ഇന്ത്യയിൽ ഏകദേശം 30,000 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്യുന്ന ഈ കിഴങ്ങുവിളയുടെ മൊത്തം ഉത്പാദനം എട്ടുലക്ഷം ടണ്ണാണ്. ഹെക്ടറൊന്നിന് ശരാശരി 28 ടണ്‍ വിളവുലഭിക്കും. കേരളത്തിൽ 7098 ഹെക്ടർ സ്ഥലത്താണു ചേനകൃഷിയുള്ളത്. പത്തനംതിട്ട, കൊല്ലം, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണു കൃഷി കൂടുതലായുള്ളത്.
ഉയർന്ന വിളവും ലാഭവും ലഭിക്കുന്ന കൃഷിയാണിത്. പോഷകമൂല്യത്തിന്റെ ഉയർന്ന അളവും ചേനകൃഷിയെ ആകർഷകമാക്കുന്നു. തെങ്ങിന് ഇടവിളയാക്കാം. ഭാഗികമായി തണലുള്ള പ്രദേശങ്ങൾക്കും അനുയോജ്യം. രോഗകീടങ്ങൾ കാര്യമായി ബാധിക്കില്ലെന്നതാണു മറ്റൊരു പ്രത്യേകത. മലയാളിയുടെ ഇഷ്ട വിഭവങ്ങളായ അവിയലിലും സാന്പാറിലും പ്രധാന ചേരുവയായതിനാൽ വർഷം മുഴുവൻ ചേനയ്ക്ക് ആവശ്യക്കാരുണ്ട്. ഇതു ചേനകൃഷിയുടെ സാധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്.
ചേന ഉപയോഗിച്ചുള്ള ചിപ്സുകൾ വളരെ രുചികരമാണ്. ചേനയുടെ ഇളംതണ്ടും ഇലകളും പോഷകസമൃദ്ധമായ പച്ചക്കറിയാണ്. മലബന്ധം ഉണ്ടായാൽ സാധാരണ മലശോധന നിലനിർത്താൻ ചേന ഫലപ്രദമാണെന്ന് ആയുർവേദത്തിൽ പറയുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം, സെലീനിയം, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ മൂലകങ്ങളുടെ സന്പന്നമായ ഉറവിടമാണു ചേന. ഇത് ശരീരത്തിലെ നീരു വീക്കത്തെ കുറയ്ക്കും. വിഷാംശം ഇല്ലാതാക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ വീക്കത്തിനും പരിഹാരമാണ്. വായൂ, വിരശല്യം എന്നിവയെ കുറയ്ക്കാനും സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നതായി നാടൻ വൈദ്യത്തിൽ പരാമർശമുണ്ട്.
ശാസ്ത്രീയ കൃഷിരീതിക്ക് മെച്ചപ്പെട്ട ഇനങ്ങൾ
ശാസ്ത്രീയ കൃഷിക്ക് അനുയോജ്യമായ മൂന്ന് പ്രധാന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ ആതിര, ശ്രീ പത്മ എന്നിവ. ഗജേന്ദ്ര, ഇടുക്കി ലോക്കൽ, മലപ്പുറം ലോക്കൽ എന്നിവ കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ഇനങ്ങളാണ്. ഉയർന്ന വിളവും (40-42 ടണ്‍/ഹെക്ടർ) നല്ല പാചക ഗുണവുമുള്ള ഇനങ്ങളായ ശ്രീ ആതിര, ശ്രീ പത്മ എന്നിവയുടെ നടീൽ വസ്തുക്കൾ കർഷകർ വൻതോതിൽ ആവശ്യപ്പെടുന്നുണ്ട്.
ഗജേന്ദ്ര
പുറത്തിറക്കിയ വർഷം : 1991
കാലാവധി : 7-8 മാസം
വിളവ് : 42 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത് : എ.പി.എ.യു
ഇലവാട്ടം രോഗം കുറവ്
ശ്രീ ആതിര
പുറത്തിറക്കിയ വർഷം : 2006
കാലാവധി : 9-10 മാസം
വിളവ് : 40.5 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത്: ഐസിഎആർ-സിടിസിആർഐ
ശ്രീ പത്മ
പുറത്തിറക്കിയ വർഷം : 1998
കാലാവധി : 8-9 മാസം
വിളവ് : 42 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത് : ഐസിഎആർ-സിടിസിആർഐ
മൊസൈക്, കടചീയൽ രോഗങ്ങൾ കുറവ്
കൃഷി രീതികൾ
കേരളത്തിൽ ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലാണു ചേന നടുന്നത്. ജലസേചനം നൽകിയും മഴയെ ആശ്രയിച്ചും കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലെ ആലിപ്പറന്പ്, എറണാകുളം ജില്ലയിലെ മാഞ്ഞാലി തുടങ്ങിയ സ്ഥലങ്ങളിൽ നനച്ചേനകൃഷി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്നു. ഇവർ ഡിസംബർ-ജനുവരി മാസത്തിലാണു കൃഷിയിറക്കുന്നത്.
ശാസ്ത്രീയ കൃഷിയിൽ നടീൽ സമയം ഫെബ്രുവരി - ഏപ്രിൽ മാസങ്ങളാണ്. നടീൽ വസ്തുവായി 750 ഗ്രാം തൂക്കമുള്ള ചേന കഷ ണങ്ങൾ ഉപയോഗിക്കാം. 500 ഗ്രാമുള്ള മുഴുവൻ ചേനയും നടീൽ വസ്തുവാക്കാം. 60 × 60 × 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികളെടുത്ത് അതിൽ വേണം നടാൻ. കുഴികൾ തമ്മിൽ 90 × 90 സെന്റീമീറ്റർ അക ലം ആവശ്യമാണ്. ഒരു ഹെ ക്ടറിന് 25 ടണ്‍ കാലി വളമോ കന്പോസ്റ്റോ ചേർക്കണം.
N:P205:K20 (പാക്യജനകം:ഭാവകം:ക്ഷാരം) ഹെക്ടറിന് 100:50:150 കിലോ എന്ന അനുപാതത്തിൽ നൽകണം.
കൃഷി പരിപാലന മുറകൾ
പുതയിടൽ, കളനിയന്ത്രണം എന്നിവ നട്ട് 45 ദിവസം കഴി ഞ്ഞും വീണ്ടും ഒരു മാസത്തിനുശേഷവും നടത്തണം. 8-10 മാസം കൊ ണ്ട് ഹെക്ടറിന് 35-40 ടണ്‍ ശരാശരി വിളവു ല ഭിക്കും.
കൂടുതൽ വിളവിന് എസ്എസ്എൻ.എം സാങ്കേതിക വിദ്യ
ഇന്ത്യയിൽ ചേനകൃഷിചെയ്യുന്ന പ്രദേശങ്ങളിലെ പോഷക പരിപാലനത്തിനായി സിറ്റിസിആർ ഐ സ്ഥാനാധിഷ്ഠിത ചേനവളമിശ്രിതവും മൈക്രോഫുഡ് മിശ്രിതവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2018-19 ൽ ചേനയുടെ ഉത്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുന്നതിനായി എറണാകുളം, മലപ്പുറം ജില്ലകളിൽ ഈ പുതിയ വളമിശ്രിതങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾ നടത്തി. പത്തു മുൻനിര പരീക്ഷണ തോട്ടങ്ങളിൽ സിറ്റിസിആർഐയിലെ ശാസ്ത്രജ്ഞർ നടത്തിയ കൂട്ടായ യോഗങ്ങൾ, ചർച്ചകൾ, പരിശീലന പരിപാടികൾ എന്നിവ വഴി പ്രാഥമിക, ദ്വിതീയ, സൂക്ഷ്മമൂലകങ്ങളടങ്ങിയ രാസവള മിശ്രിതം തയാറാക്കുന്നതിനുള്ള നൈപുണ്യം വളർ ത്തിയെടുക്കാൻ സാ ധിച്ചു.
ചേനയ്ക്കും മ റ്റു പ്രധാന കിഴങ്ങുവർഗ വിളകൾക്കു മായി തയാറാക്കിയ മൈക്രോഫുഡ് (മൈക്രോണോൾ) നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മധുര ആസ്ഥാനമായിട്ടുള്ള ലിംഗാ കെമിക്കൽസ് എന്ന കന്പനിക്കു കൈമാറി.
ഇവർ ഇതു മാർക്കറ്റിലെത്തിച്ചിട്ടുണ്ട്. ഇവ ഇ പ്പോൾ ഇക്കോഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്. സൂക്ഷ്മമൂലകങ്ങളുടെ കുറവു പരിഹരിക്കുന്നതിനും മണ്ണി ന്റെയും വിളയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഉത്പാദനം 10-15 ശതമാനം വരെ വർധിപ്പിക്കുന്നതിനും ഇതു സഹായിക്കുന്നു.
നിർദ്ദിഷ്ടരാസവളവും മൈക്രോഫുഡ് (മൈക്രോണോൾ) മിശ്രിതവും ഉപയോഗിക്കുന്നതുമൂലം ചേന തഴച്ചു വളരാനും പോഷകങ്ങളുടെ അഭാവം ഇല്ലാതാക്കാനും ഉയർന്ന വിളവു ലഭിക്കാനും സഹായിക്കും. ചേനയ്ക്ക് നല്ല വലിപ്പവും ആകൃതിയും തൂക്കവും ലഭിക്കും.
വിള സംരക്ഷണം
1. കട ചീയൽ
മണ്ണിലുള്ള സ്ക്ലെറോഷ്യം റോൾഫ്സി എന്ന കുമിളാണ് ഈ രോഗമുണ്ടാകുന്നത്. വെള്ളം കെട്ടിനിൽക്കൽ, നീർ വാർച്ച കുറവ്, ചേനയുടെ കടഭാഗത്തിനേറ്റ കേടുപാടുകൾ എന്നിവ രോഗബാധ വർധിപ്പിക്കുന്നു. തവിട്ടുനിറത്തിലുള്ള മുറിവ് ചേനയുടെ കടഭാഗത്തു പ്രത്യക്ഷമാകുന്നതാ ണു പ്രാരംഭ ലക്ഷണം. പിന്നീട് തണ്ടു മുഴുവൻ വ്യാപിച്ച് മഞ്ഞനിറമാകുന്നു. രോഗബാധ രൂക്ഷമായാൽ പൂർണ വിളനഷ്ടമാകും ഫലം.
രോഗനിയന്ത്രണ മാർഗങ്ങൾ
• രോഗവിമുക്തമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
• രോഗം ബാധിച്ച ഭാഗങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക
• ശരിയായ നീർവാർച്ച ഒരുക്കുക, വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുക.
• നടീൽ വസ്തുക്കൾ സംഭരണത്തിനു മുന്‍പ് 0.1 ശതമാനം വീര്യമുള്ള മാങ്കോസെബ്+കാർബെൻഡാസിം കുമിൾനാശിനിയിൽ മുക്കുക.
• ട്രൈക്കോഡെർമ ആസ്പെറല്ലം അഞ്ചു ഗ്രാം ഒരു കിലോ ചേനക്ക് എന്ന തോതിൽ കലർത്തിയ ചാണക പാലിൽ നടീൽ വസ്തുക്കൾ നടുന്നതിന് മൂന്നുദിവസം മുന്‍പ് മുക്കിവയ്ക്കുക.
• രണ്ടു തവണകളായി മാങ്കോസെബ്+കാർബെൻ ഡാസിം കുമിൾനാശിനി (0.2%) അഥവാ ട്രൈക്കോഡെർമ+വെർമിക്കന്പോസ്റ്റ് ലായനി ചുവട്ടിൽ ഒഴിക്കുക.
