ശരിയായ രീതിയിലുള്ള സംരക്ഷണം നൽകിയില്ലെങ്കിൽ ചർമത്തിൽ ചുളിവുകളും മറ്റും രൂപപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണം നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കിമാറ്റേണ്ടതുണ്ട്.
ചർമസ്വഭാവം തിരിച്ചറിയാം
രാവിലെ എഴുന്നേറ്റു മുഖം വൃത്തിയായി കഴുകുക. ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞു കൈകൊണ്ടോ ഒരു ടിഷ്യൂ പേപ്പർ കൊണ്ടോ തൊട്ടുനോക്കണം. ചിലപ്പോൾ ചർമം വലിഞ്ഞു മുറുകിയതുപോലെ തോന്നാം. വരണ്ടിരിക്കുകയാണെങ്കിൽ അതു ഡ്രൈ സ്കിൻ അഥവാ വരണ്ട ചർമമാണ്. തണുപ്പടിക്കുന്പോൾ, അധികനേരം എസി ഉപയോഗിക്കുന്പോൾ ഇത്തരം ചർമം വലിഞ്ഞ് മുറുകും. സാധാരണ ചർമത്തിൽ കാണുന്ന ചെറിയ കുഴികൾ ഇത്തരം ചർമത്തിൽ കാണില്ല. പകരം ചെറിയ ചുളിവുകൾ ഉണ്ടാകും. കൈകൊണ്ട് പോറിയാൽ പോലും വെളുത്ത വര കാണാം.
ടാൽകം പൗഡർ പോലെയുള്ളവ ഉപയോഗിച്ചാൽ മുഖത്ത് വെളുത്ത പൊടിയായി നിൽക്കുകയോ തൊലിയിളകി വരുന്നതുപോലെയോ അനുഭവപ്പെടാം. എന്നാൽ, മുഖം കഴുകി ഒന്നുരണ്ടു മണിക്കൂറിനു ശേഷം മുഖം നല്ല മിനുസമുള്ളതു പോലെയാകും. എണ്ണമെഴുക്കോടെയാണെങ്കിൽ അത് ഓയിലി സ്കിൻ അഥവാ എണ്ണമയമുള്ള ചർമാണ്. പുറത്തിറങ്ങുന്പോൾ, വെയിൽ കൊള്ളുന്പോൾ, വിയർക്കുന്പോൾ മുഖത്ത് എണ്ണമയം കൂടും. ഇത്തരം ചർമക്കാരുടെ മുഖത്തെ കുഴികൾ വലുതായിരിക്കും. ഇത്തരം കുഴികളിൽ പൊടിയും വിയർപ്പും അഴുക്കും അടിഞ്ഞ് ബാക്ടീരിയ വളർന്ന് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവയുണ്ടാകും.
എന്നാൽ, ഈ എണ്ണമയം മുഖത്ത് നെറ്റിയിലും മൂക്കിന്റെ വശങ്ങളിലും താടിയിലും മാത്രമായി മറ്റു ഭാഗങ്ങളിൽ സാധാരണ ചർമമോ വരണ്ട ചർമോ ആണെങ്കിൽ അതിനെ കോന്പിനേഷൻ സ്കിൻ വിഭാഗത്തിൽപ്പെടുത്താം. മൂക്കിനും നെറ്റിയിലും താടിയിലും ചെറിയ കുഴികൾ കാണാൻ പറ്റും. അവിടെ കുരുക്കളുമുണ്ടാകാം. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത എല്ലാവരും ആഗ്രഹിക്കുന്ന ജ·സിദ്ധമായ നല്ല ചർമത്തെ സാധാരണ ചർമം എന്നു പറയാം.
ചർമസംരക്ഷണം എങ്ങനെ
നല്ല മിനുസവും മൃദുലവുമായ ചർമം എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ ശരീരത്തിലെ അവയവങ്ങളെയെല്ലാം സംരക്ഷിക്കുന്ന ചർമത്തിനു കൃത്യമായ പരിചരണം ആവശ്യമാണ്. ചിട്ടയോടെയുള്ള ദിനചര്യ നിർബന്ധം.
