കുട്ടിക്കാലം മുതൽ ആരോഗ്യകരമായ ദന്ത, വായ പരിചരണ ശീലങ്ങൾ വളർത്തിയെടുക്കണം. പല്ലു തേക്കുന്നത് മാതാപിതാക്കൾ കൃത്യമായി കുട്ടികളെ പഠിപ്പിച്ചു കൊടുക്കുക. തങ്ങൾക്ക് ഇതു കൃത്യമായി അറിയാമോ എന്നു മാതാപിതാ ക്കൾ ആദ്യം സ്വയം വിലയിരുത്തട്ടെ. കൃത്യമായി അറിയില്ലെങ്കിൽ ദന്തഡോക്ടറുടെ സഹായത്തിൽ പഠിച്ചെടുക്കണം.
ദന്തചികിത്സകൾ വളരെയധികം ചിലവേറിയതാണ്. ചികിത്സയിലേക്ക് എത്താതിരിക്കാൻ സമയോചിതമായ പ്രതിരോധ ചികിത്സകളും പരിപാലനവും നൽകിയാൽ മതിയാവും. കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ പുകയില, മറ്റു ലഹരിപദാർത്ഥങ്ങൾ ഇവയുടെ ദൂഷ്യവശങ്ങളെപ്പറ്റി കൃത്യമായി പറഞ്ഞു മനസിലാക്കണം.
ഫാസ്റ്റ്ഫുഡ് കുഴപ്പമാകുമോ?
പ്രായഭേദമെന്യേ ഭക്ഷണകാര്യങ്ങളിൽ പുതിയ ശീലങ്ങൾ ഉണ്ടായിട്ടുണ്ട്. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നതു ശരിയാണ്. രണ്ടുനേരം പല്ലു തേക്കുന്നത് നല്ലതാണ്. പക്ഷേ, ഇതു ശരിയായ രീതിയിലാണോ ചെയ്യുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ഭക്ഷണരീതിയാണോ എന്നു പരിശോധന നടത്തുന്നതിനൊപ്പം പല്ലുകൾക്കും വായ്ക്കും ആവശ്യമുള്ള ശുചീകരണം കൃത്യമായി നടക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് അനിവാര്യം. തിരക്കിട്ട ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും വീട്ടിലെ ഭക്ഷണത്തിനൊപ്പം ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്നു. ഇത് അമിതമാകുന്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം തന്നെ ദന്ത - വായ പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണുന്നു.
രണ്ടുനേരം പല്ലു തേച്ചില്ലെങ്കിൽ..?
ദിവസവും രണ്ടുനേരം കൃത്യമായി പല്ലുതേയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായി കുട്ടികളെ പഠിപ്പിക്കേണ്ടത്. കുട്ടികൾ ചെറിയ പ്രായത്തിൽ അവരുടെ മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നില്ല. എന്നാൽ, കൗമാരത്തിൽ എത്തുന്പോൾ അവർക്ക് സൗന്ദര്യ ബോധം കൂടുതലായിരിക്കും. കൃത്യമായ ദന്തസംരക്ഷണം നടന്നില്ല എങ്കിൽ അത് പല്ലുകളിൽ കറ, വായ്നാറ്റം, പല്ല് ഇല്ലായ്മ എന്ന അവസ്ഥ ഇവയിലേക്ക് നയിക്കുന്നു.
ദന്തൽ ഫ്ലോസിങ്ങ് എന്തിന്?
ദന്ത, വായ സംരക്ഷണത്തിന് ഇന്ന് ഏറെ ഉത്പന്നങ്ങൾ വിപണിയിലുണ്ട്. അതിൽ നമ്മുടെ പല്ലുകൾക്കും മോണയ്ക്കും ആവശ്യമുള്ളത് ഏതാണ് എന്നു മനസിലാക്കി തെരരഞ്ഞെടുക്കാനും കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. പല്ലുതേപ്പിനോടൊപ്പം ദന്തൽ ഫ്ലോസിങ്ങും ഈ കാലത്തെ ഭക്ഷണ രീതികൾക്ക് അവശ്യമാണ്. അതുപയോഗിക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യം നിലനിർത്തുന്നതിന് സഹായകം. ഇത് രണ്ടു പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയ ഭക്ഷണാവശിഷ്ടങ്ങളെ പൂർണമായി നീക്കം ചെയ്യുന്നു. ഈ ഭാഗത്താണ് പോട് വരാനുള്ള സാധ്യത ഏറ്റവും കൂടുതൽ.
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണോ?
ആഹാരകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ദൈനംദിന ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുകളടങ്ങിയ ഭക്ഷണം എന്നിവ ഉൾപ്പെടുത്തണം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്...
05:19 PM Sep 04, 2020 | Deepika.com