+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിടിവിടാതെ കോവിഡാനന്തര രോഗങ്ങള്‍

കോവിഡ് വന്നുപോട്ടെ, ഒരു ജലദോഷവും പനിയുമല്ലെ എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ, വന്നു പോകുന്നതിനൊപ്പം ചിലതൊക്കെ ശരീരത്തിലും ജീവിതത്തിലും അവശേഷിപ്പിച്ചിട്ടേ അതു പോകു. ഇപ്പോള്‍ നടക്കുന്ന പല പഠനങ്ങളും വെളിപ
പിടിവിടാതെ കോവിഡാനന്തര രോഗങ്ങള്‍
കോവിഡ് വന്നുപോട്ടെ, ഒരു ജലദോഷവും പനിയുമല്ലെ എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ, വന്നു പോകുന്നതിനൊപ്പം ചിലതൊക്കെ ശരീരത്തിലും ജീവിതത്തിലും അവശേഷിപ്പിച്ചിട്ടേ അതു പോകു. ഇപ്പോള്‍ നടക്കുന്ന പല പഠനങ്ങളും വെളിപ്പെടുത്തുന്നത് ഇതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സിംഗപ്പൂരില്‍ ആരോഗ്യമേഖലയില്‍ നടന്ന പഠനം. അടുത്തിടെ അമ്പതു വയസിനു താഴെയുള്ള പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ 18 പേര്‍ക്കാണ് സ്‌ട്രോക്ക് കണ്ടെത്തിയത്.

ഈ പ്രായത്തിലുള്ളവരില്‍ സ്‌ട്രോക്ക് വര്‍ധിക്കുന്നതിലെ അസ്വഭാവികത മനസിലാക്കി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ഇതിന്റെ കാരണം കണ്ടെത്തി. കോവിഡ് ഭേദമായി വൈറസ് അപ്രത്യക്ഷമായവരിലാണ് സ്‌ട്രോക്ക് വന്നത്. പെട്ടെന്നുള്ള മരണം, ഹാര്‍ട്ട് അറ്റാക്ക്, രക്തം കട്ടപിടിക്കല്‍, വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും എന്നിങ്ങനെ കൊറോണ വൈറസ് അപ്രത്യക്ഷമായിട്ടും വിട്ടുമാറാതെ രോഗങ്ങളാണ് പലര്‍ക്കും. ഇത് ഗുരുതരമായ ലക്ഷണങ്ങളോടെ വൈറസ് ബാധിച്ചവരെയാണെന്നു കരുതേണ്ട. ചെറിയ ലക്ഷണങ്ങള്‍ വന്ന് ആശുപത്രിയില്‍ പോകാതെ രോഗം ഭേദമായവര്‍ക്കും സ്ഥിതി ഇതുതന്നെയായിരുന്നു. വൈറസ്ബാധ ഉണ്ടായതും അപ്രത്യക്ഷമായതും അറിയാതിരുന്നവരെയെല്ലാം കോവിഡാനന്തര രോഗങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സങ്കീര്‍ണംതന്നെ

പലപ്പോഴും കേള്‍ക്കുന്നതുപോലെ കോവിഡ് 'വന്നു പോകുകയല്ല'' ചെയ്യുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി പത്തു ദിവസത്തിനുള്ളില്‍ ശരീരത്തില്‍നിന്നു വൈറസുകള്‍ അപ്രത്യക്ഷമാകും. പിന്നീട് ചത്ത വൈറസിന്റെ കണങ്ങള്‍ മാത്രമേ ശരീരത്തിലുണ്ടാകു. ഇതിനെ ശരീരംതന്നെ കാലക്രമേണ പുറന്തള്ളും. മിക്കവര്‍ക്കും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാവുകയുമില്ല.

എന്നാല്‍ ഇവരില്‍ ചിലര്‍ക്ക് കുറേ നാളത്തേയ്ക്ക് ശ്വാസകോശം, നാഡീവ്യൂഹം എന്നിങ്ങനെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് പത്തു ദിവസം കൊണ്ട് എല്ലാവര്‍ക്കും കോവിഡ് 'വന്നു പോയി' എന്നു പറയാനാവില്ല.

സാധാരണ ജലദോഷമുണ്ടാക്കുന്ന റൈനോ വൈറസ്, അഡിനോ വൈറസ് എന്നിവയെപ്പോലെയല്ല കൊറോണ വൈറസ്. അത്തരം വൈറസുകള്‍ മൂക്കിന്റെ ഭാഗത്തു മാത്രമേ ബാധിക്കുകയുള്ളു. അവ മൂക്കടപ്പ്, തൊണ്ട വേദന, തുമ്മല്‍ എന്നിവയൊക്കെയെ ഉണ്ടാക്കു. എന്നാല്‍ കോവിഡ്, ശരീരത്തിലെ അനേകം അവയവങ്ങളെ ബാധിക്കാവുന്ന രോഗമാണ്. ശ്വാസകോശം, നാഡീവ്യൂഹം, ഹൃദയം എന്നിവയെയൊക്കെ ബാധിക്കാം.

