ഒരു ബ്ലാക് ബെറി ഫോൺ വാങ്ങണം... ഏതാനും വർഷം മുന്പ് പലരുടെയും സ്വപ്നങ്ങളിലൊന്നായിരുന്നു ഇത്. കാലമേറെക്കഴിഞ്ഞു ഇന്നിപ്പോൾ ബ്ലാക്ബെറി ഫോണുകൾ ആരുടെയും സ്വപ്നത്തിലില്ല; കീശയിലും.
അതെ, വർഷങ്ങളോളം മൊബൈൽ ഫോണ് ഉപയോക്താക്കളുടെ പ്രിയ ബ്രാൻഡ് ആയിരുന്ന ബ്ലാക് ബെറി കളമൊഴിയുന്നു. ബ്ലാക്ക് ബെറി ഔദ്യോഗിക സോഫ്റ്റ്വേറുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾക്കുള്ള പിന്തുണ കന്പനി ഇന്നലെ മുതൽ പിൻവലിച്ചു. ഇതോടെ ഒറിജിനൽ ബ്ലാക് ബെറി ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ പ്രവർത്തനക്ഷമമല്ലാതാവും. എന്നാൽ, ബ്ലാക് ബെറി ബ്രാൻഡിലുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് ഇതു ബാധകമല്ല.
കനേഡിയൻ കന്പനിയായ ബ്ലാക്ബെറി വീതിയേറിയ, ഫിസിക്കൽ കീബോർഡുള്ള സ്മാർട്ട്ഫോണുകളുമായാണു വിപണിയിലെ താരമായത്. എന്നാൽ ആപ്പിൾ ടച്ച് ഫോണുകളുടെ വരവും ആൻഡ്രോയിഡ് ഫോണുകളുടെ രംഗപ്രവേശവും ബ്ലാക് ബെറിയെ പിന്നിലാക്കുകയായിരുന്നു. 2013 ൽ ഒഎസ് പരിഷ്കരണത്തിലൂടെയും 2015 ൽ ആൻഡ്രോയിഡ് ഡിവൈസുകളുടെ നിർമാണത്തിലേക്കുകടന്നും കന്പനി ഉയിർത്തെഴുന്നേൽപ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിലവിൽ ടെക്സസിലെ ഒൻവാർഡ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പിനാണ് ബ്ലാക് ബെറി മൊബൈൽ ബ്രാൻഡിന്റെ അവകാശമുള്ളത്. ബ്ലാക് ബെറിയുടെ മാതൃ കന്പനിയാകട്ടെ സുരക്ഷാ സോഫ്റ്റ്വേറുകളുടെ നിർമാണത്തിലേക്കു മാത്രമായി പ്രവർത്തനം ചുരുക്കുകയും ചെയ്തു.
ബൈ,ബൈ ബ്ലാക്ബെറി
03:21 PM Jan 07, 2022 | Deepika.com