പി.പി.എഫ്.എം.
പിഗ് പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റീവ് മെത്തിലോ ട്രോഫ് എന്ന മിത്ര ബാക്ടീരിയയെ ഉപയോഗിച്ചുള്ള രീതിക്ക് പ്രചാരം ഏറിവരികയാണ്. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച കര്‍ഷകരില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പി.പി.എഫ്.എം. നെല്ലിന് ഏറെ ഗുണകരമാണ്. വരള്‍ച്ചയുടെ ആഘാതം കുറയ്ക്കുന്നതിന് ഇതുമൂലം സാധിച്ചിട്ടുണ്ട്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയിലെ മൈക്രോ ബയോളജി വിഭാഗമാണ് ഈ ജീവാണു ലായനി ഉണ്ടാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ചെടികളുടെ ഇലകളില്‍ കാണുന്ന മെത്തിലോ ബാക്ടീരിയം എന്ന ബാക്ടീരിയയെ വേര്‍തിരിച്ച് എടുത്താണ് ഇതു തയാറാക്കുന്നത്. വിത്തു പരിചരണം, പത്രപോഷണം എന്നീ രീതികളിലൂടെ ഇത് ഉപയോഗിക്കാം. നെല്ലില്‍ ഒരേക്കറില്‍ ഒരു ലിറ്റര്‍ പി.പി.എഫ്.എം. 200 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അടിച്ചു കൊടുക്കുന്നത് വരള്‍ച്ചയെ അതിജീവിക്കാന്‍ വിളകളെ സഹായിക്കും.
നെല്ലിന് അതിന്റെ വളര്‍ച്ചയുടെ പ്രധാന വളര്‍ച്ചാ കാലഘട്ടങ്ങളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. 30 ദിവസത്തെ ഇടവേളയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ തളിക്കാന്‍ പാടുള്ളൂ. കീട കുമിള്‍-കള നാശിനികള്‍ ഇതോടൊപ്പം ചേര്‍ക്കാന്‍ പാടില്ല. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ കാമ്പസില്‍ പി.പി.എഫ്.എം. ലഭ്യമാണ്.
മൈക്കോ റൈസ
ചെടികളുടെ വേരിനുള്ളില്‍ കടന്നു വളരുന്ന മൈക്രോ ചെടികളില്‍ നിന്ന് അന്നജം വലിച്ചെടുത്തു ജീവിക്കുന്നതോടൊപ്പം ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങളെ മണ്ണില്‍ നിന്ന് ആഗീരണം ചെയ്യാന്‍ സഹായിക്കുന്നു. ചെടികളുടെ വേരിലിരുന്ന് വളരുന്ന മൈക്രോറൈസ സാധാരണ സാഹചര്യത്തില്‍ വേരിലെത്താന് സാധിക്കാത്ത ദൂരത്തുനിന്നു പോലും ജലവും സസ്യമൂലകങ്ങളും ആഗീരണം ചെയ്തു ചെടികള്‍ക്ക് ലഭ്യമാക്കുന്നു. ചെടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു രോഗഹേതുക്കളായ കുമിളുകളെ നിയന്ത്രിക്കുന്നതിനും മൈക്രോറൈസ സഹായിക്കുന്നു.
കരയില്‍ കൃഷിചെയ്യുന്ന വിളകള്‍ക്കാണു പ്രധാനമായും മൈക്രോ റൈസ ശിപാര്‍ശ ചെയ്യുന്നത്. നെല്ലില്‍ നഴ്സറി തയ്യാറാക്കുമ്പോള്‍ പത്ത് സെന്റിന് ഒരു കിലോഗ്രാം മൈക്രോ റൈസ ജൈവവളങ്ങളുമായി കലര്‍ത്തി നല്‍കാവുന്നതാണ്. കിഴങ്ങുവര്‍ഗ വിളകളില്‍ മൂന്നു മുതല്‍ അഞ്ചുഗ്രാം നടുന്നതിനുമുമ്പായി കുഴിയില്‍ ചേര്‍ത്തു കൊടുക്കാം. പച്ചക്കറികളില്‍ തൈ മുളപ്പിക്കുമ്പോള്‍ ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതിലും നടുമ്പോള്‍ തൈ ഒന്നിന് 5 ഗ്രാം എന്ന അളവിലും ഉപയോഗിക്കാം.
