84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ

03:18 PM Dec 07, 2022 | Deepika.com
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്തിക്കര ടി. എ. മാത്യു എന്ന കുട്ടിച്ചേട്ടന്‍ കൃഷിയിടത്തില്‍ ഊര്‍ജസ്വലതയോടെ പണികളില്‍ വ്യപൃതനാണ്.

പതിവായി പുലര്‍ച്ചെ അഞ്ചിന് ഉണരുന്ന കുട്ടിച്ചേട്ടന്‍, പ്രഭാതകൃത്യങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും ശേഷം അറു മണിയോടെ കൃഷിയിടത്തില്‍ എത്തും. തോര്‍ത്തു മുണ്ടും തൊപ്പിപ്പാളയുമാണു വേഷം. പച്ചമണ്ണിന്റെ ഗന്ധമറിഞ്ഞു പണിയെടുക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെ കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

വെണ്ട, ഇഞ്ചി, വിവിധയിനം മുളകുകള്‍, പയര്‍, കോവല്‍, ചീര, കുമ്പളം, തക്കാളി, മുരിങ്ങ, കപ്പളം തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. വാഴയിനങ്ങളായ ഞാലിപ്പൂവനും, റോബസ്റ്റയുമുണ്ട്. മറുഭാഗത്ത് തെങ്ങ്, കമുക്, റബര്‍, ഏലം. ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവും കോഴിമാലിന്യങ്ങളുമാണു വളം. ജൈവവളങ്ങള്‍ ചേര്‍ത്താണു നടീലിനു നിലം ഒരുക്കുന്നത്.

കൃഷിയിലെ മികവ് പരിഗണിച്ചു തലപ്പലം കൃഷിഭവന്‍ എട്ടു തവണ കുട്ടിച്ചേട്ടനെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തു പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഓണച്ചന്തയ്ക്ക് കൂടുതല്‍ പച്ചക്കറികള്‍ നല്‍കിയതിന് തലപ്പലം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി മാത്യുവിനെ ആദരിച്ചിരുന്നു.

125 കിലോ പച്ചക്കറികളാണു കൊടുത്തത്. ജൈവ പച്ചക്കറിയായതിനാല്‍ പത്ത് ശതമാനം വില കൂടുതല്‍ ലഭിക്കുകയും ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷിവകുപ്പിന്റെ നൂതന പദ്ധതിയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാശനാല്‍, നരിയങ്ങാനം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കൃഷിയനുവഭങ്ങള്‍ പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുന്നു.

ബന്ധുവീട്ടില്‍ നിന്നു ലഭിച്ച നല്ലയിനം തേങ്ങ പാകി കിളിര്‍പ്പിച്ച്, വളര്‍ത്തിയെടുത്ത തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച തൈകളാണു തന്റെ കൃഷിഭൂമിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൃഷി കാര്യത്തില്‍ ഭാര്യ ലില്ലിക്കുട്ടിയും ഇദ്ദേഹത്തെ സഹായിക്കുന്നു.

മേഴ്‌സി, മിനി, നിര്‍മല (കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) എന്നിവരാണു മക്കള്‍. ദീപിക ഫ്രണ്ട്‌സ് ക്ലബ് മുന്‍ സംസ്ഥാന പ്രസിഡന്റും പിതൃവേദി പാലാ രൂപത ജോയിന്റ് സെക്രട്ടറിയുമായ ടോമി തുരുത്തിക്കര സഹോദരപുത്രനാണ്. ഫോണ്‍: 8281068432

ജോസഫ് കുമ്പുക്കന്‍