ഈ അവയവങ്ങളൊക്കെ പൂര്‍വസ്ഥിതിയിലാകാനും സമയമെടുക്കും. അതുകൊണ്ടാണ് വൈറസ് ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമായതിനുശേഷവും ചില രോഗികള്‍ക്ക് ഹൃദയസ്തംഭനം, രക്തം കട്ടപിടിക്കല്‍, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. വൈറസ് ഇല്ലാതായതിനു ശേഷം ദീര്‍ഘ കാലം രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിന് പൊതുവെ ലോംഗ് കോവിഡ് എന്നാണ് പറയുന്നത്. ചെറുപ്പക്കാരാണ് ഇതില്‍ അധികവും.

പനി, ശരീര വേദന എന്നിവയുള്ളപ്പോഴാണല്ലോ ആളുകള്‍ പൊതുവേ കോവിഡ് ടെസ്റ്റ് ചെയ്യുന്നത്. എന്നാല്‍, ഇത്തരം ലക്ഷണങ്ങളൊന്നും ഇല്ലാതെതന്നെ പല ആളുകള്‍ക്കും രോഗം വന്നുപോകുന്നുണ്ട്. വാസ്തവത്തില്‍ 40 ശതമാനം പേരില്‍ കോവിഡ് രോഗം ലക്ഷണങ്ങള്‍ ഇല്ലാതെയാണ് വരുന്നത്. ഇവരിലും പിന്നീട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.

കോവിഡനന്തര സങ്കീര്‍ണരോഗങ്ങള്‍

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനങ്ങളില്‍ രോഗികളില്‍ നിന്നു വൈറസ് അപ്രത്യക്ഷമായ ശേഷവും (അതു ഗുരുതരമായ രോഗം ബാധിച്ചവരായാലും അല്ലാത്തവരായാലും) ആറുമാസത്തിനുള്ളില്‍ മരണ സാധ്യത കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ വൈറസ് അപ്രത്യക്ഷമായവരില്‍ ആറുമാസത്തിനുള്ളിലുള്ള മരണ നിരക്ക് 1000 രോഗികളില്‍ 29 പേരെന്നതാണ്. ആറുമാസം എന്നത് ഒരു കണക്ക് മാത്രമാണ്. അതിനുശേഷവും മരണം സംഭവിക്കാം. ഇങ്ങനെയുള്ളവരില്‍ പകര്‍ച്ചവ്യാധിക്കു മുമ്പുള്ള മരണനിരക്ക് 1,000 രോഗികളില്‍ എട്ടു പേരാണ്.


രോഗങ്ങള്‍ എന്തൊക്കെ?

പെെട്ടന്ന് എണ്ണിതീര്‍ക്കാവുന്ന രോഗങ്ങളല്ല കോവിഡ് മനുഷ്യന് സമ്മാനിക്കുന്നത്. അസ്വാസ്ഥ്യം, ക്ഷീണം, വിളര്‍ച്ച എന്നിവയൊക്കെ വൈറസ് അപ്രത്യക്ഷമായാലും രോഗികള്‍ക്കുണ്ടാകും. അതിനു പുറമെ രോഗം ബാധിക്കുന്ന ശരീരഭാഗങ്ങളും അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഇവയൊക്കെയാണ്:

ശ്വസന വ്യവസ്ഥ
സ്ഥിരമായ ചുമ, ശ്വാസംമുട്ടല്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു.

നാഡീവ്യൂഹം
ഹൃദയാഘാതം, തലവേദന, ഓര്‍മ തകരാറ്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള പ്രശ്‌നങ്ങള്‍

മാനസികാരോഗ്യം
ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്

മെറ്റബോളിസം (ശരീരത്തിന്റെ പ്രവര്‍ത്തനം)
പുതിയ തരം പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്റ്ററോള്‍ എന്നിവയുടെ തുടക്കം.

ഹൃദയ സംബന്ധം
രക്തധമനികളെ ബാധിക്കുന്ന ഗുരുതര രോഗം (അക്യൂട്ട് കൊറോണറി ഡിസീസ്), ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയ മിടിപ്പ്

ദഹന വ്യവസ്ഥ
മലബന്ധം, വയറിളക്കം, ആസിഡ് റിഫ്‌ളക്‌സ്

വൃക്ക
ഡയാലിസിസ് ആവശ്യമായേക്കാവുന്ന രീതിയില്‍ വൃക്കയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത വൃക്കരോഗം.

രക്തം
കാലുകളിലും ശ്വാസകോശത്തിലും രക്തം കട്ടപിടിക്കുന്നു.

ചര്‍മം
പാടുകള്‍, മുടികൊഴിച്ചില്‍

പേശീ വ്യവസ്ഥ
സന്ധി വേദനയും പേശികള്‍ക്ക് ബലഹീനതയും

എല്ലാവരെയും ഈ പ്രശ്‌നങ്ങളെല്ലാം ബാധിക്കാറില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളില്‍ ചിലതെല്ലാം രോഗം ഭേദമായവരെ അലട്ടുന്നുണ്ട്.

രോഗം വരാതെ സൂക്ഷിക്കുക, രോഗം പകരാവുന്ന അകത്തളങ്ങളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കുക, വാക്‌സിന്‍ എടുക്കുക ഇതു മാത്രമാണ് ഇവയ്ക്കുള്ള പരിഹാരം.

നൊമിനിറ്റ ജോസ്
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. രാജീവ് ജയദേവന്‍
വൈസ് ചെയര്‍മാന്‍ ഐഎംഎ, കേരള സ്റ്റേറ്റ് ബ്രാഞ്ച് റിസര്‍ച്ച് സെല്‍.