നിരന്തരമായി ജനങ്ങളുമായി സന്പർക്കം പുലർത്തുന്ന പ്രസംഗകർ, അധ്യാപകർ തുടങ്ങിയവരും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ, സിനിമാകൊട്ടകകൾ തുടങ്ങിയവയുടെ നടത്തിപ്പുകാരും അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ. ഗുണദോഷനിരൂപണങ്ങൾ തെറ്റുകൾ തിരുത്താൻ ഉപകരിക്കും.
അനാരോഗ്യകരമായ നിരൂപണങ്ങൾ പൊതുജനമധ്യത്തിൽ തങ്ങളുടെ ഭാവന ചേർത്ത് തീർത്തും അപഹാസ്യമായ രീതിയിൽ പ്രചരിപ്പിക്കുന്നത് സമൂഹസംസ്കാരത്തിന്റെ മൂല്യച്യുതിതന്നെ.
പ്രിയവും അപ്രിയവുമായ വിമർശനങ്ങൾ കലവറകൂടാതെ പ്രകടിപ്പിക്കാൻ ജനങ്ങൾക്ക് അവസരം കൊടുക്കുന്ന ഒരു നല്ല ഉപാധിയാണ് അഭിപ്രായപ്പെട്ടികൾ. ജനവിധിയെന്തെന്നു കാട്ടിത്തരുന്ന ഒന്നാന്തരം ദർപ്പണങ്ങളാണ് അവ. അരോചകമായ ചേഷ്ടകളും ഗോഷ്ടികളും അധ്യാപനശൈലിയാക്കിയ ടീച്ചർമാർ, ഹോട്ടലുകളിലെ നിസ്സംഗരായ വെയിറ്റർമാർ, രോഗവിവരം പറഞ്ഞുതീരും മുൻപേ മരുന്നു കുറിക്കുന്ന ഡോക്ടർമാർ, ശ്രോതാക്കൾക്ക് കർണകഠോരമായി ദീർഘഭാഷണം നടത്തുന്ന പ്രഭാഷകർ, വികലമായ ഉച്ചാരണം ആവർത്തിച്ച് ശ്രോതാക്കളുടെ സുഖം കെടുത്തുന്ന പ്രസംഗകർ തുടങ്ങിയവരെല്ലാം തിരുത്തപ്പെടേണ്ടവർതന്നെ.
നിഷ്പക്ഷതയോടെ, ഉള്ളു തുറന്ന് - പേരു വയ്ക്കാതെയോ - എല്ലാം പറയാൻ പാകത്തിൽ അഭിപ്രായ, നിർദേശപ്പെട്ടികൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുക പ്രചോദനകരമാണ്. നല്ലകാര്യങ്ങളും എഴുതാം. നിർദോഷമായ, ചെലവുകുറഞ്ഞ ഈ ഉപാധി ജനവിധിയറിയാനുള്ള നല്ല മാർഗംതന്നെ.
സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669
അഭിപ്രായപ്പെട്ടികൾ
03:34 AM Nov 24, 2019 | Deepika.com