മനംമയക്കും അമരാന്തസ്

10:31 PM Jan 13, 2023 | Deepika.com
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്‌നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറയില്‍ ഷാജി. കടും ചുവപ്പ് നിറത്തിലുള്ള വിദേശ ഇല പുഷ്പയിനമായ അമരാന്തസ് ആണ് അദ്ദേഹം ഇത്തവണ കുമളിയിലെത്തിച്ചത്.

നൂറില്‍പ്പരം ഇനങ്ങളുള്ള ഈ വിദേശിയിനം ഇന്‍ഡോറിനു പറ്റിയ മികച്ച കട്ട് ഫ്‌ളവറാണ്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുകയും ചെയ്യും. പത്ത് മാസത്തില്‍ താഴെ മാത്രം ആയുസുള്ള ചെടി ഒന്നിലധികം ഒരുമിച്ച് നില്‍ക്കുമ്പോഴാണ് കൂടുതല്‍ അഴകും ഭംഗിയും. ഇടയ്ക്ക് പച്ചിലകളുള്ള ചെടികള്‍ കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ ദൃശ്യഭംഗി കിട്ടും.

വിവിധതരം ചെടികളും സസ്യങ്ങളുമായുള്ള ഇടപെടല്‍ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കോശങ്ങളുടെയും സന്ധികളുടെയും പേശികളുടെയും ചലനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ക്ഷീണവും തളര്‍ച്ചയും അകയറ്റുന്നതിനും സഹായകമാണെന്നു ഷാജി പറയുന്നു. കുട്ടികള്‍ ദിവസവും അര മണിക്കൂറെങ്കിലും ചെടികളുടെ പരിപാലനത്തില്‍ മുഴകിയാല്‍ ബുദ്ധിശക്തിയും ഉണര്‍വും വര്‍ധിക്കും. നല്ല വിശപ്പും സുഖകരമായ ഉറക്കവും കിട്ടും.

നടീല്‍

രണ്ട് മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറിയൊരു ചെടിയാണ് അമരാന്തസ്. ഇലകള്‍ക്ക് ഇരുപത് സെന്റിമീറ്ററോളം നീളം വരും. കൂടുതലും ക്രീം ചോക്ലേറ്റ് കളറിലുള്ള ഇലകള്‍. ഏറ്റവും മുകളില്‍ കടും ചുവന്ന നിറത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന ഇലകളാണ് അത്യാകര്‍ഷകം. ഇതാണ് സാധാരണക്കാര്‍ പുഷ്പമായി കാണുന്നത്. എന്നാല്‍, ഇലകളുടെ ചുവട്ടില്‍ തണ്ടിലാണ് യഥാര്‍ഥ പൂക്കളുണ്ടാകുന്നത്.

ചീരയുടെ രീതിയിലുള്ള ചെറുപൂക്കള്‍. ഇവയില്‍ നിന്നു വിത്തുകള്‍ ശേഖരിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. വിത്തുകള്‍ പാകിയാണ് കിളിര്‍പ്പിക്കുന്നത്. മുളച്ചു തുടങ്ങുന്ന തൈകള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ പറിച്ചു നടാം. വെള്ളക്കെട്ടില്ലാത്തതും 60 ശതമാനമെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളിലാണു നടേണ്ടത്. നില ത്തും ചട്ടികളിലും നടാവുന്ന ഈ ചെടി വീടിനകത്തും പരിപാലിക്കാം.



സാധാരണ സസ്യങ്ങളെപ്പോലെ അമരാന്തസ് ചെടിയും നല്ല ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. താപനില, സൂര്യപ്രകാശം, ജലസേചനം, ഈര്‍പ്പം, വായുസഞ്ചാരം, മാധ്യമം, വളപ്രയോഗം തുടങ്ങിയവയെല്ലാം പ്രധാനപ്പെട്ട ഘടകങ്ങളാണ്. നല്ല നീര്‍വാര്‍ച്ചയും നനവ് നിലനിര്‍ത്തുന്നതുമായ വായുസഞ്ചാരമുള്ള മാധ്യമങ്ങളാണു നടീലിനായി തെരഞ്ഞെടുക്കേണ്ടത്.

