അതിർത്തിയിൽ ചൈന സമ്മർദ്ദം തുടരുന്നതിനിടെ അവരിൽനിന്ന് മറ്റൊരു ഭീഷണികൂടി എത്തുന്നു. സംഗതി കുറച്ചു സങ്കീർണമാണ്. തായ്വാനെ ചൈന ബലംപ്രയോഗിച്ചു കീഴടക്കാൻ പോകുന്നുവെന്ന അഭ്യൂഹമാണ് ആശങ്കയ്ക്കു വഴിതെളിച്ചിരിക്കുന്നത്. തായ്വാനെ ചൈന പിടിച്ചാൽ നമുക്കെന്താണെന്ന ചോദ്യം ന്യായമായും വരാം. എന്നാൽ നമുക്കും നഷ്ടം വന്നേക്കാം.
എന്താണ് പ്രശ്നം
ആപ്പിൾ അടക്കമുള്ള വൻകിട കന്പനികൾ തങ്ങൾക്കാവശ്യമുള്ള പ്രോസസറുകൾക്കായി തായ്വാൻ കന്പനികളെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിനു പ്രോസസറുകൾ ലഭിക്കാതായാൽ ടെക് മേഖല കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും.
ഏതാനും മാസങ്ങളായി പ്രോസസറുകൾക്ക് വലിയ ക്ഷാമം നിലനിൽക്കുന്നുണ്ട്. കോവിഡ് അടക്കമുള്ള സാഹചര്യങ്ങൾ പ്രശ്നം സങ്കീർണമാക്കിയതിനിടെയാണ് പുതിയ ഭീഷണിയുമായി ചൈന വരുന്നത്. ചിപ്പ് ക്ഷാമംമൂലം കാർ കന്പനികൾ കഷ്ടപ്പെട്ടതുപോലെയാകും മൊബൈൽ നിർമാതാക്കളുടെയും കാര്യം.
കംപ്യൂട്ടർ, ഫോണ് നിർമാതാക്കൾക്കു പുറമേ കാമറ കന്പനികളെയും ചിപ്പ് ക്ഷാമം പ്രതികൂലമായി ബാധിക്കും. ഓരോന്നിന്റെയും വില കുതിച്ചുകയറാനും ഇതു വഴിയൊരുക്കും.
ടിഎസ്എംസി
തായ്വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് കന്പനി ലിമിറ്റഡ് ആണ് കരാർ അടിസ്ഥാനത്തിൽ ചിപ്പുകൾ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനം. തായ്വാനിലെ അവരുടെ ഫാക്ടറി പ്രതിസന്ധിയിലാണ് ഇപ്പോൾ. ആധുനിക ഉപകരണങ്ങൾക്കുവേണ്ട ചിപ്പുകൾ നിർമിക്കുന്നത് തായ്വാനിൽ മാത്രമായി കേന്ദ്രീകരിച്ചിക്കുന്നത് തങ്ങൾക്ക് ആശങ്കയാണെന്ന് ടിഎസ്എംസി നേരത്തേതന്നെ അറിയിച്ചിട്ടുള്ളതാണ്.
ഇപ്പോൾ ജനാധിപത്യ സംവിധാനം നിലനിർക്കുന്ന തായ്വാനെ സ്വന്തം അധീനതയിലാക്കാൻ മടിക്കില്ലെന്ന ചൈനയുടെ ഭീഷണി അത്ര ചെറുതല്ല. ചിപ്പുകൾ ലഭ്യമല്ലാത്തതുമൂലം തങ്ങളുടെ വാഹനനിർമാതാക്കളുടെ ഭാവിയെക്കുറിച്ച് ജപ്പാൻ ഉൾപ്പെടെ ആശങ്കയിലാണ്. ജാപ്പനീസ് സർക്കാരും അവിടത്തെ ടെക് ഭീമനായ സോണിയും ടിഎസ്എംസിക്ക് ഒപ്പം ചേർന്ന് ഒരു ചിപ്പ് നിർമാണ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജാപ്പനീസ് സർക്കാർ ഇതിനായി 715 കോടി ഡോളറാണ് വകമാറ്റാൻ തയാറായിരിക്കുന്നത്. ജപ്പാനിലെ കുമാമോട്ടോയിൽ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഫാക്ടറി മൂന്നു വർഷത്തിനകം പ്രവർത്തനം തുടങ്ങും. ഇവിടെ ചിപ്പുകളും സെമികണ്ടക്ടറുകളും നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിപ്പ് ക്ഷാമംമൂലമുള്ള വിലക്കയറ്റം, പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുള്ള പ്രയാസം എന്നിവ ഇതിലൂടെ മറികടക്കാനാണ് ശ്രമം.
വൻകിട ചിപ്പ് ഫാക്ടറി സ്ഥാപിക്കാൻ അമേരിക്കയും ടിഎസ്എംസിയെ ക്ഷണിച്ചിരിക്കുകയാണ്.
ചിപ്പ് നിർമാണം താളംതെറ്റുമോ? ചൈനപ്പേടിയിൽ ടെക് ലോകം
11:52 AM Oct 13, 2021 | Deepika.com