കേന്ദ്രപദ്ധതികള്‍ക്ക് അപേക്ഷിക്കാം

04:56 PM Aug 18, 2021 | Deepika.com
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഭക്ഷ്യസംസ്‌കരണം, അഗ്രിബിസിനസ് എന്നീ മേഖലകളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതികള്‍.

ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പദ്ധതികള്‍

(പദ്ധതികളെക്കുറിച്ചറിയാന്‍ www.pmfme.mofpi.gov.in, www.mofpi.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.)

* കാര്‍ഷിക സംസ്‌കരണ ക്ലസ്റ്ററുകളില്‍ ആധുനികരീതിയിലുള്ള ഭൗതിക സൗകര്യമൊരുക്കല്‍, ഉത്പാദനം മുതല്‍ ഉപഭോക്താവിന്റെ കൈകളിലെത്തുന്നതുവരെയുള്ള സംയോജിത സൂക്ഷിപ്പ്, സംഭരണം, സംസ്‌കരണം, വിപണനത്തിനുള്ള ശൃംഖല രൂപപ്പെടുത്തല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങള്‍. പരമാവധി 35 ശതമാനം(10 കോടിരൂപവരെ) ഗ്രാന്റ് ലഭിക്കും. ദുര്‍ഘട പ്രദേശങ്ങളില്‍ ഗ്രാന്റ് 50 ശതമാനമാണ്. ഗ്രാന്റിന്റെ ഒന്നര ഇരട്ടി ആസ്തി അപേക്ഷകനുണ്ടായിരിക്കണം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വാശ്രയസംഘങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

* കാര്‍ഷിക അനുബന്ധ ഉത്പന്നങ്ങള്‍ക്കുള്ള ശീതീകരണ, സംസ്‌കരണ, സൂക്ഷിപ്പിനുള്ള കോള്‍ഡ് ചെയിന്‍ സംവിധാനം ഉറപ്പുവരുത്താന്‍ പരമാവധി 10 കോടിരൂപയുടെ ഗ്രാന്റ് ലഭിക്കും. മൊത്തം പദ്ധതി ചെലവിന്റെ 35 ശതമാനവും ദുര്‍ഘട പ്രദേശങ്ങളില്‍ 50 ശതമാനവുമാണ് ഗ്രാന്റ്. നിര്‍മാണം, മെഷീനറി എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കാര്‍ഷികോത്പന്നങ്ങള്‍, പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ സംസ്‌കരണം എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.

* ഭക്ഷ്യസംസ്‌കരണ, ശീതീകരണ പ്ലാന്റുകള്‍ വിപുലപ്പെടുത്താനും പുതിയതു തുടങ്ങാനും ഗ്രാന്റ് ലഭിക്കും. മൊത്തം പദ്ധതിച്ചെലവിന്റെ 20 ശതമാനം ഗുണഭോക്തൃവിഹിതമായിരിക്കണം. കുറഞ്ഞത് മൂന്നുകോടി രൂപയുടെ പ്രോജക്ടായിരിക്കണം. അപേക്ഷിച്ചതിനു ശേഷമായിരിക്കണം പദ്ധതി തുടങ്ങേണ്ടത്. ബാങ്കുവായ്പ ലഭിക്കാനുള്ള യോഗ്യത അപേക്ഷകനുണ്ടായിരിക്കണം.

* മുന്‍-പിന്‍ ശൃംഖല രൂപപ്പെടുത്തല്‍

(Backward & Forward linkages)
ഉത്പന്നസംഭരണം, സപ്ലൈചെയിന്‍, സംസ്‌കരണം, വിപണനശൃംഖല രൂപപ്പെടുത്തല്‍, തരംതിരിക്കല്‍, പായ്ക്കിംഗ്, ഗ്രേഡിംഗ്, പാല്‍ ശീതീകരണം, ശീതീകരണികള്‍ സ്ഥാപിക്കല്‍, മൊബൈല്‍ പ്രീ കൂളിംഗ്, ശീതീകരിച്ച വാഹനങ്ങള്‍ എന്നിവ പിന്‍ ശൃംഖലയിലുള്‍പ്പെടും. റീട്ടെയില്‍ ചെയിനുകള്‍, റെഫ്രിജറേറ്റഡ് വാഹനങ്ങള്‍ എന്നിവ മുന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്താം.



