വന്പൻ ഡിസ്കൗണ്ട് ഓഫർ കണ്ട് ആപ്പിൾ ഐഫോണ്‍ 12 ഓർഡർ ചെയ്തയാൾക്ക് കൊറിയറിൽ കിട്ടിയത് നിർമ അലക്കു സോപ്പ്! ഓണ്‍ലൈൻ തട്ടിപ്പുകളെക്കുറിച്ച് എത്ര അറിയാമെന്നു വിചാരിച്ചാലും തട്ടിപ്പിൽ വീണ്ടും ചെന്നു വീഴാനാണ് പലർക്കും യോഗമെന്നു ചുരുക്കം.
സാധാരണ ഉപയോക്താക്കളുടെ വലിയ സ്വപ്നമായിരിക്കും അരലക്ഷത്തിനു മുകളിൽ വിലയുള്ള ഐഫോണ്‍ വാങ്ങുക എന്നത്. ഇ-കോമേഴ്സ് സൈറ്റുകൾ പ്രഖ്യാപിക്കുന്ന വന്പൻ സെയിലുകളുടെ സമയത്ത് ഇല്ലാത്ത കാശുണ്ടാക്കി ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്പോഴാണ് ഇതുപോലുള്ള ഇടിത്തീ വീഴുക. ഉത്തരേന്ത്യക്കാരനായ സിമ്രാൻപാൽ സിംഗിനാണ് ഐഫോണ്‍ 12നു പകരം രണ്ടു കട്ട നിർമ സോപ്പ് കിട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഏതെങ്കിലും തട്ടിപ്പുകാർ വാട്ട്സ്ആപ്പിലോ മറ്റോ അയയ്ക്കുന്ന ലിങ്കുകൾ വഴി വ്യാജ സൈറ്റുകളിലെത്തി പണം അടയ്ക്കുന്നവർക്കാണ് ഇതുപോലുള്ള ചതി പറ്റുന്നതെന്ന് പ്രത്യേകം ഓർമിക്കുക. ആമസോണ്‍, ഫ്ളിപ്കാർട്ട് പോലുള്ള ജനപ്രിയ സൈറ്റുകളിൽനിന്ന്, അംഗീകൃത വില്പനക്കാർ വഴി വാങ്ങുന്പോൾ ഇത്തരം തട്ടിപ്പിനു സാധ്യത തീരെക്കുറവാണ്. അഥവാ എന്തെങ്കിലും വിധത്തിലുള്ള തെറ്റു സംഭവിച്ചാൽ പണം മടക്കിക്കിട്ടാനോ അല്ലെങ്കിൽ യഥാർഥ ഉല്പന്നം മാറ്റിക്കിട്ടാനോ വലിയ പ്രയാസം ഉണ്ടാകില്ല.
അംഗീകൃത സൈറ്റുകൾ വഴിതന്നെ ഓണ്‍ലൈൻ വാങ്ങലുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
ഐഫോണിനു പകരം കിട്ടിയത് നിർമ സോപ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
02:28 PM Oct 13, 2021 | Deepika.com