*രാവിലെ എഴുന്നേൽക്കുക
*ചർമസംരക്ഷണത്തിന് ആഴ്ചയിൽ രണ്ടുമൂന്നു തവണ വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ തേച്ചുകുളിക്കുക.
*രാവിലെ മുഖം വൃത്തിയായി ക്ലെൻസർ ഉപയോഗിച്ചു കഴുകി ടോണറും മോയിസ്ചറൈസറും ഉപയോഗിക്കുക.
*പുറത്തുപോകുന്പോൾ നിർബന്ധമായും സണ്സ്ക്രീൻ ഉപയോഗിക്കുക.
* കൃത്യമായ ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുക
* ഉറക്കമിളയ്ക്കുന്നത് ചർമത്തിനു വളരെയധികം ദോഷം ചെയ്യും.
ചർമസംരക്ഷണ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്പോൾ
പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്പോൾ പോലും അലർജി ഉണ്ടാകുന്നവർക്കു സെൻസിറ്റീവ് സ്കിൻ ആണ്. അതുകൊണ്ടുതന്നെ ഏത് ഉത്പന്നവും ഉപയോഗിക്കുന്നതിനു മുന്പു കൈയിലോ ചെവിയുടെ പുറകിലോ അൽപം തേച്ചുനോക്കി സുരക്ഷ ഉറപ്പുവരുത്തണം.
ഉത്പന്നങ്ങളുടെ ഗുണനിലവാരവും ചേരുവകളെക്കുറിച്ചും ഉപയോഗിക്കുന്നതിനു മുന്പ് മനസിലാക്കണം. അവരവരുടെ ചർമത്തിന് അനുയോജ്യമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക. സാധാരണ ചർമമുള്ളവർക്കു എല്ലാ തരത്തിലുമുള്ള ഉത്പന്നങ്ങൾ ഗുണംചെയ്യും. വരണ്ട ചർമമുള്ളവർ ഓയിൽ കൂടുതലുള്ള അല്ലെങ്കിൽ ക്രീം രൂപത്തിലുള്ള മോയിസ്ചറൈസറും സണ്സ്ക്രീനും ഉപയോഗിക്കുക. എന്നാൽ, ഓയിലി സ്കിൻ ഉള്ളവരും കോന്പിനേഷൻ സ്കിൻ ഉള്ളവരും എണ്ണ അധികമുള്ളതോ ക്രീം തരത്തിലുള്ളതോ ഉപയോഗിക്കരുത്. വാട്ടർ ബേസ്ഡ് അല്ലെങ്കിൽ ജെൽ ഫോമിൽ വരുന്ന ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. വരണ്ട ചർമമുള്ളവർ സോപ്പ് ഫ്രീ ആയിട്ടുള്ള ക്ലെൻസറുകൾ അല്ലെങ്കിൽ ഫേസ്വാഷ് മാത്രം ഉപയോഗിക്കണം. സാധാരണ സോപ്പ്, ഫേസ്വാഷ് ഉപയോഗിക്കുന്പോൾ ചർമം കൂടുതൽ വരണ്ടുപോകാൻ സാധ്യതയുണ്ട്.
