കലിഫോർണിയ: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവച്ചതായി ട്വീറ്റ് ചെയ്ത് വിവാദത്തിനു തിരികൊളുത്തിയ മസ്ക് രണ്ടു മണിക്കൂറിനുശേഷം ഏറ്റെടുക്കൽ പൂർത്തിയാക്കുകതന്നെ ചെയ്യുമെന്ന് അറിയിച്ച് തടിയൂരി.
വ്യാജ അക്കൗണ്ടുകൾ യഥാർഥ ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ അഞ്ച് ശതമാനത്തിൽ താഴെയാണെന്ന കന്പനിയുടെ വാദം സത്യമാണെന്നു തെളിയിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണു നടപടി നിർത്തിവയ്ക്കുന്നതെന്നായിരുന്നു മസ്കിന്റെ ആദ്യ ട്വീറ്റ്. ഈ ട്വീറ്റ് വ്യാപകമായി ആശയക്കുഴപ്പവും വിവാദവും സൃഷ്ടിച്ച സാഹചര്യത്തിലാണു മസ്ക് രണ്ടാം ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.
ട്വിറ്റർ തന്റെ സ്വന്തമായാൽ അതിലെ മുഴുവൻ വ്യാജ അക്കൗണ്ടുകളും നീക്കുമെന്നു നേരത്തേ മസ്ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം മസ്കിന്റെ ട്വീറ്റ് വിവാദമായതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവില 10 ശതമാനമിടിഞ്ഞ് 40.50 ഡോളർ ആയി. ഓഹരിയൊന്നിന് 54.20 ഡോളർ എന്ന നിരക്കിൽ വില നിശ്ചയിച്ചായിരുന്നു മസ്ക് ട്വിറ്ററിനു വിലയിട്ടത്.
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു, പക്ഷേ പൂർത്തിയാക്കും: മസ്ക്
04:27 PM May 14, 2022 | Deepika.com