* മെഗാഫുഡ് പാര്‍ക്കുകള്‍

ഭക്ഷ്യസംസ്‌കരണം, വിതരണം എന്നിവയില്‍ ആധുനിക, ഭൗതിക സൗകര്യങ്ങള്‍, പാരിസ്ഥിതിക, ഭക്ഷ്യസുരക്ഷിതത്വം എന്നിവയാണ് മെഗാ ഫുഡ് പാര്‍ക്കുകളുടെ ലക്ഷം. പൊതുവായ സൗകര്യങ്ങള്‍, വെയര്‍ഹൗസുകള്‍, ശീതീകരണസൂക്ഷിപ്പു സംവിധാനം, ലബോറട്ടറികള്‍, റീഫര്‍വാനുകള്‍ എന്നിവയ്ക്കും റോഡ്, വൈദ്യുതി, മാലിന്യസംസ്‌കരണം മുതലായ വയ്ക്കും ഗ്രാന്റ് ഉപയോഗിക്കാം. അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ്, പരിശീലന കേന്ദ്രം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫാക്ടറി ഷെഡുകള്‍ മുതലായവയ്ക്ക് പരമാവധി 50 കോടിരൂപ ഗ്രാന്റ് ലഭിക്കും. ഫുഡ്പാര്‍ക്കില്‍ അഞ്ചു സംരംഭകര്‍ വേണം. നിലവില്‍ ഭക്ഷ്യസംസ്‌കരണ രംഗത്തു പ്രവര്‍ ത്തിക്കുന്നവര്‍, സഹകരണസംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, സ്വാശ്രയ സഹായ ഗ്രൂപ്പുകള്‍, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓപ്പറേഷന്‍ ഗ്രീന്‍സില്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ സംസ്‌കരണത്തിനുള്ള സംയോജിത പദ്ധതിയും മെഗാഫുഡ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താം.

കാര്‍ഷിക മന്ത്രാലയത്തിന്റെ പദ്ധതികള്‍

* അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന ഫണ്ട്
അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഭൗതിക സൗകര്യ വികസനം, സംഭരണം, ശീതീകരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഒരു സംരംഭകന് 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും

നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിന്‍റെ പദ്ധതികള്‍

(കാര്‍ഷികമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിന്റെ പദ്ധതികളെ കുറി ച്ചറിയാന്‍ www.agricoop.nic.in, www.agriinfra.dac.gov.in, www.nhb.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.)

* തുറസായ സ്ഥലത്തുള്ള ഫീല്‍ഡ് ഹോര്‍ട്ടിക്കള്‍ച്ചര്‍ - ഫലവര്‍ഗ, പച്ചക്കറി കൃഷി രണ്ടു ഹെക്ടര്‍ വിസ്തൃതിയില്‍ ചെയ്യുന്നതിന് സഹായം. 75 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 30 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ദുര്‍ഘട പ്രദേശങ്ങളിലിത് 37.5 ലക്ഷം രൂപ വരെയാണ്.

* ഗ്രീന്‍ ഹൗസുകളിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍: രണ്ടേക്കറിലെ 56 ലക്ഷ ത്തിന്റെ പദ്ധതിക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും.

* ഇന്റഗ്രേറ്റഡ് പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് - ശാസ്ത്രീയ സംഭരണം, പ്രീ കൂളിംഗ്, ശീതീകരണം, മൊബൈല്‍ ശീതീകരണ സംവിധാനം- 75 ലക്ഷം രൂപ വരെയുള്ള പദ്ധതി.

* ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉത്പന്ന ശീതീകരണ സംവിധാനം - നിര്‍മാണം, വിപുലീകരണം, ആധുനികവത്കരണം.

* സാങ്കേതികവിദ്യ ഉരുത്തിരിച്ചെടുക്കാനും കൈമാറാനുമുള്ള പദ്ധതി- സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടിരൂപ വരെ ലഭിക്കും.

മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍

(AH Infrastructure Development Fund)
മൃഗസംരക്ഷണ മേഖലയില്‍ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം, സംഭരണം, സംസ്‌കരണം, ശീതീകരണം, പായ്ക്കിംഗ്, വിപണനം എന്നിവ ലക്ഷ്യമിട്ട് വികസന പദ്ധതികള്‍ക്ക് വായ്പ പലിശയില്‍ മൂന്നു ശതമാനം വരെ ഇളവു ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dahd.nic.in, www.ahidf.udyamimtira.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. മാതൃകാ പ്രോജക്ട് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും.

* വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത പ്രോജക്ട് മാനേജ്‌മെന്റ് ഏജന്‍സികളായ ജിടി, പിഡബ്ല്യൂസി എന്നിവയെ പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കാന്‍ സമീപിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 8588065278, 6238148583, 9840235082, 9840734145 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
E mail- padmanand.v@in.gt.com

ഡോ. ടി.പി. സേതുമാധവന്‍