ഏറ്റവും കൂടുതൽ ഇന്റീരിയർ ഡിസൈനുകളും പുത്തൻ ട്രെൻഡുകളും പാകം ചെയ്യപ്പെടുന്നതും അഴകുള്ള അടുക്കളയ്ക്ക് വേണ്ടിയാണ്. അടുക്കള "തകർത്താൽ’ എല്ലാം വൃത്തിയായി എന്ന തോന്നലാണ് ഇപ്പോൾ വീടുകളുടെ കാര്യത്തിൽ വന്ന ഏറ്റവും വലിയ മാറ്റം.
ഓരോ വീടിന്റെയും ഐശ്വര്യമാണ് അടുക്കള. ഭക്ഷണമുണ്ടാക്കലും കഴിക്കലും ഒത്തുചേരലിനുമെല്ലാം വേദിയാകുന്ന വീടിന്റെ ഒരേയൊരു ഭാഗം. കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും വർക്ക് അറ്റ് ഹോമുമെല്ലാം മലയാളികളെ അടുക്കളയുമായി കൂടുതലടുപ്പിച്ചു.
മനസ് മാറുന്നതിനനുസരിച്ച് അടുക്കളയിലും വിപ്ലവകരമായ മാറ്റങ്ങളാണ് പ്രകടമായത്. പുകഞ്ഞൊടുങ്ങുന്ന യൗവനവും വർധക്യവുമെല്ലാം അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായി. ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ കരിയും കറയും പുരണ്ട് അടുക്കളയിൽ നിന്നു വരുന്ന സ്ത്രീകളും പുതുതലമുറയ്ക്ക് അന്യമായി. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കായിരുന്നു മലയാളി മങ്കമാരുടെ മുൻ യാത്രകളെങ്കിൽ ഇന്ന് സ്ഥിതി മാറി. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് എത്താനായി കൊതിക്കുന്ന തലമുറയെയാണ് ഇപ്പോൾ കാണാനാവുക. അത്രത്തോളം ഭംഗിയായാണ് അടുക്കള അണിയിച്ചൊരുക്കുന്നത്.
ബെഡ്റൂമിനെക്കാളും ഡൈനറിംഗിനേക്കാളുമെല്ലാം അടുക്കളയ്ക്കാണ് മൂല്യമേറെയുള്ളത്. മറ്റൊന്നുംകൊണ്ടല്ല ഇലക്ട്രോണിക് വസ്തുക്കളും ഷെൽഫുകളും ആധുനിക ഗൃഹോപകരണങ്ങളും അടുക്കളയെ ഐശ്വര്യത്തിന്റെ കലവറയാക്കി മാറ്റി. കിച്ചണുകൾ പലതരത്തിലാണിന്ന് ഒരുക്കുന്നത്. സ്ഥല പരിമിതിക്കനുസരിച്ച് അടുക്കളയുടെ രൂപവും മാറ്റാം. അത്തരത്തിലുള്ള കിച്ചണുകളെ അടുത്തറിയാം.
വണ്‍ വാൾ കിച്ചണ്‍
ഏറ്റവും കുറഞ്ഞ സ്ഥലത്തിന് അനുയോജ്യമായ അടുക്കളയാ ണിത്. ഒരാൾ മാത്രം ഉപയോഗിക്കുന്ന തരത്തിലാണ് ഈ കിച്ചണുകൾ രൂപപ്പെടുത്തുന്നത്. ഏതെങ്കിലും ഒരു ചുമരിലേ കൗണ്ടർ ഉണ്ടാകുകയുള്ളൂ. സിങ്കും ഫ്രിഡ്ജും കിച്ചൻ കൗണ്ടറും ഒരേ നിരയിൽ സ്ഥാനം പിടിക്കുന്ന തരത്തിൽ ചെറിയ സ്പേ സിൽ ഒരുക്കാവുന്ന രീതിയാണിത്. സ്ട്രെയിറ്റ് ലൈൻ കിച്ചൻ എന്നും ഇത്തരത്തിലുള്ള കിച്ചണുകളെ അറിയപ്പെടുന്നു.
