കേരളത്തില്‍ ഒരു പക്ഷെ എല്ലാ സ്ഥലത്തും അറിയപ്പെടാത്ത ഒന്നാണ് പൊരിച്ചീര. ഇതിന്റെ അരിയില്‍ ധാരാളം പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്(ചീരയരി) വറുത്ത് എള്ളുണ്ട പോലത്തെ ഉണ്ടയാക്കാം. ആദിവാസി സമൂഹങ്ങളിലെ ഇഷ്ടവിഭവമാണ് ചീരയരിയുണ്ട. ഇങ്ങനെ വറുത്തെടുക്കുന്നതു കൊണ്ടാകാം പൊരിച്ചീര എന്നു പേരുവന്നത്.
വളരെയേറെ ഔഷധഗുണമുള്ള ഒരു ഇലച്ചെടിയാണിത്. മറ്റു ചീരകളെപ്പോലെ പോഷക ഗുണവും രുചിയുമുള്ള ഈ ചീര ‘Amaranthaceae’കുടുംബത്തില്‍പ്പെട്ടതാണ്. വളരെ ഉയരത്തില്‍ വളരുന്ന പൊരിച്ചീര പുരാതന കാലം മുതലേ ആദിവാസി സമൂഹങ്ങൾ കൃഷി ചെയ്യുന്നു. തണുപ്പിഷ്ടപ്പെടുന്ന ഈ ചീര, മലയോര മേഖലകളിലാണു കൂടുതലായി കാണപ്പെടുന്നത്. ഇടുക്കിയിലെ കട്ടപ്പന, ചപ്പാത്ത്, ആഴംകാല എന്നീ സ്ഥലങ്ങളിലും അട്ടപ്പാടിയിലും അഗളിയിലും കണ്ടുവരുന്നു.
സാധാരണ ചീരപോലെ നട്ടുപിടിപ്പിക്കാം. കൃഷി ചെയ്യാം. ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും. ഉയരം വയ്ക്കുന്നതില്‍ ഒന്നാമനാണ്. ഏതാണ്ട് പത്തടിയോളം ഉയരം വരും. വളരുന്നതനുസരിച്ച് മറിഞ്ഞു വീഴാതിരിക്കാന്‍ താങ്ങു കൊടുക്കണം. മറ്റു ചീരകള്‍ നടുന്നതു പോലെ വിത്തുപാകി കിളിർപ്പിച്ചു നടാവുന്നതാണ്. ജൈവവളങ്ങളിട്ട്, പാകി കിളിര്‍ത്തതിനുശേഷം പറിച്ചു നടുന്നതാണുത്തമം. അര മീറ്റര്‍ അകലം കൊടുത്തു വേണം നടാന്‍.
സുരേഷ്കുമാര്‍ കളര്‍കോട്
9447468077.
പൊരിച്ചീര പൊളിയാ!
04:04 PM Sep 28, 2020 | Deepika.com