ദന്താരോഗ്യത്തെ ബാധിക്കുന്ന ഏതൊരവസ്ഥയെയും ദന്ത വൈകല്യമായി പരിഗണിക്കാം. ഇത്തരം വൈകല്യങ്ങൾ കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രം ഉണ്ടാകുന്നു എന്നാണ് പൊതുവെ ധാരണ. എന്നാൽ ചില ജനിതക തകരാറുകൾ, വളർച്ച സംബന്ധമായ പ്രശ്നങ്ങൾ പോലെയുള്ള പല കാരണങ്ങൾ കൊണ്ട് അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുന്പോൾ മുതൽ തന്നെ ദന്ത വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭാവസ്ഥയിൽ മാതാപിതാക്കളിൽ നിന്നു കുഞ്ഞിനു ജനിതക ഗുണങ്ങൾക്കൊപ്പം ജനിതക വൈകല്യങ്ങളും പകർന്നു കിട്ടാൻ സാധ്യതയുണ്ട്. ഇതോടൊപ്പമുണ്ടാകാവുന്ന മറ്റു പ്രശ്നങ്ങൾ:
1. താടിയെല്ലിലെ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ
2. പല്ലിന്റെ വലുപ്പത്തിലുള്ള ഏറ്റക്കുറച്ചിലുകൾ.
3. മുച്ചുണ്ട് മുച്ചിറി
4. ജന്മനാ പല്ലുകളുടെ അഭാവം
5. പല്ലുകളുടെ എണ്ണത്തിലുള്ള കുറവ് അല്ലെങ്കിൽ കൂടുതൽ അതുപോലെതന്നെ അവയുടെ സ്ഥാനം തെറ്റൽ.
6. പല്ലുകളുടെ പുറത്തെ പാളി ആയതും ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥവുമായ ഇനാമലിന്റെ കട്ടികുറവ്.
7. പല്ലുകൾക്ക് ബലം കൊടുക്കുന്ന ഉള്ളിലെ അംശമായ ഡന്റിന്റെ കട്ടികുറവ്.
8. ഗർഭാവസ്ഥയിൽ അമ്മ ഉപയോഗിക്കുന്ന മരുന്നുകൾ മൂലമുണ്ടാകുന്ന പല്ലുകളുടെ നിറവ്യത്യാസം.
9. കുടിവെള്ളത്തിൽ അല്ലെങ്കിൽ ഭക്ഷണത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ഫ്ലൂറൈഡ് ഉണ്ടെങ്കിൽ ഫ്ലൂറോസിസ് ഉണ്ടാവാം.
ഗർഭാവസ്ഥയിൽ
ഗർഭാവസ്ഥയുടെ ആദ്യത്തെ ആറാഴ്ചയ്ക്കുള്ളിൽ പല്ലുകളുടെ വളർച്ച തുടങ്ങുന്നു. അമ്മയുടെ ദന്തശുചിത്വം, അമ്മ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളത്തിലെ ചില ഘടകങ്ങൾ എന്നിവ കുഞ്ഞിനെ സ്വാധീനിക്കുന്നു. ദന്തശുചിത്വം പാലിക്കാതിരുന്നാൾ അമ്മയുടെ വായിൽ സൂക്ഷ്മാണുക്കൾ ഉണ്ടാവുകയും ഇവ കുഞ്ഞിനു ദന്തരോഗങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. ഗർഭാവസ്ഥയുടെ പതിനൊന്നാം ആഴ്ചയ്ക്കു ശേഷം ഇനാമൽ ഉണ്ടാകുന്ന പ്രക്രിയ നടക്കുന്നു. ഈ സമയത്ത് അമ്മ കുടിക്കുന്ന വെള്ളത്തിൽ ഫ്ലൂറൈഡ് അളവ് കൂടുതലാണെങ്കിൽ കുഞ്ഞിനു ദന്തൽ ഫ്ലൂറോസിസ് എന്ന അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇനാമലിന്റെ രൂപീകരണ സമയത്ത് അതിന് ബലക്കുറവ് ഉണ്ടാകാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ കാരണമാകുന്നു.പ്രസവ സമയത്ത് താടിയെല്ലിൽ ഉണ്ടാകുന്ന ചില ആഘാതങ്ങളും ദന്ത - താടി വൈകല്യങ്ങൾക്ക് കാരണ
മാകാം.
പല്ല് മുളയ്ക്കുന്പോൾ
കുഞ്ഞ് ജനിക്കുന്പോൾത്തന്നെ വായിൽ കാണുന്ന പല്ലിനെ നേറ്റൽ ടീത്ത് എന്നും ജനിച്ചു കഴിഞ്ഞ 30 ദിവസം കഴിഞ്ഞ് മുളയ്ക്കുന്ന പല്ലിനെ നിയോനേറ്റൽ ടീത്ത് എന്നും പറയൂന്നു. കുഞ്ഞിനു പാലുകുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുമെന്നതിനാൽ ഇത് എടുത്തു കളയാനാണു നിർദേശിക്കുന്നത്. പാൽപ്പല്ലുകളുടെ ഗണത്തിൽ പെടുന്നതാണ്. അല്ലാത്തതിനാൽ ഇത് എടുത്തുകളയുന്നത് കൊണ്ട് മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാവുന്നില്ല.
കുഞ്ഞുങ്ങൾക്ക് പാൽപ്പല്ല് മുളയ്ക്കുന്നതിനാണ് ടീതിങ്ങ്എന്ന് പറയുന്നത്. ജനിച്ച 5 മാസം മുതലുള്ള കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ഉറക്കമില്ലായ്മ, പനി, വിശപ്പില്ലായ്മ, വയറിളക്കം, ഛർദ്ദി, വായിൽനിന്ന് ഒലിക്കുക, കിട്ടുന്നതെല്ലാം കഴിക്കാനുള്ള പ്രവണത കാണിക്കുക, ചുവപ്പുനിറം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതെല്ലാം പല്ല് മുളച്ചുവരുന്ന പ്രക്രിയയുടെ സൂചനകൾ മാത്രമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
ജനിക്കുന്നതിനുമുന്പേ തുടങ്ങുന്ന ദന്തവൈകല്യങ്ങൾ!
03:59 PM Aug 03, 2020 | Deepika.com