സോഫോ കാർപസ് ടെട്രാഗോണോ ലോബസ് എന്നതാണ് ശാസ്ത്ര നാമം. ചതുരാകൃതിയിലുള്ള കായയുടെ നാലു വശങ്ങളും ചിറകു പോലായതിനാലാണ് ചതുരപ്പയർ എന്ന പേരു ലഭിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ സ്വരൂപിച്ചു ചെടികൾക്കു ലഭ്യമാക്കാനും കഴിവുണ്ട്.
ഇനങ്ങൾ
കേരള കാർഷിക സർവകലാശാല അത്യുത്പാദന ശേഷിയുള്ള രേവതി, കഐയു നിത്യ എന്നീ ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. 110 - 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന രേവതിയുടെ കായ്കൾക്ക് 16 സെന്റീമീറ്ററോളം നീളം വരും. ഹെക്ടറൊന്നിനു ആറേഴു ടണ്ണാണ് ശരാശരി വിളവ്. കീടരോഗബാധ കുറവുള്ളതും ദീർഘകാലം വിളവു തരുന്നതുമാണ് കഐയു നിത്യ. അടുക്കളത്തോട്ടത്തിന് അനുയോജ്യമാണിത്. ഒരു ചെടിയിൽ നിന്നു മൂന്നു കിലോഗാം വരെ കായ്കൾ ലഭിക്കും.
കൃഷിരീതി
രണ്ടു മാസം കൊണ്ട് ചതുരപ്പയർ പൂവിടും. 75 ദിവസത്തിനുള്ളിൽ വിള വെടുപ്പു തുടങ്ങാനുമാകും. ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ചതുരപ്പയർ പൂക്കുന്നത്. ജൂലൈ- ഓഗസ്റ്റ് മാസമാണ് വിത്തു പാകാൻ പറ്റിയ സമയം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന, നീർവാഴ്ചയുള്ള സ്ഥലം വേണം തെരഞ്ഞെടുക്കാൻ. ഇവിടം കിളച്ച് കളകൾ നീക്കി നിരപ്പാക്കി 75 സെന്റീമീറ്റർ അകലത്തിൽ വരന്പുക ളെടുക്കണം.
അതിൽ 50 സെന്റീമീറ്റർ ഇടവിട്ട് വിത്തു പാകാം. ഒന്നു രണ്ടു ദിവസം വെള്ളത്തിലിട്ടു കുതിർത്ത ശേഷം വിത്തു പാകിയാൽ വേഗത്തിൽ മുളച്ചു വരും. കാലിവളമോ കന്പോ സ്റ്റോ അടിവളമായി നൽകാം. വളർച്ചയ്ക്കനുസരിച്ചു ഉണങ്ങിയ ചാണകപ്പൊടി, ചാരം, ചാണകസ്ളറി തുടങ്ങിയവ നൽകാവുന്നതാണ്. ഇതിനു പുറമെ സെന്റൊന്നിന് 430 ഗ്രാം യൂറിയ, രണ്ടു കിലോ രാജ്ഫോസ്, 330 ഗ്രാം മൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും നൽകാം. ഇടയിളക്കൽ, മണ്ണു കൂട്ടിക്കൊടുക്കൽ, കളപറിക്കൽ മുതലായ ഇടക്കാല പരിചരണ മുറകൾ യഥാസമയം ചെയ്യണം. ചെടികൾക്ക് പടരാനുള്ള സൗകര്യമൊരുക്കണം. അതിനായി വരികളിൽ ഒന്നു രണ്ടു മീറ്റർ അക ലത്തിൽ കന്പുകൾ നാട്ടി അതിൽ വലയോ കയറോ ചേർത്തു കെട്ടി കൊടുത്തു പന്തൽ നാട്ടാവുന്നതാണ്.
വിളവെടുപ്പ്
വിത്ത് പാകി രണ്ടര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. പൂവിട്ടു തുടങ്ങി, രണ്ടാഴ്ച കഴിഞ്ഞ തിനു ശേഷം ഇളം പച്ചനിറത്തിലുള്ള കായ്കൾ പച്ചക്കറി ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്. ഓരോ ചെടിയിൽ നിന്നും അഞ്ചാറു ദിവസം ഇടവിട്ട് ഇരുപത്തഞ്ചോളം കായ്കൾ ലഭിക്കും.
കിഴങ്ങും ഭക്ഷ്യയോഗ്യം
ചതുരപ്പയറിന്റെ കിഴങ്ങും ഭക്ഷ്യ യോഗ്യമാണ്. കിഴങ്ങിനായാണു കൃഷിയെങ്കിൽ പൂക്കൾ നുള്ളിക്കള യുകയും ചെടിയുടെ വള്ളികൾ കോതിക്കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത് കിഴങ്ങുത്പാദനം വർധിപ്പിക്കും. മനുഷ്യന്റെ പോഷ ണത്തോടൊപ്പം മണ്ണിന്റെ പോഷണ ത്തിനും ചതുരപ്പയർ കൃഷി ഏറെ സഹായകമാണ്.
തസ്നി എ, സ്മിത കെ.ഒ.
അസിസ്റ്റന്റ് പ്രഫസേഴ്സ് , ഡിപ്പാർട്ട്മെന്റ് ഓഫ് ഹോർട്ടികൾച്ചർ
കാർഷിക കോളജ്, പടന്നക്കാട് , കാസർഗോഡ്