+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും

പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സുന്ദരിയാകുമ്പോള്‍ മനുഷ്യനുള്‍പ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കു ജീവന
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സുന്ദരിയാകുമ്പോള്‍ മനുഷ്യനുള്‍പ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കു ജീവന്റെ നിലനില്‍പ്പിനായി കരുതല്‍ ഭക്ഷണത്തിന്റെ കെട്ടഴിക്കേണ്ടിവരുന്നു. എന്നാല്‍ ഈ കര്‍ക്കടകത്തില്‍ കോവിഡും ഒപ്പമുണ്ട്.

പണ്ടുകാലത്തു ചക്ക, മാങ്ങ തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് കര്‍ക്കടകത്തിലേക്കായിരുന്നു. മടിയുടെ പുതപ്പു മൂടുന്ന കാലഘട്ടത്തില്‍ മനസിനും ശരീര ത്തിനും ഉണര്‍വേകാന്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, എണ്ണതേച്ചുകുളി, ആയുര്‍വേദ ചികിത്സകള്‍ എന്നിങ്ങനെ പലതും ശീലിച്ചു പോന്നു.

മാറിയ കാലഘത്തില്‍ കരുതല്‍ ഭക്ഷണശേഖരങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഇന്ന് കര്‍ക്കടകത്തിനൊപ്പം കോവിഡിനെയും കൂടി പ്രതിരോധിക്കണം. അന്ന് പഞ്ഞക്കര്‍ക്കടകം എന്ന് വിശേഷിപ്പിച്ചിരുന്ന ഈ മാസത്തെ എങ്ങനെ തള്ളി നീക്കും എന്ന ചിന്ത പലരെയും അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇന്ന് ഈ കോവിഡ് കാലഘട്ടത്തില്‍ കര്‍ക്കടകത്തിനൊപ്പം വൈറസിനെയും നമുക്ക് നേരിടണം.

അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങള്‍ പൊതുവേ പുതപ്പിനുള്ളില്‍ മൂടിക്കിടക്കാന്‍ മനസിനെ പ്രേരിപ്പിക്കും. മനസിന്റെ ഈ ഉത്സാഹക്കുറവ് ശരീരത്തെയും ബാധിക്കും. മടിപിടിച്ച മനസും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാണ്. ദഹനവും രക്തചംക്രമണവും കുറയുന്നത് കാരണം വാതസം ബന്ധമായ രോഗങ്ങളും ഏറിവരുന്നു. നല്ല ആഹാര ക്രമീകരണവും വ്യായാമവും കര്‍ക്കടകത്തിലെ ആലസ്യം അകറ്റി ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. ഒപ്പം കോവിഡിന്റെ പ്രതിരോധത്തിനും നമുക്ക് സഹായകമാകും

ഭക്ഷണം ശ്രദ്ധയോടെ

എളുപ്പം ദഹിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് കര്‍ക്കടകത്തില്‍ തെരഞ്ഞെടുക്കേണ്ടത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, മുഴു ധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കാം.

തക്കാളി, വെള്ളരിക്ക, മത്തന്‍, കുമ്പളം, ബീറ്റ്‌റൂട്ട്, ഇഞ്ചി വെളുത്തുള്ളി, പപ്പായ, അവക്കാഡോ, കിവി, അത്തിപ്പഴം, വാഴപ്പഴം, ഉലുവ, ചണപയര്‍, ചിയാവിത്തുകള്‍, ചണവിത്തുകള്‍, മുളപ്പിച്ച ചെറുപയര്‍, മുതിര, ചമ്പാവരി, കുപ്പച്ചീര, തഴുതാമ, കറിവേപ്പില, പുതിന തുടങ്ങിയവ ഉത്തമമാണ്. പ്രോബയോട്ടിക്‌സ് ആയ തൈര് ഉപയോഗിക്കാം. മല്‍സ്യ മാംസാദികള്‍ ഈ കാലയളവില്‍ മിതമായി ഉപയോഗിക്കുക. ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ സഹായിക്കും.

മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. മലബന്ധമുണ്ടായാല്‍ അതേത്തുടര്‍ന്ന് മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളമായി കഴിക്കാം. ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതും ഒഴിവാക്കുന്നതാണ് നല്ലത്.