2. നിമാവിര
റൂട്ട് നോട്ട് നിമാവിര ചേനയിൽ വിളനാശത്തിനു കാരണമാകുന്നു. ഇതിനായി താഴെപറയുന്ന സംയോജിത മാർഗങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
► ഇതര വിളകൾക്കൊപ്പം വിള പരിക്രമണം നടത്തുക
► ജൈവ വളങ്ങൾ, വേപ്പിൻ പിണ്ണാക്ക്, കാലിവളം തുടങ്ങിയവ ഉപയോഗിക്കുക
► മണ്ണ് സൂര്യതാപീകരണം നടത്തുക.
► ആഴത്തിലുള്ള ഉഴൽ നിമാവിരയുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കു ന്നു.
► നടുന്നതിനു മുന്‍പ് നടീൽ വസ്തു ചെറു ചൂടുവെള്ളത്തിൽ മുക്കുക.
വിളവെടുപ്പ്
ഏകദേശം 9-10 മാസമാകുന്പോൾ ചേന വിളവെടുപ്പിനു തയാറാകും. ഒരു ഹെക്ടറിന് 35-40 ടണ്ണാണ് ശരാശരി വിളവ്. ഇല പൂർണമായും മഞ്ഞളിച്ച് ഉണങ്ങികഴിയുന്പോൾ ചേന വിളവെടുപ്പിനു പാകമാകുന്നു. വിളവെടുപ്പു സമയത്ത് കിഴങ്ങുകൾക്ക് കേടുപാടുണ്ടാകാതിരിക്കാൻ പ്രത്യേ കം ശ്രദ്ധിക്കണം. കേടുപാടുകളില്ലാത്ത കിഴങ്ങുകൾ വിപണനത്തിന് അനുയോജ്യമാണ്.
സംഭരണ രീതി
പൂർണ വളർച്ചയെത്തിയ, രോഗവിമുക്തവും, ഗുണനിലവാരമുള്ളതുമായ ചേനകൾ മാത്രമേ സംഭരണത്തിനായി ഉപയോഗിക്കാവൂ. സംഭരണ സ്ഥലം നന്നായി വായൂസഞ്ചാരമുള്ളതും തണുത്തതുമായിരിക്കണം. കിഴങ്ങുകൾ ഒരൊറ്റ പാളിയായി അടുക്കി സൂക്ഷിക്കാം. എന്നാൽ സംഭരണ സ്ഥലം അപര്യാപ്തമെങ്കിൽ, അവ രണ്ട് അടുക്കുകളായും സൂക്ഷി ക്കാം.
വിപണനം
കിഴങ്ങുകൾ പ്രാദേശികമായും ചെന്നൈ, മുംബൈ, ബംഗളൂരൂ എന്നിവിടങ്ങളിലും വിപണനം ചെയ്യുന്നു. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും ചെറിയ തോതിൽ കയറ്റുമതിയുണ്ട്.
ചേനയുടെ മുഖ്യ പോഷകഗുണങ്ങൾ
ഡ്രൈ മാറ്റർ : 11.5 - 25 %
അന്നജം : 7-17 %
പഞ്ചസാര : 0.14%
മാംസ്യം : 0.56 -3.1 %
ഭക്ഷ്യ നാരുകൾ : 0.74 %
കൊഴുപ്പ് : 0.06-0.74 %
വിറ്റാമിൻ- എ (100 ഗ്രാമിൽ) : 0-0.15 മില്ലിഗ്രാം
വിറ്റാമിൻ- സി (100 ഗ്രാമിൽ) : 1.5 -6.0 മില്ലിഗ്രാം
കൂടുതൽ വിവരങ്ങൾക്ക്
ഡോ. ജി.ബൈജു
പ്രിൻസിപ്പൽ സയന്റിസ്റ്റ്
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം
ശ്രീകാര്യം, തിരുവനന്തപുരം- 695017
ഇമെയിൽ:byju.g@icar.gov.in
ഫോണ്‍: ഡോ. ബൈജു- 85474 41067.
ജി. ബൈജു
ഡി. ജഗനാഥൻ
ബി.ജി. സംഗീത
എ.വി.വി. കൗണ്ടിന്യ
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ശ്രീകാര്യം, തിരുവനന്തപുരം