മോണ കാട്ടിയുള്ള കുഞ്ഞിന്റെ ചിരി എത്ര മനോഹരമാണ്. പല്ലുകൾ മുളച്ചു വരുന്പോൾ പലപ്പോഴും ഈ ഭംഗി കുറെയൊക്കെ നഷ്ടപ്പെടും. ഇനി അതിൽ പോടുകൾ കൂടി ഉണ്ടായാലോ? അഭംഗിയായി മാറും. നഴ്സിംഗ് ബോട്ടിൽ കാരീസ് എന്ന അവസ്ഥ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണ്. അതിനോടൊപ്പം റാന്പന്റ് കാരീസ് കൂടി ആകുന്പോൾ വായ്ക്കുള്ളിലെ മുഴുവൻ പല്ലുകളും കേടുള്ളതാകും. കുഞ്ഞുങ്ങൾക്ക് രാത്രിയിൽ പാലു കൊടുക്കുന്നതും അമിതമായ മധുരത്തിന്റെ ഉപയോഗവുമാണ് ഇതിന്റെ കാരണങ്ങൾ. ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ.
1. ആറു മുതൽ ഏഴ് മാസം പ്രായമാകുന്പോൾ തന്നെ ദന്തപരിശോധന നടത്തിക്കണം
2. പാൽ കുടിച്ചതിനു ശേഷം നനഞ്ഞ വൃത്തിയുള്ള രോഗാണുവിമുക്തമായ ഗോസ് ഉപയോഗിച്ച് മോണയും പല്ലും വൃത്തിയാക്കുക.
3.പല്ലുകൾ വന്നതിനുശേഷം പോട് വരാതിരിക്കുവാനുള്ള ഫ്ലൂറൈഡ് ട്രീറ്റ്മെൻറ് നടത്തുക.
4. ചെറിയ കുഴികൾ പിറ്റ് ആൻഡ് ഫീഷർ സീലന്റ് ചെയ്തു പരിഹരിക്കണം
5. പോടുകൾ അടയ്ക്കുകയും ആഴം കൂടിയ പോടുകൾ പൾപ്പ് തെറാപ്പി അല്ലെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തി സംരക്ഷിക്കുകയും ചെയ്യണം.
6. ഏതെങ്കിലും കാരണവശാൽ പല്ലുകൾ എടുത്തു കളഞ്ഞാൽ സ്ഥിര ദന്ത സ്ഥലം സംരക്ഷിക്കാനായി സ്പേയ്സ് മെയ്ൻടെയ്നർ
ഉപയോഗിക്കണം .
7. 6 -12 വയസു വരെയുള്ള സമയം പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും സമ്മിശ്രമായി വായിൽ ഉണ്ടാകുന്ന കാലമാണ്. ഈ കാലഘട്ടത്തിൽ ഇതിൽ പറിഞ്ഞു പോകേണ്ടത് ഏതാണെന്നും പുതിയതായി വന്നത് ഏതാണെനെന്നും മനസിലാക്കാൻ ഒരു ഡോക്ടറെ കണ്ട് പരിശോധിച്ചാൽ മാത്രമേ സാധിക്കൂ.
മോണരോഗം
പല്ലുകളിൽ രൂപപ്പെടുന്ന പ്ലാക്ക് എന്ന അംശം നമുക്ക് കാണാൻ സാധിക്കില്ല. കാരണം ഇത് സുതാര്യമാണ്. ഇത് രോഗാണുക്കളുടെ ഒരു കോളനിയാണ്. എന്നാൽ, മഞ്ഞ കളറിൽ അടിഞ്ഞുകൂടുന്ന കക്ക അഥവാ ചെത്തൽ, ഇത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത് ഇളക്കിയാൽ ഇളകിപ്പോകുന്നതാണ്. ഇതു നീക്കം ചെയ്തില്ലെങ്കിൽ മോണ ചുവന്നു തടിച്ചു വീക്കം വരികയും അതിൽ നിന്ന് രക്തം വരികയും ചെയ്യും.
അതു വേദന, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വായ്നാറ്റം എന്നിവയ്ക്കു സാധ്യതയേറുന്നു. കൂടുതൽ കാലം ഇത് നിലനിന്നാൽ മോണ വലിയുകയും പല്ലിന് ഇളക്കം വരികയും ചെയ്യുന്നു.കൃത്യമായ പല്ലുതേപ്പും ഫ്ളോസിംഗും വർഷത്തിലൊരിക്കലുള്ള പരിശോധനയും ഇതിന് പരിഹാരമാണ്.
വായ്പ്പുണ്ണ്
വളരെയധികം വേദന ഉണ്ടാക്കുന്ന ഒരവസ്ഥയാണ് വായ്ക്കുള്ളിലെ അൾസർ അഥവാ വായ്പ്പുണ്ണ്. മൂന്നാഴ്ചയ്ക്കുമേൽ നിലനിൽക്കുന്ന വായ്പ്പുണ്ണ് ഒരേ സ്ഥലത്ത് ആണെങ്കിൽ അത് പരിശോധിച്ചു കാരണം കണ്ടെത്തണം. പല്ലുകൾ കൊണ്ട് മുറിയുന്നത്, പല്ലുതേക്കുന്പോൾ ബ്രഷ് കൊണ്ട് മുറിയുന്നത്, ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഉണ്ടാവുന്ന മുറിവുകൾ ഇതൊക്കെ സാധാരണം. അല്ലാതെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വായ്ക്കകത്ത് ഉണ്ടാകുന്ന അൾസറുകൾ ശരീരത്തിന് പ്രതിരോധ ശക്തി കുറയുന്നതുകൊണ്ടാണ്.
പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനം, ദഹനക്കുറവ്, അമിതമായ ഉൽക്കണ്ഠ ഇവയൊക്കെ വായ്ക്കകത്തെ അൾസറിന് കാരണമാകാറുണ്ട്. ഈ കാരണങ്ങൾക്കു പരിഹാരം കാണുന്നതിനോടൊപ്പം പ്രോബയോട്ടിക്കുകളുടെ ഉപയോഗവും വളരെയധികം പ്രയോജനം ചെയ്യും. നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന തൈരിൽ പ്രോബയോടിക് അളവ് വളരെ കൂടുതലാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
മോണകാട്ടിച്ചിരിയുടെ ഭംഗി നിലനിർത്താം!
02:49 PM Aug 10, 2020 | Deepika.com