ബംഗളൂരു: രാജ്യത്ത് ഒരു ലക്ഷത്തിലധികം ചാർജിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കാനൊരുങ്ങി ഒല ഇലക്ട്രിക്. റൈഡ് ഷെയറിംഗ് കന്പനിയായ ഒലയുടെ വൈദ്യുതി വാഹന വിഭാഗമാണ് ഒല ഇലക്ട്രിക്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 400 നഗരങ്ങളിലായി ചാർജിംഗ് കേന്ദ്രങ്ങൾ നിർമിക്കാനാണു കന്പനിയുടെ പദ്ധതി.
ഹൈപ്പർ ചാർജിംഗ് നെറ്റ്വർക്ക് എന്നാണ് ഈ ശൃംഖലയുടെ പേര്. പദ്ധതി നടപ്പായാൽ ലോകത്തിലെ ഏറ്റവും വലിയ ചാർജിംഗ് ശൃംഖലയാകും ഇത്. ഈ ധനകാര്യവർഷത്തിൽ 5000 ചാർജിംഗ് കേന്ദ്രങ്ങൾ നിർമിക്കും. ജൂലൈയിൽ ഒല ഇലക്ട്രിക്കിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ പുറത്തിറക്കുന്നതിനു മുന്നോടിയായും ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കന്പനി അറിയിച്ചു.
ഈ സ്കൂട്ടറുകൾ 18 മിനിറ്റുകൊണ്ട് അന്പത് ശതമാനം ചാർജ് കൈവരിക്കും. ഇത് 75 കിലോമീറ്റർ ദൂരം പിന്നിടാൻ പര്യാപ്തമാണ്. ബാറ്ററി ഫുൾ ചാർജിൽ എത്താൻ ഒരു മണിക്കൂറിൽ താഴെ സമയം മതിയാകുമെന്നും കന്പനി അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ചാർജിംഗ് ശൃംഖലയൊരുക്കാൻ ഒല
02:33 PM Apr 28, 2021 | Deepika.com