കോറിഡോർ കിച്ചണ്‍
അടുക്കളയുടെ രണ്ടറ്റങ്ങളേയും ബന്ധിപ്പിച്ച് മധ്യഭാഗത്ത് തുറസായി കിടക്കും വിധത്തിൽ നിർമിക്കുന്ന കിച്ചണുകളാണ് കോറിഡോർ കിച്ചണ്‍ അഥവാ ഗാലി കിച്ചണ്‍. വീതി കുറഞ്ഞ സ്ഥലങ്ങളിലാണ് കൂടുതലായും കോറിഡോർ കിച്ചണ്‍ ഒരുക്കുന്നത്. നീളം കൂടുതലുള്ളതിനാൽ ധാരാളം സാധനങ്ങൾ സ്റ്റോർ ചെയ്തു സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കൗണ്ടർ ടോപ്പിൽ സിങ്കും കിച്ചൻ കൗണ്ടറും എതിർവശത്തെ കൗണ്ടർടോപ്പിൽ ഫ്രിഡ്ജും സ്ഥാനംപിടിക്കുന്ന തരത്തിലാണ് രൂപകൽപന.
എൽ ഷേപ്പ് കിച്ചണ്‍
ചെറിയതും മീഡിയം സൈസിൽ ഉള്ളതുമായ വീടുകളിൽ എൽ ഷേപ്പിൽ കൗണ്ടറുകൾ ചെയ്യുന്നതാണ് ഉചിതം. ഒരു കൗണ്ടർ ടോപ്പിൽ സിങ്കും കിച്ചൻ കൗണ്ടറും സെറ്റ് ചെയ്താൽ രണ്ടാമ ത്തെ കൗണ്ടർടോപ്പിൽ ഫ്രിഡ്ജിന് സ്ഥാനം നൽകാം. ഒരു വശ ത്ത് പാചകം ചെയ്യാനും മറുഭാഗത്ത് ക്ലീനിംഗ് ചെയ്യാനും ഈ കിച്ചണിൽ സാധിക്കും. സ്റ്റോറേജിനുള്ള ക്യാബിനുകൾ സെറ്റ് ചെയ്യാനും എൽ ഷേപ്പ് കിച്ചണ്‍ സൗകര്യപ്രദമാണ്.
യു ഷേപ്പ് കിച്ചണ്‍
രണ്ട് പാരലൽ ചുമരുകളും ഇവയെ സംബന്ധിക്കുന്ന ചുമരി നെയും ചേർത്ത് മൂന്നു വശം കൗണ്ടർ ഉള്ള രീതിയിലാണ് യുഷേപ്പ് കിച്ചണ്‍ ഒരുക്കുന്നത്. അടുക്കളയിലെ സ്ഥലവിസ്തൃതി കുറഞ്ഞതായാലും കൂടിയതായാലും യോജിക്കുന്ന ഡിസൈനാ ണിത്. സ്റ്റോറേജിനു വേണ്ടത്ര സ്ഥലം, ഒരേ സമയം ഒന്നിൽ കൂടുതൽ പേർക്ക് പാചകംചെയ്യാനുള്ള സൗകര്യം എന്നിവ യുഷേപ്പ് കിച്ചണുകളുടെ പ്രത്യേകതകളാണ്.
ഐലന്റ് കിച്ചണ്‍
ജലാശയങ്ങൾക്കു നടുവിലുള്ള ദ്വീപുകൾക്ക് സമാനമായ രീതിയിൽ തയാറാക്കുന്ന അടുക്കളയാണ് ഐലന്റ് കിച്ചണ്‍. അടുക്കളയുടെ നടുവിൽ എല്ലാ ഭാഗത്തുനിന്നും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണിത് ഒരുക്കുന്നത്. നല്ല വിസ്തൃതിയുള്ള അടുക്കളകൾക്ക് യോജിക്കുന്നതാണ് ഈ ശൈലി. സ്റ്റൗ ഉൾപ്പെട്ട കിച്ചൻകൗണ്ടർ അടുക്കളയുടെ മധ്യത്തായതിനാൽ ഇരുവശത്തു നിന്ന് പാചകം ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനം. സാധാരണ യിൽ കൂടുതലായി കൗണ്ടർടോപ്പും ഭക്ഷണമുണ്ടാക്കാനുള്ള ഭാഗവും ഈ കിച്ചണിൽ ഉണ്ടാവും.
