കൊച്ചി: ബാറ്ററി സ്വാപ്പിംഗ് സേവനങ്ങൾക്കായുള്ള ഹോണ്ട മോട്ടോർ കോർപറേഷന്റെ പുതിയ ഉപസ്ഥാപനമായ ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ ലിമിറ്റഡും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ധാരണാ പത്രം ഒപ്പുവച്ചു. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് സേവനത്തിന്റെ തുടക്കമാണിത്.
ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യയിലൂടെ ത്രീ വീലറുകൾക്ക് ബാറ്ററി സ്വാപ്പിംഗ് സേവനം ഹോണ്ട മോട്ടോർ കോർപ്പറേഷൻ 2021ൽ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിക്ഷാ ഡ്രൈവർമാർക്ക് അടുത്തുള്ള ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടാകും. ഈ സൗകര്യം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള ഡ്രൈവർമാരുടെ ചെലവ് കുറയ്ക്കും. ബാറ്ററി ചാർജ് തീരുന്നതിനെ കുറിച്ചുള്ള ആശങ്കകളും ഒഴിയും.
ബഗളൂരു നഗരത്തിലാണ് 2022ന്റെ ആദ്യ പകുതിയിൽ ആരംഭിക്കുന്നതെങ്കിലും എച്ച്പിസിഎൽ റീട്ടെയിൽ ഒൗട്ട്ലെറ്റുകളുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
ഇന്ത്യയിൽ വിശ്വസനീയവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ബാറ്ററി സ്വാപ്പിംഗ് സേവനം ആരംഭിക്കുന്നതിനും ഹരിതമായ ഭാവി ഉറപ്പാക്കുന്നതിനും ഹോണ്ടയും എച്ച്പിസിഎല്ലും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രസിഡന്റും സിഎംഡിയുമായ കിയോഷി ഇറ്റോ പറഞ്ഞു.
എച്ച്പിസിഎല്ലും ഹോണ്ടയും തമ്മിലുള്ള ശക്തമായ സഹകരണം ഊർജ പരിവർത്തന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് രണ്ട് കന്പനികൾക്കും തീർച്ചയായും വഴിയൊരുക്കുമെന്ന് എച്ച്പിസിഎൽ കോർപ്പറേറ്റ് സ്ട്രാറ്റജി പ്ലാനിംഗ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ രജനീഷ് മേത്ത പറഞ്ഞു.
റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹോണ്ട-എച്ച്പിസിഎൽ പങ്കാളിത്തം
05:53 PM Mar 01, 2022 | Deepika.com