മണലിലും കളിമണ്ണിലും വളര്‍ച്ച മുരടിക്കും. ശുദ്ധീകരിച്ച ചകിരിപ്പൊടിയും കംബോസ്റ്റും മണലും ചേര്‍ത്തുണ്ടാക്കുന്ന മാധ്യമം നല്ലതാണ്. മണ്ണിന്റെ ഘടന ദുര്‍ബലമാണെങ്കില്‍ മണ്ണ് പരിശോധിച്ചു മെച്ചപ്പെടുത്തണം. തൈകള്‍ നടുന്നതിന് ഒരാഴ്ച മുമ്പ് മണ്ണൊരുക്കണം. കളകള്‍ നശിപ്പിച്ച് നടീല്‍ സ്ഥലം കിളച്ച് ഇളക്കണം. പിന്നീട് ചാണകപ്പൊടിയോ കംപോസ്റ്റോ ചേര്‍ക്കണം. വേനല്‍ക്കാലത്ത് അല്പം നനക്കുന്നതും നല്ലതാണ്. പിന്നീട് കുഴികളെടുത്ത് ചീര നടുന്നതുപോലെ നടാം. രണ്ട് അടി അകലം വേണം.

പരിചരണവും പുഷ്പിക്കലും

അമരാന്തസ് നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ഇനമാണ്. കുറഞ്ഞത് അറുപത് ശതമാനം സൂര്യപ്രകാശം ആറ് മണിക്കൂര്‍ ലഭിക്കണം. ചെടികള്‍ വളരുന്നത് അനുസരിച്ചു കൂടുതല്‍ സൂര്യപ്രകാശം വേണം. ചെടികള്‍ക്ക് ഇടയില്‍ എപ്പോഴും വായുസഞ്ചാര മുണ്ടാവണം.

കാറ്റ് കൂടുതലുള്ള പ്രദേശങ്ങളില്‍ ചെടികള്‍ ഒടിഞ്ഞ് പോകാതിരിക്കാന്‍ ചെറിയ താങ്ങുകാലുകള്‍ നല്‍കുന്നതു നല്ലതാണ്. വെയിലുള്ളപ്പോള്‍ നനയ്ക്കരുത്. ഇതുവഴി ഇലകള്‍ക്ക് ചിലപ്പോള്‍ പൊള്ളലുണ്ടാകും. നന പുലര്‍കാലത്തോ സായം സന്ധ്യയിലോ വേണം. വളര്‍ച്ച നോക്കി ഇടയ്ക്ക് അല്പം ചാണകപ്പൊടിയോ കംമ്പോസ്റ്റോ നല്‍കുന്നതില്‍ തെറ്റില്ല.

വീടിനകത്ത് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം ചെടിച്ചട്ടികള്‍ സ്ഥാപിക്കാന്‍. ചകിരിച്ചോറും അല്പം മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതത്തിലാണു നടേണ്ടത്. നന ആവശ്യത്തിന് മാത്രം. തണുപ്പുള്ള പ്രദേശങ്ങളില്‍ ഇലകള്‍ക്കും പൂക്കള്‍ ക്കും വലിപ്പവും നിറവും കൂടും. മൂന്ന് മാസം വളര്‍ച്ചയായാല്‍ പൂക്കള്‍ വിരിഞ്ഞ് വിത്തുകള്‍ ഉണ്ടാകും.

വിവിധ അലങ്കാരങ്ങള്‍ക്ക് ഇവയുടെ ഇലപ്പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക കൃഷിയായി വളര്‍ത്താന്‍ കഴിയുന്ന ഒരിനമാണിത്. രോഗകീടബാധകള്‍ പൊതുവെ കുറവാണ്. ഫംഗസ് രോഗമാണ് ഉണ്ടാകാന്‍ ഇടയുള്ളത്. ഇത് വന്നാല്‍ ഇലകള്‍ പറിച്ചെടുത്ത് നശിപ്പിച്ചാല്‍ മതി. ചെടികളും പരിപാലന രീതികളും പരിചയപ്പെടുത്താനും സംശയങ്ങള്‍ പരിഹരിക്കാനും ഷാജി എപ്പോഴും തയാറാണ്. ഫോണ്‍: 9447421968

ആഷ്ണ തങ്കച്ചന്‍