ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റാ കന്പനിയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്. വാട്സ് ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അയച്ച സന്ദേശങ്ങൾ ഗ്രൂപ്പിന്റെ അഡ്മിന് നീക്കം ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് ഇതിലേറ്റവും ശ്രദ്ധേയം. ഇതോടെ ഗ്രൂപ്പുകളിൽ വരുന്ന അശ്ലീലമൊ, യോജിക്കാത്തതൊ ആയ സന്ദേശങ്ങൾ അഡ്മിന് അയച്ച ആളിന്റെ അനുവാദമില്ലാതെ തന്നെ ഒഴിവാക്കാനാകും.
ഗ്രൂപ്പുകളിലെ അംഗബലം ഇരട്ടിയായി വർധിപ്പിക്കാനും വാട്സ് ആപ്പ് ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 256 പേരെയാണ് ഒരു ഗ്രൂപ്പിൽ ചേർക്കാൻ കഴിയുന്നത്. ഇത് 512 ആയി ഉയർത്താനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഇതോടെ വലിയ ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും ഒറ്റ ഗ്രൂപ്പിൽ തങ്ങളുടെ ജീവനക്കാരെ മൊത്തം കോർത്തിണക്കാൻ കഴിയും.
ഇനി രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണയായി വാട്സ് ആപ്പിലൂടെ അയ്ക്കാൻ കഴിയും. നിലവിൽ 100 മെഗാ ബൈറ്റ് വരെയുള്ള ഫയലുകളാണ് വാട്സ് ആപ്പിൽ അയയ്ക്കാൻ കഴിയുന്നത്.
ഇനി മുതൽ ഒരേ സമയം 32 പേരെ വരെ വോയിസ് കോളിൽ ചേർക്കാൻ കഴിയും. ഇപ്പോൾ എട്ടുപേർക്ക് മാത്രമാണ് ഒരുമിച്ച് സംസാരിക്കാൻ കഴിയുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ്കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.
ഐഒഎസ് ഉപയോക്താക്കൾക്ക് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നത് ഇടയ്ക്കുവച്ച് താത്ക്കാലികമായി നിർത്താനും പിന്നീടത് അയയ്ക്കും മുന്പ് ഒന്നുകൂടി കേൾക്കാനും സാധിക്കുന്ന ഫീച്ചർ അടുത്തിടെ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. വൈകാതെ തന്നെ ഇൻആപ്പ് ചാറ്റ് സൗകര്യവും അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ് ആപ്പ്.
പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്; അംഗങ്ങളുടെ സന്ദേശങ്ങൾ ഇനി അഡ്മിനു നീക്കാം
04:57 PM May 10, 2022 | Deepika.com