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ ദഹനപ്രശ്‌നങ്ങള്‍ കുറയും. രാത്രിയില്‍ മിതമായതും കൊഴുപ്പില്ലാത്തതും എളുപ്പം ദഹിക്കുന്നവയും വേണം തിരഞ്ഞെടുക്കാന്‍.

പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ കൃത്യമായും ആഹാര ക്രമീകരണം ശ്രദ്ധിക്കണം. ഒപ്പം കോവിഡ് മാത്രമല്ല മറ്റു വൈറസുകളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് സാധിക്കാനായി നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കൂടി ദിനം പ്രതി ഉപയോഗിക്കാം. മുഴു ധാന്യങ്ങളിലെ തവിടില്‍ ഉള്ള സിങ്ക്, ബി വിറ്റാമിനുകള്‍, സെലിനിയം, കോപ്പര്‍ തുടങ്ങിയവ പ്രധിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.


മുളപ്പിച്ച പയര്‍പരിപ്പു വര്‍ഗങ്ങള്‍ നമ്മുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ജീവകം സി, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നിത്യേന ഭക്ഷണ ത്തില്‍ ഉള്‍പ്പെടുത്തണം. ജലാംശം അധികമുള്ള ഫലവര്‍ഗങ്ങള്‍ ഉത്തമം

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി എന്നിവ സാധാരണ അളവില്‍ കറികളില്‍ ചേര്‍ത്തുപയോഗിക്കാം. ദിവസേന മൂന്ന് ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

മധുരം, എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങള്‍ എന്നിവ നിയന്ത്രിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ദിവസേന ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. മാംസ്യം അനിവാര്യമായ ഘടകമാണ്. ആയതിനാല്‍ പയര്‍ പരിപ്പ് വര്‍ഗങ്ങള്‍, മുട്ട, മത്സ്യം തുടങ്ങിവയും ഉപയോഗിക്കാം (മത്സ്യ മാംസാദികളും മുട്ടയും നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക).

എച്ച്ഡിഎല്‍ കൊളസ്റ്ററോളിന്റെ വര്‍ധനവിനൊപ്പം ജീവകം ഇ, സെലീനിയം, മഗ്‌നീഷ്യം തുടങ്ങിയവ പ്രധാനം ചെയ്യുന്ന നട്‌സ് ഒരുപിടി ദിവസേന ഉപയോഗിക്കാം (വിവിധ താരം നട്‌സ്‌കളുടെ മിശ്രിതമായാല്‍ ഉത്തമം). ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ഉറക്കം

കൂടുതല്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്ന കാലമാണെങ്കില്‍ കൂടി നേരത്തെ ഉണര്‍ന്നു രാത്രിയില്‍ നേരത്തെ ഉറങ്ങാന്‍ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കണം. എട്ടുമണിക്കൂര്‍ ഉറക്കം ശീലമാക്കുക.

വ്യായാമം

മഴയും തണുപ്പും കോവിഡും പലരേയും രാവിലെ നടത്തം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാക്കും. വീടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമ മുറകള്‍ ശീലിക്കുന്നത് ഉത്തമമാണ്. ശരീരത്തിന് അയവു ലഭിക്കാനും കര്‍ക്കടകത്തിന്റെ ആലസ്യത്തെ അകറ്റാനും യോഗ ശീലിക്കുന്നതും നല്ലതാണ്. ദീര്‍ഘശ്വസനം, നാഡീശുദ്ധി പ്രാണായാമം തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉള്‍പ്പെടുത്താം.

ശുചിത്വം

അന്തരീക്ഷത്തില്‍ തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താലും ജലജന്യരോഗങ്ങള്‍ക്കും മറ്റു രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. അതിനാല്‍ പരിസരശുചിത്വവും വ്യക്തിശുചിത്വവും അനിവാര്യമാണ്. ദിവസേന രണ്ടുനേരം കുളി, കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കല്‍, വീടും പരിസരവും മാലിന്യ മുക്തമാക്കല്‍ എന്നിവ നിര്‍ബന്ധമായും ചെയ്യണം. കൃത്യമായ ആഹാര ക്രമീകരണം, വ്യായാമം എന്നിവയിലൂടെ കള്ളക്കര്‍ക്കടകത്തെ വരുതിയിലാക്കാം.



ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്, ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍.