ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം

05:27 PM Mar 20, 2021 | Deepika.com
മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും വലുതുമായ അവയവങ്ങളില്‍ ഒന്നാണു ചര്‍മം. ശരീരത്തിന്‍റെ പ്രതലത്തെ മുഴുവന്‍ ആവരണം ചെയ്യുന്നതും അവയവങ്ങളെ സംരക്ഷിക്കുന്നതും ചര്‍മമാണ്. നഖം, മുടി എന്നിവ ചര്‍മത്തിന്‍റെ അനുബന്ധമാണ്. ശരീരത്തിന്റെ താപനില ക്രമീകരിക്കുക, മാലിന്യങ്ങള്‍ പുറന്തള്ളുക, വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുക എന്നിവയാണു ചര്‍മത്തിന്‍റെ പ്രധാന ചുമതലകള്‍. ഇതിനെല്ലാം ആരോഗ്യമുള്ള ചര്‍മം ആവശ്യമാണ്.

ചര്‍മസംരക്ഷണം കുട്ടിക്കാലത്തുതന്നെ ആരംഭിക്കണം. ശരിയായ അന്തരീക്ഷം ആരോഗ്യമുള്ള ചര്‍മത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ചര്‍മം തീര്‍ത്തും വ്യത്യസ്തമായതിനാല്‍ ചര്‍മപരിചരണവും തികച്ചും വ്യത്യസ്തമായിരിക്കും. ചര്‍മത്തിന്റെ പിഎച്ച് മ്യൂല്യമാണ് (Potential Hydrogen Value) ചര്‍മം ആസിഡോ ആല്‍ക്കലൈനോ എന്ന് നിര്‍ണയിക്കുന്നത്. ഇതിന് അനുസൃതമായ സോപ്പ് ഉപയോഗിക്കുന്നത് ചര്‍മസംരക്ഷണത്തില്‍ അതിപ്രധാനമാണ്.

കാലാവസ്ഥാ വ്യതിയാനം

നമുക്ക് വേനല്‍, മഴ, മഞ്ഞ് എന്നിങ്ങനെ വ്യത്യസ്തമായ കാലങ്ങളാണുളളത്. ഓരോ കാലത്തിനും അനുയോജ്യമായതും വ്യത്യസ്തവുമായ സമീപനമുണ്ടെങ്കിലേ ചര്‍മം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിയുകയുളളൂ. ചര്‍മം ശരീരത്തിനു പുറത്തുള്ള ആവരണമായതിനാല്‍ ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള അണുബാധയും ചര്‍മത്തിന് ഏല്‍ക്കാനിടയുണ്ട്. ഒരു വ്യക്തിയുടെ ശരീരവര്‍ണവും (Complexion) വ്യക്തിത്വവും (Personality) ചര്‍മത്തിന്‍റെ ആരോഗ്യകരമായ നിലയെ ആശ്രയിച്ചിരിക്കുന്നു. അനുയോജ്യമായ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് അമ്മ നല്‍കുന്ന പരിചരണം കുട്ടികളുടെ ചര്‍മസംരക്ഷണത്തില്‍ അതിപ്രധാനമാണ്.

കൗമാരയൗവന കാലഘട്ടം

കൗമാര യൗവന കാലഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ അവര്‍ ചര്‍മത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകും. ശരീരകാന്തിയും നിറവും വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരസ്യങ്ങളില്‍ കാണുന്ന നിരവധി ഉത്പന്നങ്ങള്‍ അവര്‍ ഉപയോഗിക്കാനിടയുണ്ട്. അണിഞ്ഞൊരുങ്ങുന്നതിനു പലതരം സൗന്ദര്യവര്‍ധകവസ്തുക്കളും തലമുടിയില്‍ പലതരം എണ്ണകളും ശരീര മുഖ കാന്തി വര്‍ധിപ്പിക്കുന്നതിന് ബ്യൂട്ടിപാര്‍ലറുകളില്‍ ലഭ്യമായ പലതരം നടപടിക്രമങ്ങളും അവര്‍ പരീക്ഷിച്ചേക്കാം. അനാവശ്യമായ ലേപനങ്ങള്‍ മുഖത്ത് പുരട്ടുന്നതുവഴി മുഖക്കുരുവും കറുത്ത പാടുകളും വന്ന് മുഖം വികൃതമാകാനും സാധ്യതയുണ്ട്. കുട്ടികളില്‍ ചര്‍മവീക്കം ഒരു പ്രധാന പ്രശ്‌നമാണ്. കൃത്യമായ ചികിത്സ തേടാതെ തെറ്റായ ഉപദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ കുട്ടിയുടെ ആരോഗ്യത്തെതന്നെ ഇത് സാരമായി ബാധിച്ചേക്കാം.