മുഖസംരക്ഷണം വീട്ടിൽ തന്നെ
മുഖം വൃത്തിയാക്കാൻ സോപ്പിനു പകരം ഓട്സ് നന്നായി പൊടിച്ചതും പയറു പൊടിയും ചേർത്ത് ഉപയോഗിക്കാം. വരണ്ട ചർമമുള്ളവർ ഓട്സിന്റെ അളവ് കൂട്ടുക, പയറുപൊടി കുറയ്ക്കുക. എണ്ണമയമുള്ള ചർമമുള്ളവർ പയറുപൊടി കൂടുതലെടുത്ത് ഓട്സ് പകുതിയാക്കണം. മുഖം കഴുകിയതിനു ശേഷം ടോണറായി പനിനീർ വെള്ളം അല്ലെങ്കിൽ വെള്ളരി നീര് ഉപയോഗിക്കാം. വരണ്ട ചർമമുള്ളവർക്ക് ഈർപ്പം നിലനിർത്താൻ മുഖത്തു വെന്ത വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ബദാം ഓയിൽ തുടങ്ങിയവ ഉപയോഗിക്കാം. എണ്ണമയമുള്ളവർ കറ്റാർവാഴ ജെൽ പോലെയുള്ളവ ഉപയോഗിക്കുക. കടലപ്പൊടി അൽപം തൈര് ചേർത്തു മുഖത്തു തേക്കുന്നതും എണ്ണമെഴുക്ക് കുറയ്ക്കും.
ചർമത്തിനു പോഷണം
"അകം എപ്രകാരമോ അപ്രകാരം തന്നെ പുറവും’. ചർമത്തിന്റെ ആരോഗ്യമെന്നത് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ഒരു ദിവസം രണ്ടുമൂന്നു ലിറ്റർ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്വാഭാവിക ഈർപ്പം നിലനിർത്താനും വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കും. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികൾ കൂടുതലായി കഴിക്കുക. കാരറ്റ്, മത്തൻ, ബീറ്റ്റൂട്ട്, ഇലക്കറികൾ, ഇഞ്ചി തുടങ്ങിയവ ഉൾപ്പെടുത്തണം. വിറ്റാമിൻ എ, വിറ്റാമിൻ സി കൂടുതലുള്ള ഫലങ്ങൾ കഴിക്കുക. ഓറഞ്ച്, നാരങ്ങ നീര്, നെല്ലിക്ക, പപ്പായ, മാങ്ങ, ഫ്ളേക്സ് സീഡ്, ഇളനീർ, ഉലുവ തുടങ്ങിയവയും നിർബന്ധമായും ഉൾപ്പെടുത്തണം. ചായ, കാപ്പി, ശീതള പാനീയങ്ങൾ, ജംഗ് ഫുഡ്, അധിക മധുരം, ബേക്കറി പലഹാരം, എണ്ണയിൽ വറുത്തത് എന്നിവ ഒഴിവാക്കുക. ശരീരത്തിൽ അസിഡിറ്റി കുറച്ച് ആൽക്കലിനിറ്റി കൂട്ടുന്നത് ചർമത്തിന്റെ ആരോഗ്യം മാത്രമല്ല, മറ്റു മാരകരോഗങ്ങളിൽ നിന്നും ജീവിതശൈലീ രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും.
ചികിത്സ എപ്പോൾ?
"ചെറിയ മുഖക്കുരു പോലും ചികിത്സിക്കേണ്ടതുണ്ടോ?’ വീട്ടിലെ ചെറിയ ഒൗഷധങ്ങൾ ഉപയോഗിച്ചിട്ടും നിങ്ങളുടെ ചർമത്തിലെ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീർച്ചയായും ചികിത്സിക്കണം. ഇന്നത്തെ ചെറിയ കുരുക്കൾ കൃത്യസമയത്ത് മാറ്റാതിരുന്നാൽ നാളെയത് വലിയ പാടുകളാകാനും കുഴികൾ ആവാനും സാധ്യതയുണ്ട്. കൃത്യസമയത്ത് ഒരു ഡോക്ടറുടെ സഹായം തേടുക.
ആയുർവേദത്തിൽ ചികിത്സയുണ്ടോ?!
