കേള്‍ക്കാം ആസ്വദിക്കാം അറിവുനേടാം പോഡ്കാസ്റ്റിംഗിലൂടെ.... നിങ്ങള്‍ക്ക് ഒരു റേഡിയോ ഷോ ഉണ്ടെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ. കമ്പ്യൂട്ടറുള്ള ഏതൊരാള്‍ക്കും റേഡിയോ ജോക്കി, ടോക്ക് ഷോ ഹോസ്റ്റ് അല്ലെങ്കില്‍ റെക്കോഡിംഗ് ആര്‍ട്ടിസ്റ്റ് ആകാന്‍ പോഡ്കാസ്റ്റിംഗ് സഹായിക്കുന്നു.
കാതില്‍ തനിക്ക് ഇഷ്ടമുള്ളത് കേള്‍ക്കാനും അറിവുകള്‍ നേടുവാനും സഹായിക്കുകയാണ് പോഡ്കാസ്റ്ററുകൾ. റേഡിയോ തന്നെയല്ലേ "പോഡ്കാസ്റ്റ്' എന്നു സംശയിക്കുന്നവരുണ്ട്. അറിവും വിനോദവും പകരുന്നവയാണ് രണ്ടും. എന്നാൽ, താത്പര്യമുള്ള വിഷയം തിരഞ്ഞെടുത്ത് കേള്‍ക്കാം എന്നതാണ് "പോഡ്കാസ്റ്റ്' എന്ന നവമാധ്യമത്തിന്റെ പ്രത്യേകത.
വാര്‍ത്തകളും ആശയങ്ങളും അഭിപ്രായങ്ങളും കഥയും കവിതയുമൊക്കെ ശബ്ദരൂപത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതാണ് പോഡ്കാസ്റ്റുകൾ. മലയാളം പോഡ്കാസ്റ്റിംഗും വളരുകയാണ്. പുതിയ പോഡ്കാസ്റ്ററുകള്‍ വരുന്നു. അവരില്‍ പലരും തുടര്‍ച്ചയായി നല്ല പോഡ്കാസ്റ്റുകള്‍ നിര്‍മിക്കുന്നു. സെപ്റ്റംബര്‍ 30 അന്താരാഷ്ട്ര പോഡ്കാസ്റ്റിംഗ് ദിനമായി ആചരിക്കുന്നു.
പോഡ്കാസ്റ്റിംഗിന്റെ ആരംഭം
പോഡ്കാസ്റ്റിംഗിന്റെ തുടക്കം ഐ പോഡ് കാലത്താണ്. ബ്രോഡ്കാസ്റ്റും ഐ പോഡിലെ പോഡും ചേര്‍ന്ന് പോഡ്കാസ്റ്റ് ആയി. മുന്‍ എംടിവി ജോക്കി ആദം ഹറിയും സോഫ്റ്റ്വയര് ഡെവലപ്പര്‍ ഡേവ് വിനറും ചേര്‍ന്നാണ് പോഡ്കാസ്റ്റിംഗ് 2004ല്‍ വികസിപ്പിക്കുന്നത്.
ഹറി ഐപോഡാപോര്ഡര് എന്ന പേരില്‍ ഒരു പോഗ്രാം എഴുതി അത് തന്റെ ഐപോഡിലേക്ക് ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷോണങ്ങള് യാന്ത്രികമായി ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രാപ്തമാക്കി. നിരവധി ഡവലപ്പര്‍മാര്‍ അദേഹത്തിന്റെ ആശയത്തെ മെച്ചപ്പെടുത്തി. പോഡ്കാസ്റ്റിംഗ് ഔദ്യോഗികമായി പിറന്നു. ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റുകളിലൊന്നായ ഡെയ്ലി സോഴ്സ് കോഡ് എന്ന പേരില്‍ ഒരു ഷോ ഇപ്പോള്‍ ഹറി ഹോസ്റ്റു ചെയ്യുന്നു.
ലോകത്തില്‍ ഇപ്പോള്‍ ഒരു കോടിയിലധികം പോഡ്കാസ്റ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. മലയാളത്തില്‍തന്നെ നൂറുകണക്കിനുണ്ട്. അമേരിക്കയില്‍ ജനസംഖ്യയില്‍ 22 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും പോഡ്കാസ്റ്റുകള്‍ കേള്‍ക്കുന്നു. യുകെയില്‍ ഇത് 12.5 ശതമാനമാണ്. കോവിഡ് കാലത്ത് മറ്റു മാധ്യമങ്ങൾ, പ്രത്യേകിച്ച് എഫ്എം, ഇന്റര്‍നെറ്റ് റേഡിയോകള്‍ തളര്‍ന്നപ്പോള്‍ വളര്‍ന്നത് പോഡ്കാസ്റ്റുകളാണ്.
സാധ്യതകള്‍
ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള ആര്‍ക്കും പോഡ്കാസ്റ്റ് കേള്‍ക്കാം. താത്പര്യമുള്ള വിഷയം, സൗകര്യമുള്ള സ്ഥലത്ത്, സമയത്ത് കേള്‍ക്കാനും സാധിക്കും. ഭൂരിപക്ഷം പോഡ്കാസ്റ്റുകളും സൗജന്യമാണ്. ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകളിലുമുണ്ട്. മലയാളം പോഡ്കാസ്റ്റിംഗും വളരുകയാണ്. പുതിയ പോഡ്കാസ്റ്ററുകള്‍ വരുന്നു. അവരില്‍ പലരും തുടര്‍ച്ചയായി നല്ല പോഡ്കാസ്റ്റുകള്‍ നിര്‍മിക്കുന്നു.
കേള്‍ക്കാം കേട്ടുപഠിക്കാം
സര്‍ക്കാർ, മറ്റു സ്ഥാപനങ്ങള്‍ വിവരങ്ങളും അറിയിപ്പുകളും നല്കാന് പോഡ്കാസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോഡ്കാസ്റ്റ് രൂപത്തിലുണ്ട്. നല്ല കാര്യങ്ങള്‍ കേള്‍ക്കുക ചിന്തിക്കാന്‍ പ്രേരിപ്പിക്കുക നമ്മുടെ കഴിവുകളെ വളര്‍ത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പോഡ്കാസ്റ്ററുകള്‍ ചെയ്തുതരുന്നു.
മലയാളം പോഡ്കാസ്റ്റുകള്‍
ടി ടോക്സ് വിത്ത് ജെപി, ദി മല്ലു ഷോ, റെറ്റ്റോസ്പെക്ഷന് ബൈ അലൻ, ദി മലയാളി പോഡ്കാസ്റ്റ്, ബ്ലൂബറി ബ്ലോഗ്, എന്നോടൊപ്പം. എന്നിവരാണ് മലയാളം പോഡ്കാസ്റ്റിലെ പ്രമുഖർ. കൂടാതെ മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റിയുമുണ്ട്.
പോഡ്കാസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും പുതിയതായി പോഡ്കാസ്റ്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കമ്മ്യൂണിറ്റി വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കുന്നുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റിയുടെ പേജ് ഫോളോ ചെയ്യുന്നതിനും സന്ദര്‍ശിക്കുന്നതിനും സാധിക്കും. അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു.
ടോണി ജെ. കുര്യാക്കോസ്
കേള്‍ക്കാം കേള്‍ക്കാം കേട്ടുകൊണ്ടേയിരിക്കാം; ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം
12:38 PM Sep 30, 2021 | Deepika.com