ഒരു ഷൂവിന് എന്തുവില വരും? അടുത്തയിടെ ഒരു മലയാള സിനിമാ നടന്റെ ഷൂവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയായിരുന്നത്രേ അതിന്റെ വില. വിവിധ കന്പനികളുടെ ഷൂവിന് ഏറിയാൽ ഏഴു ലക്ഷം രൂപവരെ വില വരും. അതും പുതിയതും ലിമിറ്റഡ് എഡിഷനുമായ ഷൂവാണെങ്കിൽ മാത്രം. എന്നാൽ കഴിഞ്ഞ ദിവസം നൈക്കിന്റെ ഒരു ഷൂ ലേലത്തിൽ പോയത്. 4,37,500 ഡോളറിനാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം മൂന്നു കോടി രൂപയ്ക്ക്!
47 വർഷം പഴക്കമുള്ള ഷൂവാണിത്. 1972ലാണ് ഈ ഷൂ നിർമിച്ചത്. മൂണ്‍ ഷൂവെന്നാണ് ഇത് അറിയപ്പെടുന്നത്. നൈക്കിന്റെ സ്ഥാപകരിൽ ഒരാളായ ബിൽ ബവർമൻ കൈകൊണ്ട് നിർമ്മിച്ചതാണിത്. ഇത്തരം 12 ജോഡികൾ മാത്രമേ നിർമിച്ചിട്ടുള്ള. 1972ലെ ഒളിന്പിക്സിനായിട്ടാണ് ഇവ നിർമിച്ചത്. കനേഡിയൻ സംരംഭകനും വൻ കാർ ശേഖരത്തിന്റെ ഉടമയുമായ മൈൽസ് നദാലാണ് ഷൂസിന് വില നൽകിയത്.
ഇതിനു മുന്‍പ് ഒരു ജോഡി ഷൂസിന് ലഭിച്ച ഏറ്റവും ഉയർന്ന ലേലത്തുക 2017 ൽ ലഭിച്ച 1,90,373 ഡോളറാണ്. അന്ന് ലേലത്തിൽ വച്ചത് 1984 ഒളിപിംക്സ് ബാസ്കറ്റ് ബോൾ ഫൈനലിൽ മൈക്കൽ ജോർദാൻ അണിഞ്ഞ ഷൂസായിരുന്നു. കാനഡയിലുള്ള നദാലിന്റെ ഡെയർ ടു ഡ്രീം ഓട്ടോമൊബൈൽ മ്യൂസിയത്തിലായിരിക്കും ഇനി ഷൂവിന്റെ സ്ഥാനം.
എസ്ടി
ഒരു ജോഡി ഷൂവിന്റെ വില 3 കോടി രൂപ
02:20 AM Jul 28, 2019 | Deepika.com