തൃശൂരിലെ വാഴ ഗവേഷണ കേന്ദ്രം (കണ്ണാറ), കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് വാങ്ങാം. സംസ്ഥാന കൃഷി വകുപ്പ് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വച്ചുതന്നെ വളം ഉണ്ടാക്കുന്നതിന് വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സമീപത്തെ കൃഷിഭവനുകളില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കും.
പൂസാ ഹൈഡ്രോജെല്‍
മണ്ണിലെ ജലാംശത്തെ സംഭരിച്ചു വയ്ക്കുകയും വേനല്‍ കടുക്കുമ്പോഴോ മണ്ണില്‍ ജലാംശം കുറയുമ്പോഴോ സംഭരിച്ച ജലം അല്പാല്പമായി ചെടിക്ക് നല്‍കുകയും ചെയ്യുന്ന ഒരിനം സാങ്കിതിക വിദ്യയാണ് പൂസാ ഹൈഡ്രോജെല്‍ വഴി അവതരിപ്പിക്കുന്നത്. വിത്തിനൊപ്പമോ തൈകള്‍ ക്കൊപ്പമോ തരി രൂപത്തിലുള്ള ഹൈഡ്രോജെല്‍ നടുന്ന സമയത്ത് 5-10 ഗ്രാം ആണ് ഉപയോഗിക്കേണ്ടത്. കൊടും ചൂടില്‍ ജലാംശം നഷ്ടമാകുന്ന സമയത്ത് ഈ ജെല്ലി ശേഖരിച്ച വെള്ളം നിയന്ത്രിതമായി ചെടികള്‍ക്കു ലഭ്യമാക്കുന്ന ജെല്ലിന്റെ ഭാരത്തിന്റെ 400-500 ഇരട്ടി വെള്ളം ഇങ്ങനെ ശേഖരിക്കാനാകും.
അതുവഴി ഉപയോഗിക്കുന്ന വെള്ളം കൂടുതല്‍ കാലത്തേയ്ക്ക് മണ്ണില്‍ പിടിച്ചു നിര്‍ത്തുകയാണു ചെയ്യുന്നത്. ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ചോളം അടിസ്ഥാനമാക്കിയുള്ളതാകയാല്‍ ഒരു വര്‍ഷത്തിനകം ഈ ജെല്‍ മണ്ണില്‍ ലയിച്ചുചേരും. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.
തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പഞ്ചായത്തില്‍ 10 ഏക്കറില്‍ പച്ചക്കറി കൃഷിക്കായി ഈ ജെല്‍ ഉപയോഗിച്ചിട്ടുണ്ട്. വരള്ച്ചയ്ക്കെതിരെയുള്ള ഹ്രസ്വകാലനിയന്ത്രണ പദ്ധതികളില്‍ ഈ സങ്കേതം ഉപയോഗിപ്പെടുത്താം. ജാതി പോലുള്ള വരള്ച്ചെക്കെതിരേ പെട്ടെന്ന് പ്രതികരിക്കുന്ന ചെടികളില്‍ ഇതുഫലപ്രദമാണ്. പട്ടാമ്പി കൃഷി വിജ്ഞാന് കേന്ദ്രമാണ് ഇത് ലഭ്യമാക്കുന്നത്.
ഫോണ്‍: 9447529904
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷിഓഫീസര്‍, ജില്ലാ മണ്ണുപരിശോധന കേന്ദ്രം, തൃശൂര്‍