മാറിയ മറ്റൊരു പെൺകുട്ടിയായിരുന്നു സീമ പരിഹർ. ഫൂലൻ ദേവിയെപ്പോലെ തന്നെ ചന്പൽക്കാടുകളെ സീമയും അടക്കിവാണു. സീമ പരിഹാർ എന്ന പേരുപോലും ജനങ്ങളിൽ ഭീതിയുളവാക്കി. താൻ കൊള്ളക്കാരിയായതു ഫൂലൻ ദേവിയുടെ ജീവിതം കണ്ടു പഠിച്ചിട്ടാണെന്നു പരസ്യമായി പറയാനും സീമയ്ക്കു മടിയുണ്ടായില്ല. കൊള്ളയും അക്രമവും മാത്രമല്ല കൊലപാതകം വരെ നടത്തി അവൾ വർഷങ്ങളോളം ഏറെക്കാലം കുറ്റകൃത്യങ്ങളുടെ ലോകത്ത് റാണിയായി വാണ സീമ പിന്നീടു ഫൂലൻദേവിയുടെ വഴി തന്നെ തെരഞ്ഞെടുത്തു. അക്രമവും കൊള്ളയും അവസാനിപ്പിച്ചു രാഷ്ട്രീയത്തിൽ കണ്ണുനട്ടു. കുറേക്കാലം രാഷ്ട്രീയത്തിൽ സജീവമായി നിന്നു. വിവിധ പാർട്ടികളിൽ മാറി മാറി പ്രവർത്തിച്ചു. ഒടുവിൽ സജീവരാഷ്ട്രീയവും വിട്ടു സാമൂഹ്യസേവനവും പ്രകൃതി സംരക്ഷണവും ജീവിതവഴിയായി തെരഞ്ഞെടുത്ത് ഇപ്പോൾ മുന്നോട്ടുപോകുന്നു. താൻ ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നാണ് സീമയുടെ പ്രതികരണം.
സാമൂഹ്യപ്രവർത്തനം
സമാധാനത്തിന്റെ വഴിയിലെത്തി ജനപ്രതിനിധി ആയി മാറിയ ഫൂലനെ കൊലപ്പെടുത്തിയതോടെ അസ്തമിച്ചു പോയ ഫൂലന്റെ കാല്പ്പാടുകളിലൂടെ താനിപ്പോൾ സഞ്ചരിക്കുകയാണെന്നു ഫൂലനെ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത സീമ പറയുന്നു. ഫൂലൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ഇപ്പോൾ ചെയ്യുമായിരുന്നോ അതൊക്കെയാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സീമ അവകാശപ്പെടുന്നു.
2010ൽ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിലേക്കു മത്സരാർഥിയായി സീമ എത്തിയതു വലിയ വാർത്തയായിരുന്നു. അന്നു കോടതിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് സീമ ഈ പരിപാടിയിൽ പങ്കെടുത്തത്.
ബിഗ്ബോസിൽ പങ്കെടുത്തതോടെ സീമയുടെ താരമൂല്യം ഉയർന്നുവെന്നു വേണം പറയാൻ. കൊള്ളക്കാരിയെന്ന ഇമേജിൽനിന്നു പുറത്തുകടക്കാൻ സീമയ്ക്കു ബിഗ്ബോസ് ഉപകാരപ്പെട്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫൂലന്റെ പ്രധാന ശത്രുക്കൾ താക്കൂർമാരായിരുന്നെങ്കിൽ സീമ ജനിച്ചതു തന്നെ താക്കൂർ സമുദായത്തിലായിരുന്നു.
(തുടരും)
ഇവൾ രണ്ടാം ഫൂലൻ!
04:54 PM Sep 09, 2020 | Deepika.com