പരസ്യങ്ങള്‍ വില്ലനാകും

യൗവനത്തില്‍ പ്രധാന പ്രശ്‌നം മുഖക്കുരുവാണ്. ഒരു ത്വക് രോഗവിദഗ്ധനെക്കണ്ട് കൃത്യമായ ചികിത്സ തേടുക മാത്രമാണ് പരിഹാരം. പരസ്യങ്ങളില്‍ കാണുന്ന നിരവധി ഉത്പന്നങ്ങളില്‍ ആകൃഷ്ടരായി അവ ഉപയോഗിക്കുന്നത് ചര്‍മത്തിനു വളരെയേറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മുതിര്‍ന്നവരിലാകട്ടെ ചര്‍മം വരണ്ടുപോകാന്‍ സാധ്യത കൂടുതലായതിനാല്‍ തത്ഫലമായുണ്ടാകുന്ന ചൊറിച്ചിലും ഉറക്കക്കുറവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടികളില്‍ ചര്‍മത്തിലൂടെ ഉണ്ടാകുന്ന അണുബാധ (Secondary Infection) തടയുക എന്നതാണ് നിര്‍ണായകമായിട്ടുള്ളത്. യുവജനങ്ങളില്‍ മുഖക്കുരു തടയുന്നതുപോലെ പ്രധാനമാണ് ശരിയായ ഭക്ഷണജീവിതക്രമങ്ങളിലൂടെ മെറ്റബോളിക് സിന്‍ഡ്രം തടയുന്നതും.(പ്രമേഹം, പൊണ്ണത്തടി, തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം, സ്ത്രീകളില്‍ മാസമുറയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിങ്ങനെയുള്ള പരിണാമപരമായ വ്യതിയാനങ്ങളെയാണ് മെറ്റബോളിക് സിന്‍ഡ്രം എന്നുപറയുന്നത്).

ഇതു ശ്രദ്ധിക്കാം

കൃത്യമായ വ്യായാമം ചെയ്യുന്നതും ശുദ്ധജലം ധാരാളമായി കുടിക്കുന്നതും ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ഡിയുടെ ഗണ്യമായ കുറവ് ഇക്കാലത്ത് കാണപ്പെടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. കോവിഡ് മഹാമാരി മൂലം ജനം അകത്ത് അടച്ചിരിക്കാന്‍ തുടങ്ങിയതോടെ സൂര്യപ്രകാശമേല്‍ക്കുന്നത് കാര്യമായി കുറഞ്ഞു. ഓരോ വ്യക്തിക്കും അവരവരുടെ പ്രായവും ശാരീരിക പ്രത്യേകതകളും അനുസരിച്ചുള്ള സമീപനമാണ് ചര്‍മസംരക്ഷണത്തില്‍ ആവശ്യമായിരിക്കുന്നത്.

ശരിയായ ഭക്ഷണക്രമം പാലിക്കുക, ഉചിതമായ വ്യായാമങ്ങള്‍ ചെയ്യുക, ധാരാളം ശുദ്ധജലം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക എന്നിവയൊക്കെ ചര്‍മത്തിന്‍റെ ആരോഗ്യപാലനത്തില്‍ അതീവപ്രാധാന്യമുളളതാണ്.

വ്യക്തിശുചിത്വം പാലിക്കാം

വരട്ടുചൊറി, തലയിലെ പേന്‍, കുഷ്ഠരോഗം, ലൈംഗികരോഗങ്ങള്‍ എന്നിവയെല്ലാം വ്യക്തശുചിത്വം പാലിക്കുന്നതിലൂടെയും ബോധവത്കരണം നല്‍കുന്നതിലൂടെയും നിയന്ത്രിക്കാം.

ഡോ.സോമന്‍ പീറ്റര്‍
വകുപ്പ് മേധാവി, കണ്‍സള്‍ട്ടന്‍റ് ഡെര്‍മറ്റോളജിസ്റ്റ്
ലിസി ഹോസ്പിറ്റല്‍, എറണാകുളം