+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നമ്മുടെ വയറാണ് മറക്കരുതേ...

ബലൂണ്‍ പോലെ വീര്‍ത്ത വയറും, കുറേയധികം രോഗങ്ങളും ഇന്നത്തെ തലമുറയുടെ സമ്പാദ്യമാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഒപ്പം ഭാവിക്കായുള്ള നെട്ടോട്ടവും അതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദവ
നമ്മുടെ വയറാണ് മറക്കരുതേ...
ബലൂണ്‍ പോലെ വീര്‍ത്ത വയറും, കുറേയധികം രോഗങ്ങളും ഇന്നത്തെ തലമുറയുടെ സമ്പാദ്യമാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഒപ്പം ഭാവിക്കായുള്ള നെട്ടോട്ടവും അതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും ഒക്കെ ഇതിനു കാരണങ്ങളാകാം.

ലോകജനസംഖ്യയില്‍ ഏതാണ്ട് മൂന്നിലൊന്നാളുകള്‍ക്കും ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ടെന്നാണു കണക്ക്. വയറുവീര്‍പ്പ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന, മലബന്ധം, വയറിളക്കം, വിരശല്യം തുടങ്ങിയ അസ്വസ്ഥതകള്‍ ഉദരരോഗവുമായി ബന്ധപ്പെട്ട് വന്നേക്കാം. കൂടാതെ വയറ്റിലെ അള്‍സര്‍, ഉയര്‍ന്ന അമ്ലത്വം, മരുന്നുകളുടെ അമിതമായ ഉപയോഗം, കട്ടിയുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ ഉദരരോഗങ്ങള്‍ക്ക് കാരണമായേക്കാം.

ഉദരരോഗങ്ങളും ഭക്ഷണക്രമവും

പുളിച്ചുതികട്ടല്‍

പുളിച്ചുതികട്ടല്‍ പ്രശ്‌നമുള്ള രോഗികള്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. എരിവ്, പുളി, മസാല ഇവ ചേര്‍ന്ന ആഹാരം ഒഴിവാക്കുക. ഒന്നിച്ചുള്ള ഭക്ഷണം ഒഴിവാക്കി ഇടയ്ക്കിടക്ക് കുറേശേ കഴിക്കണം. രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.

ഗ്യാസ്ട്രബിള്‍

ആഹാരരീതി, ആഹാരസമയത്തിലെ കൃത്യതയില്ലായ്മ, ആഹാരം കഴിക്കാതിരിക്കുന്നത് ഇവയെല്ലാം ഗ്യാസ്ട്രബിളിനു കാരണമാകാം. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ആഹാരം ഒഴിവാക്കണം. ഇവ വിഘടിച്ചാല്‍ ലഭിക്കുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന ഗ്യാസും വെള്ളവുമാണ്. ഉദാ. കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, പയര്‍, മരച്ചീനി എന്നിവ. ദഹിക്കാത്ത ആഹാരം വന്‍കുടലിലെത്തി അവയെ ബാക്ടീരീയ വിഘടിപ്പിക്കുമ്പോഴും കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉണ്ടാകുന്നു. ദഹനമില്ലായ്മ മാത്രമല്ല കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും ഗ്യാസ്ട്രബിളിന്റെ കാരണങ്ങളുമാകാം. ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗ്യാസ്ട്രബിള്‍ സ്ഥിരമായി അനുഭവപ്പെടുന്നവര്‍ മറ്റ് അനുബന്ധ കാര്യ കാരണങ്ങള്‍ കണ്ടെത്താനായി വിദഗ്ധ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

അള്‍സര്‍

ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന ആസിഡുകള്‍ ദോഷകരമായി മാറി ആമാശയത്തിലും കുടല്‍ ഭിത്തികളിലും ഉണ്ടാക്കുന്ന വ്രണങ്ങളാണ് അള്‍സര്‍. രോഗം ബാധിക്കുന്ന സ്ഥലം അനുസരിച്ച് പെപ്റ്റിക് അള്‍സര്‍, ഗാസ്ട്രിക് അള്‍സര്‍, ഡ്യുവോഡെനല്‍ അള്‍സര്‍ എന്നിങ്ങനെ വേര്‍തിരിക്കാം. മാനസിക പിരിമുറുക്കം, ജീവിത ശൈലികള്‍, ഭക്ഷണരീതികള്‍ എന്നിവ കൊണ്ടൊക്കെ അള്‍സര്‍ ബാധിച്ചേക്കാം.

കാബേജിന്റെ ഇനത്തില്‍ പെട്ട പച്ചക്കറികള്‍ ധാരാളമായി കഴിക്കുക. ഇത് ജ്യൂസായോ, അല്ലാതെയോ കഴിക്കാം. ഇവയില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് അള്‍സറിനെ തടയാന്‍ സഹായിക്കും. ഫൈബറുകള്‍ ധാരാളമടങ്ങിയ പച്ചക്കറികളും, പഴങ്ങളും കഴിച്ചാല്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും, അള്‍സറുമൂലം കഷ്ടപ്പെടുന്നവര്‍ക്ക് രോഗം കുറയുകയും ചെയ്യും. മസാലകള്‍ ഏറെ ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് അള്‍സര്‍ സംബന്ധിച്ച അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. കാപ്പിയും, സോഡ പോലെയുള്ള പാനീയങ്ങളും ഒഴിവാക്കുക. മദ്യപാനം ഒഴിവാക്കുക.

ഇതു ശ്രദ്ധിക്കാം

ഉദരരോഗങ്ങള്‍ പലതുണ്ട്. അവയ്ക്കു പരിഹാരങ്ങളും പലതുണ്ട്. അവയുടെ പരിണാമം വ്യക്തിനിഷ്ഠമാണു താനും. എന്നിരുന്നാലും ചില പൊതു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉദരരോഗങ്ങളെ ചെറുക്കാന്‍ ഒരു പരിധിവരെ സഹായകമാകും.

* ഭക്ഷണത്തെ മരുന്നാക്കിയാല്‍ മരുന്നിനെ ഭക്ഷണമാക്കുന്നത് നിയന്ത്രിക്കാം
* ക്രമമായി കഴിക്കുക
* ഭക്ഷണസമയത്തില്‍ കൃത്യത പുലര്‍ത്തുക
* നാര് അടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം
* ഉറക്കം ഉറപ്പാക്കുക
* കൂടുതല്‍ വെള്ളം കുടിക്കുക
* വ്യായാമം ശീലമാക്കണം
* രാത്രികാലങ്ങളില്‍ ഭക്ഷണം അമിതമായി കഴിക്കാതിരിക്കുക
* രാത്രിഭക്ഷണം നേരത്തെയാക്കുക
* പ്രാതല്‍ ഒഴിവാക്കരുത്
* പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
* പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ നുട്രീഷനിസ്റ്റ്, ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