ഓപ്പണ്‍ കിച്ചണ്‍
പാർട്ടീഷനുകളില്ലാതെ തികച്ചും ഓപ്പണ്‍ ഫീൽ നൽകുന്ന കിച്ചണുകളാണിത്. ഡൈനിംഗ് റൂമിന്റെയും കിച്ചണിന്റെയും ഇടയിൽ വരുന്ന ചുമർ ഒഴിവാക്കി അവിടെ ബ്രേക്ക്ഫാസ്റ്റ് ടേബിൾ വച്ച് സെറ്റു ചെയ്യുന്നു. ഈ തുറന്ന അടുക്കള അകത്തള ത്തിന് യൂറോപ്യൻ സ്റ്റൈൽ നൽകുന്നു. വീടിന്റെ വലുപ്പം നന്നായി തോന്നിക്കാനും നല്ലതാണിത്.
കോണ്‍ക്രീറ്റ് സ്ലാബുകളോട് ഗുഡ് ബൈ
കോണ്‍ക്രീറ്റ് സ്ലാബുകൾ ആവശ്യമില്ലാത്ത തരത്തിലാണ് ഇന്നത്തെ അടുക്കള ഒരുക്കുന്നത്. മോഡുലാർ കിച്ചണുകൾക്ക് ഇതിന്റെ ആവശ്യമില്ല. നിർമ്മാണ സമയത്ത് നാലു ചുമരുകൾ ചെയ്ത് പ്ലാസ്റ്ററിംഗ് പൂർത്തിയാക്കുന്ന അടുക്കള ഇന്റീരിയർ വർക്കിന്റെ ഭാഗമായാണ് മോഡുലാർ കിച്ചണാക്കി മാറ്റുന്നത്.
മുൻ കാലങ്ങളിൽ മരത്തിലും സിന്റക്സിലും പ്ലൈവുഡിലും എംഡിഎഫിലും നിർമ്മിച്ചിരുന്ന കിച്ചണ്‍ കാബിനറ്റുകൾ ഇന്ന് മൾട്ടിവുഡിലും, സ്റ്റെയിൻലസ് സ്റ്റീലിലുമെല്ലാമാണ് നിർമ്മിക്കുന്നത്. മൾട്ടിവുഡ് നനഞ്ഞാൽ കേടുവരില്ല എന്നതുകൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ബോക്സ് ഉണ്ടാക്കി മുകളിൽ ഗ്രാനൈറ്റോ, നാനോ വൈറ്റോ, മാർബിളോ പതിപ്പിച്ചാൽ കൗണ്ടർ ആയി. ഈ ബോക്സിന്റെ പുറം ഭാഗം എൻസിപുട്ടി ഉപയോഗിച്ച് പെയിന്റ് ചെയ്തോ മൈക്ക, വെനീർ, അക്രലിക് ഷീറ്റ് എന്നിവ ഉപയോഗിച്ചോ ഫിനിഷ് ചെയ്യുന്നു. ചെറിയ ഹാൻഡിൽ ഒഴിവാക്കി ഫുൾ ലെങ്ത്ത് അലൂമിനിയം സ്റ്റീൽ പ്രൊഫൈലുകൾ ചെയ്യുന്നു. ബോക്സുകൾക്കുള്ളിൽ ധാരാളം സ്റ്റോറേജ് സൗകര്യം ഉള്ളതിനാൽ സ്റ്റോർ മുറിയുടെ ആവശ്യവും വരുന്നില്ല.
തയാറാക്കിയത്- കെ. ഷിന്റുലാൽ