വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്.
ഹൃദയത്തിനു പ്രിയം
ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദയ രോഗങ്ങൾ, ഹൃദയാഘാതം, ആർട്ടീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉൾവ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം. 600 - 900 മില്ലിഗ്രാം വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതിൽ കുറവുണ്ടാകാതെ കരുതുന്നു.
പ്രമേഹബാധിതർക്കും...
രക്തക്കുഴലുകൾ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം. രക്തം കട്ടപിടിക്കുന്നതു തടയുന്നതിൽ വെളുത്തുള്ളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം. എന്നാൽ ഇത്തരം രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ വെളുത്തുളളി എത്രത്തോളം അളവിൽ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകന്റെ ഉപദേശം തേടാവുന്നതാണ്.
ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുളളി സഹായകമെന്നു പഠനം.
അലിസിൻ മേന്മയിൽ വെളുത്തുള്ളി
02:23 AM Nov 17, 2019 | Deepika.com