കാടിന്റെ നിഗൂഢവും മനോഹരവുമായ സൗന്ദര്യം കുട്ടിയായ വിരാടിൽ കൗതുകവും ഇഷ്ടവും നിറച്ചു. കാടിന്റെ മക്കളുടെ ജീവിതം അവൻ ആദ്യമായി കാണുകയാണ്. നഗരജീവിതത്തിന്റെ സങ്കീർണതകളോ തിരക്കോ ഇല്ലാതെ സ്വച്ഛന്ദമായി ഒഴുകുന്ന ജീവിതപ്പുഴ. അതിന്റെ ഓളപ്പരപ്പിന്റെ തണുപ്പിൽ അറിയാതെ അവൻ അലിഞ്ഞുചേർന്നു. നേതാജി എന്ന ചിത്രം നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചപ്പോൾ പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്.
ദേശീയ അന്തർദേശീയ ചലച്ചിത്ര മേളയിൽ ശ്രദ്ധയാകർഷിച്ച ചിത്രം, ഒരു ദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടു ത്തിയിട്ടുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും ആദർശവും പുതുതലമുറ ഉൾക്കൊള്ളുന്നതെങ്ങനെ എന്ന് ഓർമപ്പെടുത്തുന്നു. നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് നേതാജി. വയനാട്ടിലെ ഇരുള ആദിവാസി വിഭാഗത്തിന്റെ ഭാഷയും ജീവിതവും പകർത്തുന്ന ചിത്രം ചരിത്രപരമായൊരു ദൗത്യം കൂടി നിർവഹിക്കുന്നുണ്ട്. കാരണം ഇരുള ഭാഷയിൽ നിർമിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ ചിത്രമെന്ന ബഹുമതി നേതാജിക്കാണ്.
ഇരുളരുടെ ജീവിത സാഹചര്യങ്ങളിൽ നേതാജിയുടെ ആദർശങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തിന്റെ പ്രമേയം. ആദിവാസി ഭാഷയിൽ നിർമിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സന്പൂർണ ചിത്രം എന്ന പ്രത്യേകതയ്ക്കൊപ്പം, ഏറ്റവും അധികം ആദിവാസികളെ അണിനിരത്തിയ ചലച്ചിത്രം എന്ന ഗിന്നസ് റെക്കോഡും നേതാജി സ്വന്തമാക്കി. ചിത്രം ഇന്ത്യൻ പനോരമയിലും സ്ഥാനം പിടിച്ചു. ജോണി ഇന്റർനാഷണലിന്റെ ബാനറിൽ വേൾഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ പ്രസിഡന്റുകൂടിയായ ജോണി കുരുവിളയാണ് ചിത്രം നിർമിച്ചത്. വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് സംവിധായകൻ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നേതാജിയെ അവതരിപ്പിച്ചത് പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ്. ഗാന്ധിയൻ കുമാരനായി വേഷമിട്ടത് പ്രമുഖ പത്രപ്രവർത്തകനും വേൾഡ് മലയാളി കൗണ്‍സിലിന്റെ മുൻ ഗ്ലോബൽ ചെയർമാനുമായ ഐസക്ക് ജോണ്‍ പട്ടാണിപറന്പിലാണ്. വിരാടായി എത്തുന്നത് ക്ലിന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാസ്റ്റർ അലോക് യാദവാണ്. ഫെലിക്സ് കുരുവിള, റോജി പി. കുര്യൻ, രാജേഷ് ബി, ആഷ്ലി ബോബൻ, ബേബി സിയാമോൾ, പ്രസന്നൻ പിള്ള, മുരളി മാട്ടുമ്മൽ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വയനാടൻ കാടിന്റെ സൗന്ദര്യം കാമറയിൽ ഒപ്പിയെടുത്തത് അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണനാണ്. വിജീഷ് മണിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് യു. പ്രസന്നകുമാറാണ്. സംഗീതം ഒരുക്കിയത് ജുബൈർ മുഹമ്മദ്. എഡിറ്റിംഗ് നിർവഹിച്ചത് രാഹുൽ ക്ലബ് ഡിയാണ്.
ഗോവയുടെ മനം കവർന്ന് നേതാജി
02:42 AM Dec 08, 2019 | Deepika.com