ആയുർവേദത്തിൽ രോഗത്തിനെ മാത്രമല്ല രോഗിയെക്കൂടി കണക്കിലെടുത്താണ് ചികിത്സിക്കുക. അതുകൊണ്ടുതന്നെ അസുഖം ഒന്നാണെങ്കിലും വ്യക്തികളുടെ ശരീരപ്രകൃതിക്കും സ്വഭാവശീലത്തിനും രോഗകാരണത്തിനുമനുസരിച്ച് ചികിത്സയിൽ മാറ്റം വരാം. രക്തശുദ്ധിക്കും ദഹനപ്രക്രിയ സന്തുലിതമാക്കുന്നതിനുള്ള മരുന്നുകൾ മുതൽ മുഖത്ത് പുരട്ടാനുള്ളതും ഹെർബൽ ലേപനങ്ങളും ചികിത്സയിൽ ഉൾപ്പെടും. മുഖത്തെ കുഴികളും പാടുകളും സ്ട്രെച്ച് മാർക്കുമൊക്കെ മാറ്റാൻ പ്രച്ഛാനം, ലേപനം തുടങ്ങിയ ചികിത്സകൾ ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു പെട്ടെന്നു തന്നെ ഫലം തരുന്നതാണ്. മുഖക്കുരുവിനുള്ള ലീച്ച് തെറാപ്പി ഇന്ന് വളരെ പ്രചാരത്തിലുണ്ട്. മാറ്റം വരുത്തുന്ന ജീവിതരീതിയും വ്യായാമം, യോഗ, ടെൻഷൻ കുറയ്ക്കാനുള്ള വിധികൾ എന്നിവയും ചികിത്സയുടെ ഭാഗമായി വരും.
ആയുർവേദ ടിപ്സ്
വരണ്ട ചർമം
രാവിലെ പാൽപ്പാട പുരട്ടി 10 മിനിട്ട് തടവുക. രാത്രി കുങ്കുമതൈലം മൂന്നുനാലു തുള്ളി പുരട്ടി ഉറങ്ങുന്നത് പാടുകൾ കുറയ്ക്കും. ഏലാദികേരതൈലം പുരട്ടുന്നത് വരണ്ടിരിക്കുന്നത് തടയും. കറ്റാർവാഴയും ചന്ദനവും തേനും യോജിപ്പിച്ച് പായ്ക്കായി ഉപയോഗിക്കാം. കുതിർത്ത ബദാമും തേനും പുളിയില്ലാത്ത തൈരും ഓട്സ് പൊടിച്ചതും ചേർത്തരച്ച് മുഖത്ത് പുരട്ടുക.
മുഖക്കുരു
പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ചു കിഴികെട്ടി വെള്ളം തിളപ്പിക്കുക. ആ കിഴി കൊണ്ടു മുഖക്കുരുവുള്ള ഭാഗം വിയർപ്പിക്കണം. ഏലാദിചൂർണം വെള്ളത്തിൽ ചാലിച്ച് പുരട്ടുക. കൊത്തന്പാലയരി, വയന്പ്, പാച്ചോറ്റിത്തൊലി ഇവ അരച്ചു പുരട്ടുന്നതും നല്ലതാണ്. മുൾട്ടാണിമിട്ടി പൊടി, ടീ ട്രീ ഓയിൽ, വേപ്പ്, ചന്ദനം, പനിനീർ വെള്ളം എന്നിവ ചേർത്ത് പുരട്ടുന്നത് എണ്ണമയം കുറക്കാൻ സഹായിക്കും.
കരിമംഗല്യം
കറുത്തെള്ള്, കരിഞ്ചീരകം, കടുക്ക, ജീരകം എന്നിവ സമമെടുത്ത് പാലിലരച്ച് തേക്കുക. മുഖക്കുരു ഉള്ളവർ തലയിൽ താരനുണ്ടെങ്കിൽ ചികിത്സിക്കണം. ധാരാളം വെള്ളം കുടിക്കുക. ഫംഗസ് ബാധ വരാതെ സൂക്ഷിക്കണം. കാൽപാദങ്ങളും കൈകളും ഉപ്പുവെള്ളത്തിൽ കഴുകുക. മേക്കപ്പ് ഉപയോഗിക്കുന്നവർ മിതമായ രീതിയിൽ മാത്രം ഉപയോഗിക്കണം.
തയാറാക്കിയത്: അനുമോൾ ജോയ്