കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്സ് ആൻഡ് ബ്രീഡിംഗ് വിഭാഗത്തിൽ നടന്ന ശാസ്ത്രീയ പഠനത്തിൽ തൃശൂർ ജില്ലയിലെ വില്വാദ്രി പശുക്കൾ കേരളത്തിലെ മറ്റ് പശുക്കളിൽ നിന്നും (നാടൻ പശുക്കളും സങ്കര വർഗവും) വ്യത്യസ്തമായ ഒരു ജനിതക വിഭാഗമാണെന്ന് കണ്ടെത്തി.
മൈക്രോസാറ്റലൈറ്റുകൾ എന്ന ജനിതക മാർക്കറുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സിൽ (കെഎസ്സിഎസ്ടിഇ) ആണ് സാന്പത്തിക സഹായം നൽകിയത്.
വില്വാദ്രി പശുക്കൾക്ക് പുറമേ കാസർഗോഡ് കുള്ളനും കേരളത്തിന്റെ തനത് ജനുസായ വെച്ചൂർ പശുക്കളും ജനിതക വൈവിധ്യം പ്രകടിപ്പിക്കുന്നുണ്ട്. വടകര പശുക്കളിൽ മറ്റ് പശുക്കളുമായുള്ള കലർപ്പ് ഉണ്ടാകാതെ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്.
ഈ പഠനത്തിന്റെ മുഖ്യഗവേഷകരായ ഡോ.ജി. രാധിക, ഡോ.ടി.വി. അരവിന്ദാക്ഷൻ, ഡോ.കെ. അനിൽകുമാർ, ഡോ.എസ്. അജിത്കുമാർ, ഡോ.എം. മനോജ്, സ്റ്റെഫി തോമസ് എന്നിവരാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.
വെറ്ററിനറി സർവകലാശാലയിൽ നടന്ന ഈ പഠനത്തിന് കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കാസർഗോഡ് പശുക്കളുടെ ഫാം, വില്വാദ്രി, വടകര പശുക്കളുടെ സംരക്ഷണ ട്രസ്റ്റുകൾ എന്നിവരുടെ സഹകരണവും ലഭിച്ചിരുന്നു.
വില്വാദ്രി പശുക്കളുടേത് തനതു ജനുസ്; നേട്ടവുമായി വെറ്ററിനറി സർവകലാശാല
02:01 PM Nov 06, 2021 | Deepika.com